റോം: ഭൂതോച്ചാടനത്തെ കേന്ദ്രമാക്കി വത്തിക്കാന്‍റെ അംഗീകാരത്തോടെ നിര്‍മ്മിക്കുന്ന ആദ്യത്തെ ഡോക്യുമെന്ററി ചിത്രം നാളെ ഒക്ടോബര്‍ മുപ്പതാം തീയതി തീയേറ്ററുകളിലേക്ക്. ‘ട്രയംഫ് ഓവർ ഈവിൾ’ എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. അന്താരാഷ്ട്ര ഭൂതോച്ചാടകരുടെ കൂട്ടായ്മയായ ഇന്റർനാഷ്ണൽ അസോസിയേഷൻ ഓഫ് എക്സോർസിസ്റ്റുമായി സഹകരിച്ചാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തിക്കുന്നത്. തെറ്റിദ്ധാരണ കൊണ്ട് മൂടപ്പെട്ട വിഷയത്തിൽ വ്യക്തതയും സത്യവും കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകനായ ജിയോവന്നി സിബർന പറഞ്ഞു.
പിശാച് ഒരു സത്യമാണെന്നും പിശാച് ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വലിയ തന്ത്രം താൻ ഇല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നുവെന്നും ഭൂതോച്ചാടനങ്ങൾ ഇപ്പോഴും പതിവായി നടക്കുന്നുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഭൂതോച്ചാടനം എന്നത് ചലച്ചിത്ര നിർമ്മാതാക്കൾക്കും പൊതുജനങ്ങൾക്കും ഇഷ്ട്ടപ്പെട്ട വിഷയമാണെങ്കിലും വിഷയത്തിന്റെ പിന്നിലെ യഥാര്‍ത്ഥ സത്യങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ജിയോവന്നി സിബർന പറഞ്ഞു.
പ്രത്യാശ, വിശ്വാസം, സഭയുടെ കൂദാശ ജീവിതം എന്നിവയിലേക്ക് പ്രേക്ഷകരെ നയിക്കുകയെന്നതും ഡോക്യുമെന്ററി ചിത്രത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. തിന്മയിൽ നിന്ന് തങ്ങളെയും പ്രിയപ്പെട്ടവരെയും എങ്ങനെ സംരക്ഷിക്കാമെന്ന് കാഴ്ചക്കാരെ ബോധവൽക്കരിക്കുക എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ലക്ഷ്യമായി അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കുന്നത്. നിരവധി വൈദികരും ഭൂതോച്ചാടനത്തിന് വിധേയരായ വ്യക്തികളും ഡോക്യുമെന്‍ററിയുടെ ഭാഗമാകുന്നുണ്ടെന്നാണ് സൂചന. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരിന്നു.
 
			 
                                
