- പ്രേം ബൊണവഞ്ചർ
ഭാഗ്യസ്മരണാര്ഹനായ ബിഷപ് ജേക്കബ് അച്ചാരുപറമ്പിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് ദൈവം നൽകിയ സമ്മാനമെന്നു അതിരൂപത മെത്രാപ്പോലീത്ത ഡോ. സൂസപാക്യം. തിരുവനന്തപുരം അതിരൂപത മുൻ മെത്രാൻ ഡോ. ജേക്കബ് അച്ചാരുപറമ്പിലിന്റെ സ്വർഗപ്രവേശനത്തിന്റെ അനുസ്മരണദിനത്തിൽ പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ നടന്ന ദിവ്യബലിമദ്ധ്യേ ആണ് തന്റെ മുൻഗാമിയായ പിതാവിനെ അദ്ദേഹം അനുസ്മരിച്ചത്. സ്നേഹിക്കുക, ശുശ്രൂഷിക്കുക എന്ന തന്റെ ആപ്തവാക്യം ജീവിതത്തിലുടനീളം പാലിച്ച സ്നേഹത്തിന്റെ അവിഭാജ്യഘടകമാണ് ത്യാഗവും കാരുണ്യവുമെന്ന് സ്വജീവിതത്തിലൂടെ നമുക്ക് മനസിലാക്കി തന്ന മഹാത്മാവാണ് ജേക്കബ് പിതാവെന്ന് ആർച്ച്ബിഷപ് സ്മരിച്ചു.
തിരുവനന്തപുരത്തെ ലത്തീൻ സമൂഹത്തിന് ആത്മീയനവീകരണത്തിന്റെ ശക്തിസ്രോതസും ഭൗതികപുരോഗതിയുടെ ചാലകശക്തിയുമായി വർത്തിച്ചു അദ്ദേഹം. പ്രശസ്തനായ ധ്യാനഗുരുവും സാമൂഹ്യപ്രവർത്തകനും സേവനസന്നദ്ധനായ സന്യാസിയുമായിരുന്ന അദ്ദേഹം രൂപതയുടെ ചരിത്രത്തിൽ നിർണായകമായ വഴിത്തിരിവായ വൈദികരുടെ ഒത്തുവാസത്തിന്റെ സംഘാടകനായിരുന്നു. അസീസിയിലെ വി. ഫ്രാൻസിസിനെ അനുകരിച്ചു എളിമയുടെയും ദാരിദ്ര്യത്തിന്റെയും സ്നേഹത്തിന്റെയും അരൂപിയിൽ ജീവിച്ച ജേക്കബ് പിതാവിനെ തന്റെ എല്ലാ മുന്ഗാമികളോടുമൊപ്പം പ്രാർഥനയിൽ ഓർമിക്കുന്നതിനൊപ്പം അവരുടെ മാധ്യസ്ഥവും അപേക്ഷിക്കാറുണ്ട്. രൂപതയെ അതിയായി സ്‌നേഹിച്ച, വിശുദ്ധീകരണത്തിനായി നിരവധി ത്യാഗങ്ങൾ സഹിച്ച തന്റെ മുൻഗാമികളായ പിതാക്കന്മാർക്ക് മറ്റു വിശുദ്ധരെക്കാൾ കൂടുതലായി അജപാലന ശുശ്രൂഷയിൽ നമ്മെ സഹായിക്കുവാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം ഓർമിപ്പിച്ചു.
1972 മുതൽ 1991 വരെ തിരുവനന്തപുരം രൂപതയെ നയിച്ച ഡോ. ജേക്കബ് അച്ചാരുപറമ്പിൽ 70വർഷത്തോളം പൗരോഹിത്യജീവിതം നയിച്ച വ്യക്തിയാണ്. കപ്പൂച്ചിൻ സഭാംഗമായ അദ്ദേഹം കോട്ടഗിരി, തിരുച്ചിറപ്പള്ളി, കൊല്ലം തില്ലേരി ആശ്രമങ്ങളിൽ സേവനം ചെയ്തു. കുർബാനയ്ക്കു മുൻപും ശേഷവും കുമ്പസാരക്കൂട്ടിൽ ചിലവഴിക്കുമായിരുന്ന അദ്ദേഹം വലിയതുറ വില്ലാ പാദുവ ആശ്രമത്തിൽ നേതൃത്വം നൽകിയ സേവനപ്രവർത്തനങ്ങൾ രൂപതാതലത്തിലും ശ്രദ്ധനേടി. മെത്രാനായിരിക്കെ രൂപതയിലേക്ക് നിരവധി സന്യാസസമൂഹങ്ങളെ ക്ഷണിക്കുകയും ആനിമേഷൻ സെന്ററും, ബിഷപ് പെരേര ഹാളും, ജൂബിലി ആശുപത്രിയും എന്നിവ സ്‌ഥാപിക്കുകയും ചെയ്തു. അൽമായർക്കും യുവജനങ്ങൾക്കും മുൻഗണന നൽകുകയും സേവനപ്രവർത്തനങ്ങളിൽ മാതൃകയാകുകയും ചെയ്ത അഭിവന്ദ്യ പിതാവിന്റെ അന്ത്യം 1995 ഓഗസ്റ്റ് 13നായിരുന്നു.
ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, പാളയം ഫൊറോനാ വികാരി. മോൺ. നിക്കോളാസ് ടി., പാളയം ഇടവക സഹവികാരി റവ. ഫാ. ഡാനിയേൽ ആർ. എന്നിവർ സന്നിഹിതരായിരുന്നു. ദിവ്യബലിക്ക് ശേഷം ദേവാലയത്തിലെ കബറിടത്തിൽ അനുസ്മരണപ്രാർഥനയും നടന്നു. അഭിവന്ദ്യ മെത്രാന്റെ അനുസ്മരണം അതിരൂപത മീഡിയ കമ്മീഷന്റെ സഹായത്തോടെ വിവിധ സമൂഹമാധ്യമങ്ങൾ വഴി സംപ്രേക്ഷണം ചെയ്തു.