പരിശുദ്ധ സിംഹാസനത്തിലെ, “വിശ്വാസപരമായ കാര്യങ്ങൾക്കുവേണ്ടിയുള്ള ഡികാസ്റ്ററി” 2025 നവംബർ നാലാം തീയതി പുറത്തിറക്കിയ “മാത്തെർ പോപുളി ഫിദേലിസ്” എന്ന സൈദ്ധാന്തികമായ രേഖയിലൂടെ സഭ മുന്നോട്ടുവയ്ക്കുന്ന ഉദ്ബോധനങ്ങളുടെ പശ്ചാത്തലത്തിലുള്ള വിചിന്തനം.
ക്രിസ്തുവിന്റെ മൗതികശരീരമായ സഭയുടെ മാതൃസ്വഭാവത്തെക്കുറിച്ചും, അവന്റെ ശരീരത്തിന്റെ അംഗങ്ങളായ തന്റെ മക്കളെ സ്വർഗ്ഗോന്മുഖരായി വളർത്താനും, യഥാർത്ഥ വിശ്വാസത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കാനും, സത്യമാർഗ്ഗത്തിൽ നയിക്കാനും അവൾക്ക് നൽകപ്പെട്ട വിളിയെക്കുറിച്ചും നമുക്കറിയാം.
സമൂഹങ്ങളിലാകട്ടെ രാഷ്ട്രങ്ങളിലാകട്ടെ, നിയമങ്ങളും ചട്ടങ്ങളും ഒക്കെ ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. അതിൽ ഒന്ന് മാതൃകാപരമായി നിലനിൽക്കുന്നതും, സമൂഹത്തിന്റെ നന്മയ്ക്കും വളർച്ചയ്ക്കും ഉപകാരപ്രദമാകുന്നതുമായ പ്രവർത്തനങ്ങളാണ്. മറ്റൊന്ന്, വ്യക്തികളെ ശരിയായ മാർഗ്ഗത്തിൽനിന്ന് വ്യതിചലിപ്പിക്കാനും, തെറ്റിലേക്ക് നയിക്കാനും സാധ്യതയുള്ള തിന്മകളാണ്. ഇങ്ങനെയുള്ള കാരണങ്ങളും, അതിലുപരി, ശിഷ്യപ്രമുഖനായ ശിമയോൻ പത്രോസിനും (യോഹ. 21), അവനിലൂടെ സഭാനേതൃത്വത്തിനും നൽകപ്പെട്ടതും, യഥാർത്ഥ ഇടയനായ ക്രിസ്തുവിന്റേതിനോട് ചേർന്നുപോകുന്നതുമായ അജപാലന ഉത്തരവാദിത്വവുമാണ്, വിശ്വാസ-സത്യപ്രഖ്യാപനങ്ങളിലേക്കും മറ്റ് ഔദ്യോഗിക പ്രബോധനങ്ങളിലേക്കുമൊക്കെ സഭയെ നയിക്കുന്നത്. പതിറ്റാണ്ടുകളായി, മനുഷ്യരുടെ വികാരങ്ങളെയും ദൗർബല്യങ്ങളെയും ചൂഷണം ചെയ്തുകൊണ്ട് തെറ്റായ ഉദ്ബോധനങ്ങളും അന്ധവിശ്വാസങ്ങളും പോലും പങ്കുവയ്ക്കപ്പെടുന്നത് നാം കാണാറുണ്ട്. ക്രിസ്തുവിലൂടെ സംലഭ്യമാകുന്ന രക്ഷയെയും, മക്കളായി കരുതി നമ്മെ സ്നേഹിക്കുന്ന പരിശുദ്ധ അമ്മയേയും, മറ്റ് വിശ്വാസകാര്യങ്ങളെയും കുറിച്ചുള്ള തെറ്റായ ഉദ്ബോധനങ്ങളെയും തിരുത്താൻ സഭ കാലാകാലങ്ങളിൽ ശ്രമിക്കാറുണ്ട്.
