തിരുവനന്തപുരം: 1947നു മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസികളായിരുന്നവർക്കും അവരുടെ പിൻതലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്കാ സർട്ടിഫിക്കറ്റിന് അർഹതയുള്ളൂവെന്നും അതിനു ശേഷം സഭയിലേക്കു വന്നവർക്ക് ബിഷപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നും ടി.ജെ.വിനോദിന്റെ സബ്മിഷനു മറുപടിയായി മന്ത്രി കെ.രാജൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ അകറ്റാൻ വ്യക്തത വരുത്തി ഉത്തരവിറക്കും. ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നിബന്ധനകളും മാർഗനിർദേശങ്ങളും പുറപ്പെടുവിക്കുന്നതു പിന്നാക്ക വിഭാഗ വികസന വകുപ്പാണ്. അവരുടെ വിവിധ ഉത്തരവുകൾ പ്രകാരം ഇതര സമുദായങ്ങളിൽനിന്നോ ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നോ പുതുതായി വന്നവർക്ക് ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് നൽകാനാവില്ല.
ജാതി സംഘടനകളോ മതപുരോഹിതരോ നൽകുന്ന സർട്ടിഫിക്കറ്റുകളെ മാത്രം ആശ്രയിക്കാതെ അപേക്ഷകർ ഹാജരാക്കുന്ന രേഖകളുടെയും വില്ലേജ് ഓഫിസറുടെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നു സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
അപേക്ഷിക്കുന്നയാളും പിതാവും ലത്തീൻ കത്തോലിക്കാ സമുദായാംഗങ്ങളായിരുന്നെന്നു ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫിസറുടെ അന്വേഷണത്തിനു സഹായകരമായ രേഖയായി പരിഗണിക്കാമെന്ന് 2010ൽ മറ്റൊരു ഉത്തരവും ഇറക്കി.
1947നു മുൻപു തന്നെ സമുദായാംഗമായിരുന്നു എന്ന രേഖ ഹാജരാക്കുന്നതിനു പകരം ബിഷപ്പുമാരുടെ കത്തിന്റെയും വില്ലേജ് ഓഫിസറുടെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ ലത്തീൻ കത്തോലിക്കർക്കും എസ്ഐയുസി നാടാർ വിഭാഗത്തിനും സമുദായ സർട്ടിഫിക്കറ്റ് നൽകാമെന്ന് 2016ൽ സർക്കുലറും ഇറക്കിയിട്ടുണ്ട്. എന്നാൽ 1947നു മുൻപ് ലത്തീൻ കത്തോലിക്കർ ആയിരുന്നവർക്കും അവരുടെ പിൻതലമുറക്കാർക്കും മാത്രമേ സമുദായ സർട്ടിഫിക്കറ്റ് നൽകാവൂ എന്ന വ്യവസ്ഥയിൽ മേൽപറഞ്ഞ ഒരു ഉത്തരവിലൂടെയും ഇളവു നൽകിയിട്ടില്ല. 1947 നു മുൻപ് മതം മാറിയവരെന്ന ഔദ്യോഗിക രേഖകൾ ഹാജരാക്കുന്നതിൽനിന്ന് ഒഴിവാക്കുന്നു എന്നു മാത്രമാണ് ഉത്തരവുകളിൽ ഉള്ളത്. കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ രക്ഷിതാക്കൾ പറഞ്ഞുകൊടുക്കുന്ന സമുദായമാണ് രേഖയിൽ ഉൾപ്പെടുത്തുന്നത്. അതിനാൽ സ്കൂൾ സർട്ടിഫിക്കറ്റിനെ ജാതി തെളിയിക്കുന്ന ആധികാരിക രേഖയായി കണക്കാക്കാനാകില്ല. ഇൗ നിബന്ധനകളിൽ മാറ്റം വരുത്തുന്നതു പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി.