വട്ടിയൂർക്കാവ്: ലിജിൻ ഓഫ് മേരി വട്ടിയൂർക്കാവ് ഫൊറോനയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ സമ്മേളനം 2026 സെപ്റ്റംബർ 13 ശനിയാഴ്ച സംഘടിപ്പിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ജപമാല റാലിയോടെ പരിപാടികൾക്ക് തുടക്കമായി. കാഞ്ഞിരംപാറ ഇടവകയിൽ നിന്ന് ആരംഭിച്ച ജപമാല റാലി വട്ടിയൂർക്കാവ് ഇടവകയിൽ സമാപിച്ചു. മാതാവിന്റെ വേഷമണിഞ്ഞ് അണിനിരന്ന പെൺകുട്ടികളും സ്ത്രീകളും റാലിയുടെ പ്രത്യേക ആകർഷണമായി.
ജപമാല റാലിയുടെ സമാപനത്തെ തുടർന്ന് പതാക ഉയർത്തൽ നടന്നു. തുടർന്ന് നടന്ന സെപ്റ്റംബർ അസംബ്ലി സമ്മേളനം ഫൊറോന അല്മായ ശുശ്രൂഷ വൈദീക കോഓഡിനേറ്റർ റവ. ഫാ. ജോസ് ഫ്രാങ്ക്ളിൻ അധ്യക്ഷത വഹിച്ചു. അതിരൂപത കോഓർഡിനേറ്റർ റവ. ഫാ. ലോറൻസ് കുലാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മറ്റ് വിശിഷ്ടാതിഥികൾ ആശംസകൾ അർപ്പിച്ചു. സെപ്റ്റംബർ മാസത്തിന്റെ പ്രത്യേകതകളായ ലീജിയൻ ഓഫ് മേരിയുടെ സ്ഥാപനദിനം, പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാൾ, തിരുനാമ തിരുനാൾ എന്നിവയെക്കുറിച്ചും ജപമാല ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും സമ്മേളനത്തിൽ വിശദീകരിച്ചു. സുവിശേഷത്തിന്റെ സംഗ്രഹമായ ജപമാല ഓരോ ദിവസവും ചൊല്ലാനും, ജീവിക്കാനും, ധ്യാനിക്കാനും സമ്മേളനം വിശ്വാസികളെ ആഹ്വാനം ചെയ്തു. ഫൊറോന ലീജിയൻ ഓഫ് മേരി ഭാരവാഹികളും ഫെറോന അല്മായ ശുശ്രൂഷ ഭാരവാഹികളും ആനിമേറ്റർ റീനയും പരിപാടികൾക്ക് നേതൃത്വം നൽകി.