മാത്തെർ പോപുളി ഫിദേലിസിലെ പ്രധാന ഉദ്ബോധനങ്ങൾ
ഏറെ വർഷങ്ങൾ നീണ്ട പഠനങ്ങളുടെയും വിചിന്തനങ്ങളുടെയും ശേഷം, 2025 ഒക്ടോബർ ഏഴാം തീയതി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അംഗീകാരം നൽകിയതിനെത്തുടർന്ന്, കത്തോലിക്കാ സഭയിൽ വിശ്വാസകാര്യങ്ങൾക്കായുളള വത്തിക്കാൻ ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ്, സെക്രെട്ടറി മോൺസിഞ്ഞോർ അർമാന്തോ മത്തെയോ എന്നിവർ ഒപ്പുവച്ച്, നവംബർ നാലാം തീയതി പ്രസിദ്ധീകരിച്ച, “വിശ്വാസികളായ ജനങ്ങളുടെ അമ്മ” എന്നർത്ഥം വരുന്ന “മാത്തെർ പോപുളി ഫിദേലിസ്” (Mater Populi fidelis) എന്ന സൈദ്ധാന്തികമായ രേഖ ദൈവജനത്തിനായി അവതരിപ്പിച്ച വേളയിൽ, ഡികാസ്റ്ററി ഔദ്യോഗികമായി വിശദീകരിച്ചതുപോലെ, പരിശുദ്ധ അമ്മയുമായി ബന്ധപ്പെട്ടിട്ടുള്ള ചില പ്രയോഗങ്ങളിലെ അപകടസാധ്യതകൾ തിരിച്ചറിഞ്ഞ്, അവയുടെ ഉപയോഗം പാടില്ല എന്ന് നിഷ്കർഷിക്കുകയും, എന്നാൽ, വിശ്വാസജീവിതത്തെ സഹായിക്കുന്ന മറ്റു ചില വിശേഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് സഭ ഈ ഉദ്ബോധനത്തിലൂടെ ചെയ്യുന്നത്.
ഒരുപാട് ആളുകൾ ഇതിനകം വിശദീകരിച്ചിട്ടുള്ള സുദീർഘമായ ഈ രേഖയെ രണ്ടു ചിന്തകളിലേക്ക് ചുരുക്കാനാകും:
അനുവദനീയമല്ലാത്തവ
പൂർണ്ണമായും ദൈവവും മനുഷ്യനും പരിശുദ്ധ ത്രിത്വത്തിൽ ഒരുവനുമായ ക്രിസ്തുവാണ് ഏക രക്ഷകൻ എന്നതിനാലും, മനുഷ്യർക്ക് ഏക മധ്യസ്ഥൻ (Mediator) അവനാണെന്നതിനാലും, കൃപകൾ പരിശുദ്ധ അമ്മയിലേക്കും നമ്മിലേക്കും ദൈവത്തിൽനിന്നാണ് വരിക എന്നതിനാലും, ദൈവമാതാവെങ്കിലും, പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ച്, “സഹരക്ഷക (Coredemptrix), മധ്യസ്ഥ (Mediatrix), എല്ലാ കൃപകളുടെയും മധ്യസ്ഥ (Mediatrix of all graces)” തുടങ്ങിയ വിശേഷണങ്ങൾ ഉപയോഗിക്കുന്നത് സാധാരണക്കാരെ തെറ്റായ വിശ്വാസബോധ്യങ്ങളിലേക്ക് നയിക്കും എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, അവ അനുചിതമാണെന്ന് മാത്തെർ പോപുളി ഫിദേലിസ് ആധികാരികമായി പഠിപ്പിക്കുന്നു. എന്നാൽ, യേശുവിന്റെ ഏക മാധ്യസ്ഥ്യത്തോട് ചേർന്ന് എന്ന അർത്ഥത്തിലല്ലാതെ, സഹായം അപേക്ഷിക്കുന്നയാൾ എന്ന അർത്ഥത്തിൽ മധ്യസ്ഥ എന്ന വാക്ക് ഉപയോഗിക്കുന്നതും, മറിയത്തിന്റെ പ്രാർത്ഥനകൾ ശ്രവിച്ച് ദൈവം നൽകിയേക്കാവുന്ന കൃപകളെ പരാമർശിച്ചുകൊണ്ട്, കൃപാനുഗ്രഹങ്ങളുടെ മധ്യസ്ഥ എന്ന വിശേഷണം ഉപയോഗിക്കപ്പെടുന്നതും ഈ രേഖ സൂചിപ്പിക്കുന്നുണ്ട്. പരിശുദ്ധ അമ്മയുടെയും, വിശുദ്ധരുടെയും സ്ഥാനം, ദൈവത്തിനും മനുഷ്യർക്കുമിടയിലുള്ള ഏക മധ്യസ്ഥനായ യേശുക്രിസ്തുവിന്റേതിന് പകരമോ, തുല്യമോ, സമാന്തരമോ, സമാനമോ അല്ല. ഇരുവരും രണ്ട് തലങ്ങളിലുള്ളവരാണെന്ന, ദൈവ-മനുഷ്യ തലങ്ങളിലുള്ളവരാണെന്ന കാര്യം കൂടി ഇവിടെ നാം അനുസ്മരിക്കേണ്ടതുണ്ട്.
