തിരുവനന്തപുരം: അതിരൂപതയിലെ വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവനകളേകിയ ഫാ. സിൽവസ്റ്റർ മൊറായിസ് ദൈവസന്നിധിയിൽ വിളിക്കപ്പെട്ടു. 55 വർഷം പൗരോഹിത്യ ശുശ്രൂഷ ചെയ്ത ഈ വൈദികൻ ധാരാളം ഇടവകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.1978 ൽ ലത്തീൻ കത്തോലിക്ക ഫിഷർമെൻ എജുക്കേഷൻ സൊസൈറ്റി ആരംഭിക്കുകയും സെന്റ് ജൂഡ് കോളേജ് സ്ഥാപനത്തിൽ വലിയ പങ്കു വഹിക്കുകയും ചെയ്തു. 1944 ൽ ഔസേഫ് മോറായിസിന്റെയും മേരി മൊറായിസിന്റെയും ആറു മക്കളിൽ അഞ്ചാമനായി പുല്ലുവിള ഇടവകയിൽ ജനിച്ചു. പുല്ലുവിള ലിയോ തേർട്ടീൻ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തെ തുടർന്ന് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടി. തുടർന്ന് സെന്റ് വിൻസന്റ് മൈനർ സെമിനാരിയിലും ആലുവ കാർമൽ ഗിരിയിൽ തത്വശാസ്ത്രവും സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ദൈവശാസ്ത്രവും പഠിച്ച് 1970 ഡിസംബർ പതിനെട്ടാം തീയതി പുല്ലുവിള ഇടവകയിൽ നിന്നും വൈദികനായി പട്ടം സ്വീകരിച്ചു.
1974 ൽ സ്വന്തം ഇടവകയായ പുല്ലുവിളയിൽ തന്നെ സഹവികാരിയായി സേവനമനുഷ്ഠിച്ചു കൊണ്ടാണ് വൈദിക ശുശ്രൂഷ ആരംഭിച്ചത്. തുടർന്ന് മാമ്പള്ളി, നെടുമങ്ങാട്, മരിയാപുരം, വിഴിഞ്ഞം, പൂവാർ, കരിങ്കുളം കൊച്ചുതുറ, മാർത്താണ്ഡംതുറ, പള്ളിത്തുറ, കൊല്ലംകോട്, പൂന്തുറ, പേട്ട, കൊച്ചുവേളി, ചിന്നതുറ, പുല്ലുവിള, ലൂർദ്പുരം, പൂഴിക്കുന്ന്, കഴക്കൂട്ടം എന്നീ ഇടവകകളിൽ വികാരിയായി സേവനം ചെയ്തു. ഫെറോന വികാരിയായും വിശ്വപ്രകാശ് സ്കൂൾ മാനേജരായും സേവനം അനുഷ്ഠിച്ചു. സെന്റ് ജൂഡ് കോളേജിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ജൂബിലി ആശുപത്രിയിൽ ചികിത്സയിലായിരിക്കവേ ഇന്നലെ (01.10.2025) രാവിലെ 6.30 മണിക്ക് അന്തരിച്ചു. പരേതന്റെ ഭൗതീക ശരീരം രാവിലെ 11.00 മണിക്ക് കന്യാകുമാരി ജില്ലയിലെ തുത്തൂരിലുള്ള സെന്റ് ജൂഡ്‌സ് കോളേജിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് ഉച്ചയ്ക്ക് 1.45 ന് ജന്മദേശമായ പുല്ലുവിള ഇടവക ദേവാലയത്തിലും പൊതുദർശനത്തിന് സൗകര്യമൊരുക്കി. സംസ്കാര ശുശ്രൂഷകൾ പുല്ലുവിള സെന്റ്. ജേക്കബ്സ് ഫൊറോന ദേവാലയത്തിൽ ഇന്നലെ വൈകുന്നേരം 4 മണിക്ക് നടന്നു.