നാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചു സമർപ്പിക്കപ്പെട്ട റോമിലെ ജോൺ ലാറ്ററൻ ബസിലിക്കയുടെ സമർപ്പണ ദിനം നവംബർ മാസം ഒൻപതാം തീയതി ഞായറാഴ്ച്ച ആഘോഷിച്ചു. അന്നേദിവസം ലിയോ പതിനാലാമൻ പാപ്പാ, വിശുദ്ധ ബലിയർപ്പിക്കുകയും, വചന സന്ദേശം നൽകുകയും ചെയ്തു. ഇന്നും ഈ ദിനം ആഘോഷിക്കുന്നതിലെ ആത്‌മീയകാരണം പാപ്പാ സന്ദേശത്തിൽ എടുത്തുപറഞ്ഞു. ഈ ആഘോഷം ഒരു ഓർമ്മയും, കൃതജ്ഞതയും, ചരിത്ര പ്രാധാന്യവും എടുത്തുകാണിക്കുന്നുണ്ടെങ്കിലും, ലോകമെമ്പാടുമുള്ള ദേവാലയങ്ങളുടെ മാതൃ ദേവാലയമെന്ന നിലയിൽ, ക്രിസ്തുവാകുന്ന മൂലക്കല്ലിന്മേൽ, അമൂല്യമായതും, തിരഞ്ഞെടുക്കപ്പെട്ടതുമായ കല്ലുകളാൽ പണിയപ്പെട്ട ജീവിക്കുന്ന സഭയുടെ അടയാളമാണ് ഇത് വെളിപ്പെടുത്തുന്നതെന്നു പാപ്പാ പറഞ്ഞു.
ഈ ദേവാലയത്തിന്റെ ഉറച്ച അടിത്തറ, ഇതിൽ ആയിരിക്കുന്ന വിശ്വാസികൾക്ക് നൽകുന്ന സുരക്ഷിതത്വം ഏറെ പ്രധാനപ്പെട്ടതാണെന്നു പറഞ്ഞ പാപ്പാ, നമ്മുടെ ജീവിതത്തിലും, ക്രിസ്തുവിലേക്കു എത്തിചേരുന്നതുവരെ, തടസങ്ങളെയെല്ലാം മറികടന്നുകൊണ്ട് ചെല്ലണമെന്ന് ഉദ്‌ബോധിപ്പിച്ചു. യേശുക്രിസ്തുവല്ലാതെ മറ്റൊരു അടിത്തറയും സ്ഥാപിക്കുവാൻ നമുക്ക് കഴിയില്ല എന്ന വിശുദ്ധ പൗലോസിന്റെ വാക്കുകൾ ഉദ്ധരിച്ച പാപ്പാ, ഇതിനർത്ഥം പരിശുദ്ധാത്മാവിന്റെ പ്രചോദനമനുസരിച്ച്, കർത്താവിങ്കലേക്കും, അവന്റെ സുവിശേഷത്തിലേക്കും തിരികെ പോകുക എന്നതാണെന്നും അടിവരയിട്ടു പറഞ്ഞു.
അതിനാൽ ദൈവരാജ്യത്തിന്റെ സേവനത്തിൽ, തിടുക്കവും ഉപരിപ്ലവതയും അല്ല ആവശ്യമെന്നും, മറിച്ച് ലോക മാനദണ്ഡങ്ങളിൽ നിന്നും മോചിതരായിക്കൊണ്ട്, ജ്ഞാനം വഴിയായി ആഴത്തിൽ അടിത്തറയുറപ്പിക്കുക എന്നതാണ് ആവശ്യമെന്നും പാപ്പാ പറഞ്ഞു. വിനയത്തോടും ക്ഷമയോടും, ദൈവസഹായത്തോടും കൂടി മാത്രമേ, ഒരു യഥാർത്ഥ വിശ്വാസി സമൂഹത്തെ കെട്ടിപ്പടുക്കുവാൻ സാധിക്കുകയുള്ളൂ എന്നതാണ്, രണ്ടായിരം വർഷത്തെ സഭാചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്നും പാപ്പാ പറഞ്ഞു.