പ്രോത്സാഹിപ്പിക്കപ്പെടുന്നവ
രക്ഷാകരരഹസ്യത്തോട് സഹകരിച്ച് പ്രവർത്തിച്ചവൾ, ഏക രക്ഷകനായ യേശുക്രിസ്തുവിന്റെ അമ്മ എന്നീ നിലകളിലും, ദൈവകൃപകൾക്ക് പ്രത്യേകമായി പാത്രീഭവിച്ചവൾ എന്ന നിലയിലും പരിശുദ്ധ കന്യകാമറിയത്തിന് സഭയിലും വിശ്വാസജീവിതത്തിലുമുള്ള പ്രാധാന്യവും, തന്റെ മകനായ ക്രിസ്തുവിനെ പിഞ്ചെല്ലുന്നവരോടുള്ള അവളുടെ മാതൃപരമായ സ്നേഹവും പരിഗണിച്ച്, “വിശ്വാസികളുടെ മാതാവ് (Mother of the faithful), ആത്മീയ മാതൃത്വം (Spiritual motherhood), വിശ്വാസികളായ ജനങ്ങളുടെ അമ്മ (The Mother of the Faithful People)” തുടങ്ങിയ വിശേഷണങ്ങൾ മറിയത്തെക്കുറിച്ച് പറയാനായി ഉപയോഗിക്കുന്നതിനെ സഭ പ്രോത്സാഹിപ്പിക്കുന്നു. ഈ രണ്ട് ചിന്തകളും സഭ അനുവദിച്ചിട്ടുള്ള, ജപമാലയിലൂടെയും സമാനമായ മറ്റു പ്രാർത്ഥനകളിലൂടെയും പരിശുദ്ധ അമ്മയുടെ സഹായം അപേക്ഷിക്കാനും, നമ്മുടെ വിശ്വാസജീവിതത്തിന് മാതൃകയും തുണയുമായി മാതാവിനെ കാണാനും, അവളിൽ മാതൃസ്നേഹത്തിന്റെ ഇടം കണ്ടെത്താനും നമുക്ക് കാരണം നൽകുന്നവയാണ്.
തിരുവചനത്തിന്റെ പശ്ചാത്തലം
ക്രിസ്തുവാണ് നമുക്കായി നൽകപ്പെട്ട മധ്യസ്ഥൻ എന്നതിന് ഉപോത്ബലകമായ നിരവധി വചനഭാഗങ്ങൾ നമുക്ക് മുന്നിലുണ്ട്: സകല ജനത്തിനും വേണ്ടിയുള്ള രക്ഷകനെക്കുറിച്ച് (ലൂക്ക 2, 10-11; 31) വിശുദ്ധ ലൂക്കായും; “ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്ന് (അപ്പ. 4, 12) അപ്പസ്തോല പ്രവർത്തനങ്ങളും, “ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായി ഒരുവനേയുള്ളൂ: മനുഷ്യനായ യേശുക്രിസ്തു (1 തിമോത്തി 2, 5) എന്ന് തിമോത്തിയോസിനുള്ള ഒന്നാം ലേഖനത്തിൽ വിശുദ്ധ പൗലോസും; തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണ്ണമായി രക്ഷിക്കാൻ കഴിവുള്ളവനും, അവർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നവനുമായ യേശുവിനെക്കുറിച്ച് (ഹെബ്രാ. 7, 24) ഹെബ്രായർക്കുള്ള ലേഖനവും; പിതാവിന്റെ സന്നിധിയിൽ നീതിമാനായ യേശുക്രിസ്തുവെന്ന മധ്യസ്ഥനുണ്ടെന്നും (1 യോഹന്നാൻ 2, 2) “പിതാവ് തന്റെ പുത്രനെ ലോകരക്ഷകനായി അയച്ചു” എന്നും തന്റെ ഒന്നാം ലേഖനത്തിൽ വിശുദ്ധ യോഹന്നാനും (1 യോഹന്നാൻ 4, 14) തുടങ്ങി, പഴയനിയമ പ്രതീക്ഷകളുടെയും വാഗ്ദാനങ്ങളുടെയും പൂർത്തീകരണമായ യേശുക്രിസ്തുവെന്ന രക്ഷകന്റെയും ഏകമധ്യസ്ഥന്റെയും അതുല്യതയെക്കുറിച്ച് വിശുദ്ധഗ്രന്ഥം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.
