വത്തിക്കാന്‍ സിറ്റി: താടിയെല്ലിലെ കാൻസറിനോട് നീണ്ട അഞ്ചു വർഷങ്ങൾ ആത്മീയ ധീരതയോടെ പോരാടി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട അജ്ന ജോർജ്ജിനെ അനുസ്മരിച്ച് ലെയോ പാപ്പ. ഇന്നലെ ജീസസ് യൂത്ത് ആഗോള സംഗമത്തിനെത്തിയവര്‍ക്ക് നല്കിയ സന്ദേശത്തിനിടെയാണ് മാര്‍പാപ്പ അജ്നയുടെ കാര്യം അനുസ്മരിച്ചത്. ജീസസ് യൂത്ത് പ്രസ്ഥാനത്തില്‍ വിശ്വാസത്തിന്റെ സന്തോഷമുള്ളവരും ധീരതയുള്ള സാക്ഷികളായിത്തീർന്നവരുണ്ട്. ചിലർ അങ്ങേയറ്റം മനോഹരവും ഹൃദയസ്പർശിയുമായ രീതിയിലാണ് നിർവഹിച്ചത്. അജ്ന ജോർജ്ജ് ഇതിന് ഉദാഹരണമാണെന്നും തന്റെ രോഗമെന്ന വലിയ പരീക്ഷണഘട്ടത്തിൽ, ദിവ്യകാരുണ്യത്തിൽ സന്നിഹിതനായ യേശുവിനോടുള്ള സ്നേഹമാണ് അവൾക്ക് കരുത്തുനൽകിയതെന്നും പാപ്പ ഇന്നലെ പറഞ്ഞു.
ജീവിച്ചിരിന്ന കാലയളവില്‍ തന്നെ അനേകരുടെ ഇടയില്‍ ശ്രദ്ധ നേടിയ പെണ്കുട്ടിയായിരിന്നു അജ്ന. ബിരുദാനന്തര ബിരുദം മികച്ച മാർക്കോടെ പാസായ അജ്ന, തേവര എസ്.എച്ച് കോളജിലെ കോമേഴ്സ് ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ഉദ്യോഗം ലഭിച്ച നാളുകളിലാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അർബുദം കണ്ണും, കാതും, കരളും, വായും, താടിയെല്ലും കാർന്നെടുത്തപ്പോഴും ദിവ്യകാരുണ്യ നാഥനെ മഹത്വപ്പെടുത്തി അടിയുറച്ച ക്രിസ്തു വിശ്വാസവുമായി അവള് മുന്നോട്ട് പോകുകയായിരിന്നു. അസഹനീയമായ വേദനകളുടെ നടുവിലും കണ്ണിന്റെ കാഴ്ചയും കാതിന്റെ കേൾവിയും മുഖകാന്തിയും കാൻസർ കാര്‍ന്ന് വിഴുങ്ങിയപ്പോഴും സംസാരശേഷി നഷ്ട്ടപ്പെട്ടപ്പോഴും അവളിലെ പുഞ്ചിരി മാഞ്ഞിരിന്നില്ല.

രോഗാവസ്ഥയില്‍ നൽകാനായി കൊണ്ടുവരുന്ന തിരുവോസ്തിക്കു മുൻപിൽ ഒരു മണിക്കൂറോളം സമയം മനസ്സുകൊണ്ട് സ്തുതി ആരാധന അർപ്പിച്ച ശേഷം മാത്രമാണ് അവൾ ഈശോയെ സ്വീകരിച്ചിരുന്നത്. അവസാന സമയങ്ങളിൽ തിരുവോസ്തി സ്വീകരിക്കാൻ അധരങ്ങൾ കൊണ്ട് സാധ്യമാകാതിരുന്നപ്പോൾ പോലും തിരുവോസ്തി വെള്ളത്തിൽ അലിയിച്ച് ഭക്ഷണം നൽകാൻ വയറു തുളച്ചിട്ടിരുന്ന ട്യൂബിലൂടെ ഉൾക്കൊണ്ടിരിന്നു. ഏകദേശം ഏഴ് മാസത്തോളം ഇപ്രകാരമായിരുന്നു ഈ യുവതിയുടെ ദിവ്യകാരുണ്യ സ്വീകരണം. 2022 ജനുവരി 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൃത്യം മൂന്നുമണിക്കാണ് രോഗിലേപനവും ദിവ്യകാരുണ്യ ഈശോയെയും സ്വീകരിച്ച് അജ്ന നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.