സുവിശേഷത്തിൽ പ്രതിപാദിച്ച സക്കേവൂസിന്റെ ജീവിതവും പാപ്പാ വിവരിച്ചു. ധനികനും, ശക്തനുമായ അവൻ യേശുവിനെ കാണുവാനുള്ള ആവശ്യകത തിരിച്ചറിയുകയും, തുടർന്ന് തന്റെ പരിമിതികളെ മനസിലാക്കുകയും ചെയ്യുന്നു. “ശാഖകൾക്കിടയിൽ കയറുക എന്നതിനർത്ഥം സ്വന്തം പരിധി തിരിച്ചറിയുകയും അഹങ്കാരത്തിന്റെ തടസ്സങ്ങൾ മറികടക്കുകയും ചെയ്യുക എന്നാണ്”, പാപ്പാ പറഞ്ഞു. ഈ പരിമിതികൾ കർത്താവ് കണ്ടതുകൊണ്ടാണ്, അവന്റെ ഭവനത്തിലേക്ക് അവനെ കൂട്ടി കർത്താവ് യാത്ര ചെയ്യുന്നത്.
അതിനാൽ കർത്താവ്, തന്റെ രക്ഷാപദ്ധതികൾക്കനുസൃതമായി, നമ്മെ പരിവർത്തനം ചെയ്യുകയും, തന്റെ ജോലിസ്ഥലത്ത് പ്രവർത്തിക്കാൻ നമ്മെ വിളിക്കുകയും ചെയ്യുന്നു. ഇവിടെ ഒരു കൂട്ടായ്മയുടെ യാത്രയും പ്രവർത്തനവുമാണ് ആവശ്യമെന്നു എടുത്തു പറഞ്ഞ പാപ്പാ, സിനഡൽ മാതൃകയുടെ പ്രാധാന്യവും അടിവരയിട്ടു. നിരുത്സാഹപ്പെടാതെ, ഒരുമിച്ചു ആത്മവിശ്വാസത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടികാണിച്ചു.
സഭയുടെ നിർമാണത്തിൽ നമുക്ക് മുൻപ് കടന്നുപോയവരുടെ ധൈര്യം ഏറെ വലുതായിരുന്നുവെന്നു പറഞ്ഞ പാപ്പാ, ഇന്നത്തെ ലോകത്തിന്റെ മടുപ്പുകൾ, നമ്മുടെ ചലനാത്മകതയെ പരിപോഷിപ്പിക്കുന്നതിനും പുതുക്കുന്നതിനും തടസ്സമാകരുതെന്നും ഓർമ്മപ്പെടുത്തി. അതിനാൽ ലാറ്ററൻ ദേവാലയത്തിന്റെ മാതൃഭാവം സഭയുടെ മുഴുവൻ സ്നേഹത്തിന്റെ വൈശിഷ്ട്യം വെളിപ്പെടുത്തുന്നുവെന്ന്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളിൽ പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ഒരു ദേവാലയത്തിന്റെ മറ്റൊരു പ്രധാന ഭാഗം അതിന്റെ ആരാധന ക്രമം ആണെന്ന് പറഞ്ഞ പാപ്പാ, സഭയുടെ പ്രവർത്തനം ലക്ഷ്യമിടുന്ന ഉച്ചകോടിയും, എല്ലാ ഊർജ്ജത്തിന്റെയും സ്രോതസ്സുമാണെന്നു കൂട്ടിച്ചേർത്തു. കർത്താവിന്റെ മുഴുവൻ ശരീരത്തിന്റെയും യോജിപ്പുള്ള വളർച്ചയ്ക്ക് ആരാധനയുടെ അതുല്യത പ്രകടിപ്പിക്കാൻ, ആരാധനാക്രമ സൗന്ദര്യം കാത്തുസൂക്ഷിക്കുവാൻ പാപ്പാ ആവശ്യപ്പെട്ടു. “സൗന്ദര്യം സ്നേഹമല്ലാതെ മറ്റൊന്നുമല്ല, സ്നേഹമാണ് ജീവിതം” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ അടിവരയിട്ട പാപ്പാ, ഈ സത്യം ശ്രേഷ്ഠമായ രീതിയിൽ സാക്ഷാത്കരിക്കപ്പെടുന്ന ഭാഗമാണ് ആരാധനാക്രമമെന്നതും ചൂണ്ടികാണിച്ചു.