ക്രിസ്തുവും അമ്മയും
കുരിശിൽ കിടന്നുകൊണ്ട് യേശു യോഹന്നാനും, അതുവഴി വിശ്വാസിസമൂഹത്തിനും അമ്മയായി നൽകിയവളാണ് മറിയം (യോഹ. 19, 26-27). തന്നിലേക്കല്ല, ക്രിസ്തുവിലേക്കും, അവന്റെ രക്ഷാകരപ്രവർത്തനങ്ങളിലേക്കുമാണ് മറിയം വിരൽ ചൂണ്ടുന്നതെന്ന ബോധ്യം, നമ്മുടെ വിശ്വാസചിന്തകളെ സഹായിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. കാനായിലെ വിവാഹവിരുന്നിൽ “അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ” (യോഹ. 2, 5) എന്ന് പരിശുദ്ധ അമ്മ പറയുന്നത് നാം വായിക്കുന്നുണ്ടല്ലോ. ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിൽ പരിശുദ്ധ അമ്മയ്ക്കുള്ള സ്ഥാനത്തെയും, സഭയിലും വിശ്വാസികളുടെ ജീവിതത്തിലും അവളുടെ സാന്നിദ്ധ്യത്തെയും സൂക്ഷ്മതയോടെയും വ്യക്തതയോടെയും വിശദീകരിക്കുന്നതിനൊപ്പം, ക്രിസ്തുവിന്റെ രക്ഷാകരകർമ്മത്തിന്റെയും ഒരേസമയം ദൈവവും മനുഷ്യനുമെന്നുള്ള അവന്റെ അസ്‌തിത്വത്തിന്റെയും മൂല്യം സാധാരണ വിശ്വാസികൾക്ക് ശരിയായ രീതിയിൽ മനസ്സിലാക്കിക്കൊടുക്കുക കൂടിയാണ് മാത്തെർ പോപുളി ഫിദേലിസിലൂടെ സഭ ലക്‌ഷ്യം വയ്ക്കുന്നത്. സമാന്തരസുവിശേഷങ്ങൾ മൂന്നിലും നാം വായിക്കുന്നതുപോലെ (മത്തായി 18; മർക്കോസ് 9; ലൂക്ക 17), മറ്റുള്ളവർക്ക് ദുഷ്പ്രേരണയും, പ്രലോഭനങ്ങളും ഉതപ്പും നൽകരുതെന്ന്, അതായത്, ശരിയായ മാർഗ്ഗത്തിൽനിന്ന് വ്യതിചലിക്കാൻ കാരണമാകരുതെന്ന് ക്രിസ്തു തന്റെ ശിഷ്യരെ പഠിപ്പിക്കുന്നതും സഭയ്ക്ക് മുന്നിലുണ്ട്.
മാത്തെർ പോപുളി ഫിദേലിസ് ഉയർത്തുന്ന സംശയങ്ങൾ
മാത്തെർ പോപുളി ഫിദേലിസ് പുറത്തിറങ്ങിയതോടെ സഭയിൽ പരിശുദ്ധ അമ്മയുടെ പ്രാധാന്യം കുറഞ്ഞു, വിശുദ്ധ ജോൺ പോൾ രണ്ടാമനും, മറ്റു പലരും വ്യക്തമായ വ്യാഖ്യാനമില്ലാതെ ചിലപ്പോഴെങ്കിലും ഉപയോഗിച്ച സഹരക്ഷക, മധ്യസ്ഥ, കൃപയുടെ ഉറവിടം തുടങ്ങിയ പ്രയോഗങ്ങൾ തെറ്റായിരുന്നുവെന്ന് ഇപ്പോഴെങ്കിലും സഭ അംഗീകരിച്ചു, കാതോലിക്കാവിശ്വാസത്തോട് ചേർന്ന് നിൽക്കാത്തവരും, പലപ്പോഴും യേശുവിനെ ദൈവമായിപ്പോലും കാണാത്തവരുമായ ആളുകൾ മറിയത്തെ കണ്ടിരുന്ന ശൈലിയിലേക്ക് സഭ എത്തി, തുടങ്ങിയ വാദങ്ങൾ നിരത്തുന്നവർക്ക് മുന്നിൽ, മറുപടിയായി എടുത്തുകാട്ടാനുള്ളത്, കത്തോലിക്കാസഭ പരിശുദ്ധ അമ്മയെക്കുറിച്ച് പുറത്തിറക്കിയിരിക്കുന്ന സുപ്രധാനങ്ങളായ നാല് വിശ്വാസസത്യങ്ങളാണ് (Dogma).
