ആഴാകുളം: ആഴാകുളം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷയുടെയും സാമൂഹ്യ ശുശ്രൂഷയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിയുടെ അമിതമായ ഉപയോഗം മൂലം താളംതെറ്റുന്ന കുടുംബബന്ധങ്ങൾ, വിവിധ രൂപത്തിൽ വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും ലഹരിയുടെ കടന്നുകയറ്റം, അത് മൂലം നേരിടേണ്ടി വരുന്ന മക്കളുടെയും മുതിർന്നവരുടെയും സ്വഭാവ വൈകല്യങ്ങൾ എന്നിവയെ കുറിച്ച് പോലീസ് ട്രെയിനിങ് കോളേജിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രവീൺ ക്ലാസെടുത്തു. തുടർന്ന് ലഹരി വിരുദ്ധ റാലി, ഫ്ലാഷ് മൊബ് എന്നിവയും സംഘടിപ്പിച്ചു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങൾ മതബോധന അധ്യാപകർ, ഇടവക പാരിഷ് കൗൺസിൽ സെക്രട്ടറി, വിദ്യാഭ്യാസ, സാമൂഹ്യ ശുശ്രൂഷ സമിതികളുടെ ആനിമേറ്റേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. ആന്റണി ദാസ് സ്വാഗതവും സാമൂഹ്യ ശുശ്രൂഷ ഫെറോന ആനിമേറ്റർ തങ്കം നന്ദിയും പറഞ്ഞു

