പാളയം: അത്യാധുനിക സജ്ജീകരണങ്ങളോടു കൂടി പുതുതായി നിർമ്മിച്ച ലേബർറൂം കോംപ്ലക്സിന്റെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടർ ഫാ. ലെനിൻ രാജ്, അസിസ്റ്റന്റ് മാനേജിംഗ് ഡയറക്ടർ ഫാ. മുത്തപ്പൻ അപ്പോളി എന്നിവരുടെ സാന്നിധ്യത്തിൽ കേരള പിന്നോക്ക വിഭാഗ കമ്മീഷൻ അംഗവും, ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ ഗവണിംഗ് ബോഡി അംഗവുമായ ഡോ. എ വി ജോർജ് നിർവഹിച്ചു. ജൂബിലിയിലെ ഡോക്ടേഴ്സ്, സിസ്റ്റേഴ്സ് മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ മാനേജിംഗ് ഡയറക്ടർ ഫാ. ലെനിൻ രാജ് സ്വാഗതമേകി. നേഴ്സിങ് സൂപ്രണ്ട് സിസ്റ്റർ സരീറ്റാ ഫിലിപ്പ് നിലവിലുള്ള സംവിധാനത്തെ കുറിച്ച് ലഘു വിവരണം നൽകി. 6 കിടക്കകളോടുകൂടിയ ലേബർ ഫസ്റ്റ് സ്റ്റേജ് ഏരിയയും, 3 കിടക്കകളുള്ള പ്രസവ മുറിയും, പുതിയ സംരംഭമായി തുടങ്ങിയ ബർത്ത് സ്യൂട്ട് സൗകര്യവും, നവജാതശിശുക്കളെ ചികിത്സിക്കുവാൻ 7 കിടക്കകളുള്ള എൻ.ഐ.സി.യു യൂണിറ്റും, നൂതന സൗകര്യങ്ങളോടുകൂടിയ ഒരു ഓപ്പറേഷൻ തീയേറ്ററും, അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി 7 പ്രൈവറ്റ് റൂമുകളും, രണ്ട് ഡോക്ടേഴ്സ് റൂമുകളും ഫാ. ലെനിൻ രാജ് ആശീർവദിച്ചു.