എംഎസ്‌സി എല്‍സ 03 കപ്പല്‍ അപകടത്തില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. വിഴിഞ്ഞത്ത് എത്തിയ എംഎസ്‌സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍ വയ്ക്കാനാണ് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കപ്പല്‍ അപകടത്തിന് പിന്നാലെ സര്‍ക്കാര്‍ ഒരു പെനാല്‍ട്ടി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. അതിന്മേലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. വിഴിഞ്ഞത്ത് എത്തിയ എംഎസ്‌സി കമ്പനിയുടെ AKITETA II കപ്പല്‍ അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തുക കെട്ടിവയ്ക്കാതെ കപ്പലിന് പോകാന്‍ അനുവാദം നല്‍കിയേക്കില്ല. അടുത്ത ദിവസം തന്നെ ഇതില്‍ കൂടുതല്‍ വാദങ്ങളുണ്ടായേക്കും.
61 കണ്ടൈയ്നറുകള്‍ കരയ്ക്കടിഞ്ഞു. 59.6 മെട്രിക് ടണ്‍ പ്ലാസ്റ്റിക് പെല്ലറ്റുകൾ കരയ്ക്കടിഞ്ഞു. കേരളത്തിന്റെ സമുദ്ര പരിസ്ഥിതിയെ ഇത് ദോഷകരമായി ബാധിച്ചു. സമുദ്ര മേഖലയിൽ ഉണ്ടായിട്ടുള്ള പാരിസ്ഥിതിക നഷ്ടത്തിന് 8,626.12 കോടി രൂപയും പാരിസ്ഥിതിക സന്തുലനം നിലനിർത്താനുള്ള നടപടികൾക്ക് 378.48 കോടി രൂപയും മത്സ്യബന്ധന മേഖലയ്ക്കും മറ്റുമുണ്ടായിട്ടുള്ള നഷ്ടം നികത്താൻ 526.51 കോടി എന്നിങ്ങനെ കണക്കാക്കിയാണ് ആകെ 9531 കോടി രൂപ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
എംഎസ്‌സി കമ്പനിക്കെതിരെ സര്‍ക്കാര്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് കടുത്ത ആക്ഷേപമുയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നല്‍കിയ പെനാലിറ്റി സ്യൂട്ടിന്മേല്‍ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടലുണ്ടായിരിക്കുന്നത്. ലൈബീരിയന്‍ ചരക്ക് കപ്പലായ എംഎസ്‌സി എല്‍സ 3 മെയ് 24നാണ് അപകടത്തില്‍പ്പെട്ടത്. ആലപ്പുഴ തോട്ടപ്പള്ളിയില്‍നിന്ന് 14.6 നോട്ടിക്കല്‍ മൈലും കൊച്ചിയില്‍നിന്ന് 40 നോട്ടിക്കല്‍ മൈലും അകലെയാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്.
കപ്പൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ പരിസ്ഥിതി, മത്സ്യബന്ധന, വാണിജ്യ മേഖലകളിലുണ്ടാകുന്ന നഷ്ടം ഈടാക്കുന്നതുമായി ബന്ധപ്പെട്ടു നൽകുന്നതാണ് അഡ്മിറാലിറ്റി സ്യൂട്ട്. ഇതനുസരിച്ച് കേരള ഹൈക്കോടതിക്ക് സംസ്ഥാന സമുദ്ര പരിധിയിലുള്ള യാനങ്ങൾ പിടിച്ചെടുക്കാനും ആവശ്യമെങ്കിൽ വിൽപന നടത്തി നഷ്ടം നികത്താനുമുള്ള അധികാരമുണ്ട്.

