വത്തിക്കാൻ സിറ്റി: പ്രേഷിത ദൗത്യത്തെക്കുറിച്ചുള്ള അവബോധം നമ്മിൽ വീണ്ടും ജ്വലിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പ. അകലെയുള്ളവരുടെ ഇടയിൽ മാത്രമല്ല അടുത്തുള്ളവർക്കും മിഷനറിയാവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പ ആഹ്വാനംചെയ്തു. സുവിശേഷത്തിൻ്റെ ആനന്ദവും ആശ്വാസവും എല്ലാവരിലേക്കും എത്തിക്കുക എന്ന ആഗ്രഹത്തോടെ, ദുരിതമനുഭവിക്കുന്നവരെ, പ്രത്യേകിച്ച് ജന്മനാടുകൾ വിട്ടുപേക്ഷിക്കാൻ നിർബന്ധിതരായ കുടിയേറ്റക്കാരെ ഓർക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.
മിഷനറിമാരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷിച്ച ഞായറാഴ്ച, വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ നാൽപതിനായിരത്തിലധികം തീർത്ഥാടകർ പങ്കെടുത്തു. നാം ഒരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്ന പ്രേഷിത ദൗത്യം, കുടിയേറ്റക്കാരായ സഹോദരീ സഹോദരന്മാരോടുള്ള സൗഹാർദപരമായ ഐക്യദാർഢ്യം എന്നീ രണ്ടു വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിശുദ്ധ പിതാവ് സംസാരിച്ചത്. മിഷൻ പ്രവർത്തനം, ദാനധർമ്മം, സാഹോദര്യം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ട കാര്യങ്ങളാണെന്നും ഇവയിലൂടെ സുവിശേഷത്തിൻ്റെ ആനന്ദവും ആശ്വാസവും എല്ലാവരിലേക്കും എത്തിക്കുക എന്നത് നമ്മുടെ കടമയുടെ ഭാഗമാണെന്നും പാപ്പ പറഞ്ഞു.