ദൈവമാതാവ്
കത്തോലിക്കാസഭയിൽ പരിശുദ്ധ അമ്മയെക്കുറിച്ച് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നാല് വിശ്വാസസത്യങ്ങളിൽ സമയക്രമമായി ഒന്നാമത്തേത്, അവൾ ദൈവമാതാവ്, തെയോതോക്കോസ് (Theotókos), ആണെന്നതാണ്. എഫേസൂസ് കൗൺസിൽ എന്ന മൂന്നാം എക്യൂമെനിക്കൽ കൗൺസിൽ, 431 ജൂൺ 22-നാണ് ഈ വിശ്വാസസത്യം പ്രഖ്യാപിച്ചത്. പൊതുവായി എല്ലാ ക്രൈസ്തവസമൂഹങ്ങളും അംഗീകരിക്കുന്ന ഈ സത്യത്തിലൂടെ, യേശുവിന്റെ ദൈവിക, മാനുഷിക സ്വഭാവങ്ങളെക്കുറിച്ചുള്ള ചിന്തകളുമായി ബന്ധപ്പെടുത്തി, യേശു ക്രിസ്തുവിൽ ദൈവത്വവും മനുഷ്യത്വവും ഒരേ സമയം ഉണ്ടെന്നും, എന്നാൽ അവൻ ഒരാളാണെന്നുമുള്ള സത്യം പഠിപ്പിച്ചുകൊണ്ടും, ഇതിനെതിരായാതെന്ന് വിശേഷിപ്പിക്കപ്പെടുന്ന നെസ്തോറിയൻ പാഷണ്ഡതയെ തള്ളിക്കളഞ്ഞുകൊണ്ടും, മറിയം, ദൈവമാതാവാണ് എന്ന് സഭ പഠിപ്പിച്ചു. 451-ൽ നടന്ന കാൽസദോണിയൻ കൗൺസിലും, ഇതേക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ജനുവരി ഒന്നാം തീയതിയാണ് ദൈവമാതാവായ മറിയത്തിന്റെ തിരുനാൾ സഭയിൽ ആഘോഷിക്കപ്പെടുന്നത്.
നിത്യകന്യക
സമയക്രമത്തിൽ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള രണ്ടാമത്തെ വിശ്വാസസത്യം, മറിയം നിത്യകന്യകയാണ് എന്ന, 553-ൽ നടന്ന രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ കൗൺസിലിന്റെ പ്രഖ്യാപനമാണ്. സഭയുടെ ആദ്യ നൂറ്റാണ്ടുകളിലെ സഭാപിതാക്കന്മാരുടെ എഴുത്തുകളിൽ കാണാൻ സാധിക്കുന്നതുപോലെ, യേശുവിന്റെ ജനനത്തിന് മുൻപും, അതിന്റെ അവസരത്തിലും, അതിനു ശേഷവും നിത്യകന്യകയായി തുടരാൻ ദൈവം അവളെ അനുഗ്രഹിച്ചുവെന്ന് സഭ എറ്റു പറയുന്നു. മറിയം എയിപാർത്തേനോസ് (Aeiparthenos), “നിത്യകന്യക” ആണ് എന്ന ഈ സത്യം പല ക്രൈസ്തവസഭകളും അംഗീകരിക്കുന്നുണ്ട്. 649-ൽ നടന്ന ലാറ്ററൻ സിനഡിൽ മാർട്ടിൻ ഒന്നാമൻ പാപ്പായും, കത്തോലിക്ക സഭയുടെ ഔദ്യോഗിക മതബോധനവും (CCC 499-507) മറിയത്തിന്റെ നിത്യകന്യകാത്വത്തെക്കുറിച്ച് കൂടുതൽ പഠിപ്പിക്കുന്നുണ്ട്.
