തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖ ത്തിന്റെ സാമൂഹ്യ-പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. തുറമുഖ നിര്‍മ്മാണം മൂലമുണ്ടായ വീടും തീരവും തൊഴിലും നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി 128 മത്സ്യത്തൊഴിലാളികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്. എം.ഡി. കുടാലെ അധ്യക്ഷനായ നാലംഗ സമിതിയുടെ പഠനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
എം.ഡി. കുടാലെ അദാനി പോര്‍ട്ടിന് അനുകൂലമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. കേരള സര്‍ക്കാര്‍ ഒരു സ്വതന്ത്ര സമിതിയെ ചുമതലപ്പെടുത്തി ശാസ്ത്രീയമായ സാമൂഹ്യ-പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എം.ഡി. കുടാലെയും അംഗമായ ഡോ. പി.വി. ചന്ദ്രമോഹനും നേരത്തെ അദാനി കമ്പനിയുടെ വിവിധ പദ്ധതികളില്‍ പങ്കാളികളായിരുന്നവരാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
മത്സ്യത്തൊഴിലാളികളും വിവിധ സംഘടനകളും നല്കിയ നിവേദനങ്ങള്‍ പരിഗണിക്കാതെയും അടിക്കടിയുണ്ടാകുന്ന തീരശോഷണവും തൊഴില്‍ നഷ്ടവും പരിശോധിക്കാതെയും, ഓഖി ചുഴലിക്കാറ്റ് പോലുള്ള അടിസ്ഥാനരഹിതമായ കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 2023 മെയ് 23 മുതല്‍ 30 വരെയുള്ള ഒറ്റ സന്ദര്ശനംകൊണ്ടാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്, അഡ്വ. അജിത ജോയി, അഡ്വ. സായൂജ്യ രാധാകൃഷ്ണന്, അഡ്വ. അനീഷ് ജെയിംസ് എന്നിവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രയാസങ്ങള്‍ സത്യസന്ധമായി പഠിക്കാന്‍ മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പുതിയ പഠനം നടത്തണമെന്നും അടിയന്തിര പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതയും കെഎല്‍സിഎയും ആവശ്യപ്പെട്ടു.

