വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 142.2 കോടിയായി (1.422 billion) വർധിച്ചതായി വത്തിക്കാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫിദസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. സഭയിലെ വലിയ ജനസംഖ്യാപരമായ മാറ്റങ്ങൾ വെളിപ്പെടുത്തുന്ന കണക്കുകളിൽ, വിശ്വാസികളുടെ ആകെ എണ്ണത്തിൽ ആഫ്രിക്ക യൂറോപ്പിനെ മറികടന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. നിലവിൽ 47.7% (ഏകദേശം 67.9 കോടി) വിശ്വാസികളുമായി അമേരിക്കൻ ഭൂഖണ്ഡങ്ങളാണ് ആഗോളതലത്തിൽ ഏറ്റവും മുന്നിലുള്ളത്. ശക്തമായ വളർച്ചയോടെ ആഫ്രിക്കയിലെ കത്തോലിക്കരുടെ എണ്ണം 28.83 കോടിയായി (20.3%) ഉയർന്നപ്പോൾ യൂറോപ്പിലിത് 28.72 കോടിയാണ് (20.2%).
ഇതിനൊപ്പം, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ആദ്യമായി ലോകമെമ്പാടുമുള്ള പുരോഹിതന്മാരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 425 വൈദികരുടെ വർധനവോടെ ആകെ എണ്ണം 4,07,421 ആയി ഉയർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ വൈദികരുടെയും സന്യാസപ്പട്ടത്തിന് പഠിക്കുന്നവരുടെയും എണ്ണം വലിയ രീതിയിൽ വർധിച്ചപ്പോൾ, യൂറോപ്പ്, ഓഷ്യാനിയ എന്നീ പ്രദേശങ്ങളിൽ പുരോഹിതരുടെയും സന്യാസിനികളുടെയും എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നൂറാമത് ‘ലോക മിഷൻ ഞായറാചരണത്തോട്’ അനുബന്ധിച്ചാണ് കത്തോലിക്കാ സഭയുടെ ഈ പുതിയ ആഗോള സ്ഥിതിവിവരക്കണക്കുകൾ വത്തിക്കാൻ പുറത്തുവിട്ടത്.