അമലോത്ഭവ
ദൈവമാതാവ് അമലോത്ഭവയാണ് എന്നതാണ് കത്തോലിക്കാസഭ പഠിപ്പിക്കുന്ന മൂന്നാമത്തെ വിശ്വാസസത്യം. “ഇനെഫാബിലിസ് ദേവൂസ്” (Ineffabilis Deus – അവർണ്ണനീയനായ ദൈവം) എന്ന് തുടങ്ങുന്ന തിരുവെഴുത്തു വഴി, 1854 ഡിസംബർ എട്ടാം തീയതി ഒൻപതാം പിയൂസ് പാപ്പാ, പാപക്കറയില്ലാതെയാണ് മറിയം ജനിച്ചതെന്ന, നൂറ്റാണ്ടുകളായി കത്തോലിക്കാസഭയിൽ നിലനിന്നിരുന്ന ഒരു വിശ്വാസത്തെ, പൊതുവിശ്വാസസത്യമായി പ്രഖ്യാപിച്ചു. വിശ്വാസികളുടെ ഭാഗത്തുനിന്ന് ധാരാളമായി ലഭിച്ച അപേക്ഷകളുടെയും, 1848-ൽ നിയോഗിച്ച ഒരു ദൈവശാസ്ത്ര കമ്മീഷന്റെ പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ്, വലിയൊരു മരിയൻ ഭക്തൻ കൂടിയായിരുന്ന പാപ്പാ ഈ പ്രഖ്യാപനം നടത്തിയത്. നീണ്ട മുപ്പത്തിരണ്ട് വർഷങ്ങൾ പാപ്പായായിരുന്ന അദ്ദേഹം. ചരിത്രപ്രധാനമായ ഈ വിശ്വാസസത്യം പ്രഖ്യാപിക്കുന്നതിന് അഞ്ച് വർഷങ്ങൾക്ക് മുൻപ്, രക്ഷാകരചരിത്രത്തിൽ പരിശുദ്ധ അമ്മയുടെ പങ്കിനെക്കുറിച്ച്, 1849-ൽ, ഊബി പ്രീമും (Ubi primum) എന്ന അപ്പസ്തോലിക പ്രബോധനവും എഴുതിയിരുന്നു. 1868-ൽ ഒന്നാം വത്തിക്കാൻ കൗൺസിൽ വിളിച്ചുചേർത്തതും ഇതേ പാപ്പായാണെന്നത് സഭാചരിത്രത്തിൽ അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്.
സ്വർഗ്ഗാരോപിത
പരിശുദ്ധ അമ്മയെക്കുറിച്ചുള്ള നാലാമത്തെ വിശ്വാസസത്യപ്രഖ്യാപനം, പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണം സംബന്ധിച്ച് പന്ത്രണ്ടാം പിയൂസ് പാപ്പാ 1950 നവംബർ ഒന്നാം തീയതി, “മുനിഫിചെന്തീസിമൂസ് ദേവൂസ്” (Munificentissimus Deus – ഏറ്റവും ഔദാര്യവാനായ ദൈവം) എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ നടത്തിയതാണ്. ദൈവമാതാവും, നിത്യകന്യകയും, അമലോത്ഭവയുമായ മറിയത്തിന്റെ ഇഹലോകജീവിതത്തിന്റെ അവസാനം, അവൾ ആത്മശരീരങ്ങളോടെ സ്വർഗ്ഗീയമഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്നാണ് സഭ പഠിപ്പിച്ചത്. ഉത്ഥിതനായ ക്രിസ്തുവിന്റെ “സ്വർഗ്ഗാരോഹണവും” പരിശുദ്ധ അമ്മയുടെ “സ്വർഗ്ഗാരോപണവും” തമ്മിലുള്ള വ്യത്യാസം നമുക്ക് വ്യക്തമാണല്ലോ. ചില പൗരസ്ത്യ ക്രൈസ്തവസഭാചിന്തകളിലെ, ഉറങ്ങുക എന്നർത്ഥം വരുന്ന കോയിമേസിസ് (Koimesis) എന്ന ഗ്രീക്ക് വാക്കിൽനിന്ന് പരിഭാഷപ്പെടുത്തപ്പെട്ട ദൊർമിസിയോ (Dormitio), ദൈവമാതാവിന്റെ വിശ്രമം (Dormition of the Mother of God) എന്ന ചിന്തയും, സ്വർഗ്ഗാരോപണമെന്ന സത്യത്തിലേക്കാണ് നമ്മെ എത്തിക്കുന്നത്. ഓഗസ്റ്റ് 15-ന് ആഘോഷിക്കപ്പെടുന്ന മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ, നിത്യജീവനിലേക്ക് നമുക്കുള്ള സാധ്യതയിലേക്കുകൂടിയാണ് വിരൽചൂണ്ടുന്നത്.
