പാലപൂര്: കോവളം ഫെറോനയിലെ പാലപൂര് ഹോളിക്രോസ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയും സാമൂഹ്യ ശുശ്രൂഷ സമിതിയും സംയുക്തമായി ലഹരി വിരുദ്ധ ദിനാചരണവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസിനു മുന്നോടിയായി ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ദോശങ്ങൾ വിവരിക്കുന്ന പോസ്റ്റർ പ്രദർശനം നടന്നു. തുടർന്ന് നടന്ന ബോധവത്കരണ ക്ലാസ് ഇടവക വികാരി ഫാ. യൂജിൻ ബ്രിട്ടോ ഉദ്ഘാടനം ചെയ്തു. കോവളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറും ജനമൈത്രി കമ്മ്യൂണിറ്റി റിലേഷൻ ഓഫീസറുമായ ബിജു ക്ലാസ് നയിച്ചു. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ശാരിരിക മാനസിക വിപത്തുകൾ ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഇടവക കൗൺസിൽ സെക്രട്ടറി ജോയി സ്റ്റീഫൻ, കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി ആനിമേറ്റർ മേരി ഫാത്തിമ, സാമൂഹിക ശുശ്രൂഷ സമിതി ആനിമേറ്റർ തങ്കം, ശുശ്രൂഷ സമിതി അംഗങ്ങൾ, മതബോധന അധ്യാപകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ ദിവ്യ ദാനിയേൽ സ്വാഗതവും സാമൂഹിക ശുശ്രൂഷ സമിതി പ്രതിനിധി ജിജോ നന്ദിയും പറഞ്ഞു.

