കൊച്ചി: ആസന്നമായ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ വ്യക്തമായ രാഷ്ട്രീയ സമീപനം കൈക്കൊള്ളാൻ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ജനറൽ അസംബ്ലി തീരുമാനിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ പ്രാദേശിക രാഷ്ട്രീയ കാര്യസമിതികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ലത്തീൻ കത്തോലിക്കർക്ക് സമുദായ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലെ തടസങ്ങൾ പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാൻ സമ്മേളനം തീരുമാനിച്ചു.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തത് ദുരൂഹമാണ്. മുനമ്പത്തെ കുടുംബങ്ങൾക്ക് അവരുടെ ഭൂമിയിന്മേലുള്ള റവന്യു അവകാശങ്ങൾ ഉടനടി പുനഃസ്ഥാപിക്കണം. ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളിലെ കടൽഭിത്തി നിർമാണം പൂർത്തിയാക്കാൻ നടപടികളും ആവശ്യമായ ഫണ്ടും അനുവദിക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുവാനുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശത്തിന്മേൽ കടന്നുകയറാനുള്ള സർക്കാർ ശ്രമങ്ങളെ സമ്മേളനം അപലപിച്ചു. കെആർഎൽസിസി വൈസ് പ്രസിഡന്‍റ് ജോസഫ് ജുഡ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചു. പ്രവർത്തനറിപ്പോർട്ട് ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറയും അവതരിപ്പിച്ചു. ട്രഷറർ ബിജു ജോസി സാമ്പത്തിക റിപ്പോർട്ടും കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് രാഷ്ട്രീയകാര്യസമിതി റിപ്പോർട്ടും അവതരിപ്പിച്ചു. സമാപനസമ്മേളനത്തിൽ കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ബിഷപ് ഡോ. സെ ബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ സന്ദേശം നൽകി.