പേട്ട: പേട്ട ഫൊറോന സാമൂഹ്യ ശുശ്രുഷ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂബിലി വർഷ പ്രവർത്തനമായി സമൂഹത്തിലെ അശരണർക്കും നിരാലംബർക്കും രോഗി പരിചരണം നൽകുന്ന ‘കരുതൽ’ പാലിയേറ്റീവ് പരിചരണ പദ്ധതിക്ക് തുടക്കം കുറിച്ചു. തളരുന്ന മനസ്സിൽ താങ്ങായും വേദനിക്കുന്നവർക്ക് സാന്ത്വന സ്പർശമായും രോഗികളുടെയും കുടുംബത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് കരുതൽ പദ്ധതി കൊണ്ട് ലക്ഷ്യം വക്കുന്നത്. ഫെറോനയിലെ ഡോക്ടർമാരും നേഴ്സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും കൈകോർത്താണ് ഈ പദ്ധതി പ്രാവർത്തികമാക്കിയിരിക്കുന്നത്. പേട്ട മേഖലയിൽ ഉൾപ്പെടുന്ന നാനാജാതി മതസ്ഥരുടെ വീടുകളിലെത്തി രോഗിപരിചരണം സധ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പദ്ധതിയെ കുറിച്ചുള്ള ബ്രൗഷർ പേട്ട ഫൊറോനാതല ജൂബിലി ഉദ്ഘാടന സമ്മേളനത്തിൽ ആരോഗ്യ ശുശ്രൂഷ കൺവീനർ ഡോ. സതീഷിനു നൽകിക്കൊണ്ട് അഭിവന്ദ്യ തോമസ് ജെ നെറ്റോ പിതാവ് ‘കരുതൽ’ പാലിയേറ്റീവ് പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ഫൊറോന വികാരി ഫാ. റോബിൻസൺ, ഫാ. നിധിൻ , രൂപത കോർഡിനേറ്റർ സിസ്റ്റർ സ്വപ്ന, സിസ്റ്റർ അനു, ശ്രീമതി റെജി ജോയ്, ഹെൽത്ത് ക്ലബ് അംഗങ്ങൾ പദ്ധതിയുടെ വിജയത്തിനായി എല്ലാവിധ സഹായവും പ്രാർഥനാശംസകളും നേർന്നു.