ഉപസംഹാരം
മാത്തെർ പോപുളി ഫിദേലിസിനെക്കുറിച്ചുള്ള ഈ ചെറുചിന്തകൾ ഉപസംഹരിക്കുമ്പോൾ, ക്രിസ്തുവിന്റെ രക്ഷാകരപ്രവർത്തനത്തിന്റെ അമൂല്യതയും വ്യതിരക്തതയും എടുത്തുകാട്ടുകയും, കൃപകളുടെ യഥാർത്ഥ ഉറവിടം ആരെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ഈ രേഖ, അതേസമയം, ദൈവപുത്രന്റെ അമ്മയെന്ന നിലയിലും, രക്ഷാകരരഹസ്യത്തിൽ അവനോട് ചേർന്നുനിന്നവൾ എന്ന നിലയിലും പരിശുദ്ധ കന്യകാമറിയത്തിന് സഭയിലും വിശ്വാസജീവിതത്തിലുമുള്ള പ്രത്യേകമായ സ്ഥാനം കുറച്ചുകൂടി വ്യക്തമാക്കിത്തരുന്നുണ്ടെന്ന് നമുക്ക് കാണാം. ദൈവകൃപ നിറഞ്ഞ്, വചനമായ ക്രിസ്തുവിന്റെ അമ്മയായി, നാമുൾപ്പെടെ എല്ലാ ക്രിസ്തുവിശ്വാസികളെയും മാതൃതുല്യം സ്നേഹിച്ച്, തന്റെ പുത്രനിലേക്ക് വഴികാട്ടി നയിക്കുകയും നമുക്കുവേണ്ടി സ്വപുത്രനോട് പ്രാർത്ഥിക്കുകയും ചെയ്യുന്ന പരിശുദ്ധ കന്യകാമറിയത്തെ ശരിയായ വിശ്വാസബോധ്യങ്ങളോടെ സ്നേഹിക്കാനും, അവളുടെ സമർപ്പണജീവിതമാതൃകയിൽ, പരിശുദ്ധാത്മാവിന്റെ പ്രേരണയുൾക്കൊണ്ട് മുന്നോട്ടുപോകാനും ഈ ഉദ്‌ബോധനം നമ്മെ സഹായിക്കട്ടെ. സ്വർഗ്ഗോന്മുഖരായി ജീവിക്കാനും, പരിശുദ്ധ ത്രിത്വത്തിലുള്ള വിശ്വാസത്തിൽ ആഴപ്പെട്ട് വളരാനും, ക്രിസ്തുവിലൂടെ മാത്രം നൽകപ്പെടുന്ന രക്ഷ സ്വന്തമാക്കാനും, സഭയുടെ നല്ല മക്കളായി സാക്ഷ്യം നൽകാനും സഹായിക്കുന്ന ഉദ്‌ബോധനങ്ങളും ജീവിതശൈലിയും ഭക്തിമാർഗ്ഗങ്ങളും സ്വീകരിക്കാം. പരിശുദ്ധ അമ്മയെപ്പോലെ നമുക്കും ദൈവതിരുമുൻപിൽ സ്വീകാര്യത കണ്ടെത്തുകയും, സന്തോഷ-സങ്കടങ്ങളുടെയും ഉയർച്ച-താഴ്ചകളുടെയും നിമിഷങ്ങളിൽ വിശ്വസ്തതയോടെ ദൈവത്തോട് ചേർന്ന് നിൽക്കുകയും നിത്യരക്ഷ സ്വന്തമാക്കുകയും ചെയ്യാം. അമലോത്ഭവയും ദൈവമാതാവും നിത്യകന്യകയും സ്വർഗ്ഗാരോപിതയും നമ്മുടെ അമ്മയുമായ മറിയം നമുക്കായി തന്റെ തിരുസുതനോട് പ്രാർത്ഥിക്കട്ടെ.
കടപ്പാട്: മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
