ചിന്നത്തുറ: ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ട തിരുവനന്തപുരം അതിരൂപതയിലെ വന്ദ്യവൈദികൻ റവ. ഫാ. റൊമാൻസിന്റെ മൃതസംസ്കാര കർമ്മങ്ങൾ അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ. നെറ്റോ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്നു. റൊമാൻസച്ചന്റെ മാതൃ ഇടവകയായ സെന്റ്. ജൂഡ് ചിന്നത്തുറ ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് എമിരിത്തൂസ് മെത്രാപ്പൊലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവും അതിരൂപതയിലെ വൈദികരും സന്യസ്തരും വിശ്വാസികളുമടങ്ങിയ വലിയൊരു ജനസമൂഹം സാക്ഷ്യംവഹിച്ചു.
റൊമാൻസച്ചൻ വൈദികജീവിതത്തിൽ സന്തോഷവും ആനന്ദവും കണ്ടെത്തി നിരവധി ദൈവവിളികൾക്ക് കാരണഭൂതനായ വ്യക്തിയാണെന്ന് ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ തന്റെ സന്ദേശത്തിൽ പറഞ്ഞു. പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത തിരിച്ചറിഞ്ഞ് ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച വൈദികനായിരുന്നൂവെന്ന് അഭിവന്ദ്യ സൂസപാക്യം പിതാവ് അനുസ്മരിച്ചു.
കുമാരപുരത്തെ അതിരൂപത വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിക്കവെ ഇന്നലെ (സെപ്റ്റംബർ 11, ബുധൻ) രാവിലെയാണ് റൊമാൻസച്ചൻ നിത്യവിശ്രമത്തിനായി യാത്രയായത്. 1942 ജനുവരി 27-ന് ചിന്നത്തുറ ഇടവകയിലെ ലാറൻസ് ക്ലാര ദമ്പതികളുടെ ഏകമനായി ജനിച്ച ഫാ. റൊമാൻസ് തൂത്തൂർ പയസ് XI സ്കൂളിലും, കൊല്ലങ്കോട് ഗവ. ഹൈസ്കൂളിലുമായി തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1962-ൽ ലക്നൗവിലെ സെന്റ്. പോൾസ് സെമിനാരിയിൽ വൈദിക വിദ്യാർഥിയായി ചേർന്നു. തത്വശാസ്ത്രവും ദൈവശാസ്ത്രവും അലഹബാദിലെ സെന്റ്. ജോസഫ്സ് സെമിനാരിയിൽ പൂർത്തിയാക്കി. 1971 ഡിസംബർ 20-ന് തന്റെ മാതൃ ഇടവകയായ ചിന്നത്തുറയിലെ സെന്റ്. ജൂഡ് ദേവാലയത്തിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു.
പൗരോഹിത്യ ജീവിതത്തിന്റെ ആദ്യപത്തുവർഷം ചണ്ഡിഗഢ്, സിംല എന്നിവടങ്ങലിൽ മിഷൻ പ്രവർത്തനങ്ങളിലും ഇടവക പ്രവർത്തനങ്ങളിലും വ്യാപരിച്ചു. 1980-ൽ തിരുവനന്തപുരം അതിരൂപതയിലെത്തിയ റൊമാൻസച്ചൻ പാലോട്, മാർത്താണ്ഡൻതുറ, മാമ്പള്ളി, വെട്ടുകാട്, ചിന്നത്തുറ, പരുത്തിയൂർ, അയിരൂർ, കഴക്കൂട്ടം, കാച്ചാണി, പൂഴികുന്ന്, പൂന്തുറ തുടങ്ങിയ ഇടവകകളിലെല്ലാം സ്തുത്യർഹമായ സേവനം കാഴ്ചവച്ചു. രൂപത ചാൻസിലർ, മാനേജിംഗ് ഡയറക്ടർ ഓഫ് കൺസ്ട്രക്ഷൻ, പരോക്യൽ അഡ്മിനിസ്ട്രേറ്റർ, അഞ്ചുതെങ്ങ് ഫൊറോന വികാരി, ടെമ്പറാലിറ്റി ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തന്റെ സേവന മേഖലകളിലെല്ലാം ആത്മീയമായ ഒരു മുദ്രപതിപ്പിക്കാൻ റൊമാൻസച്ചന് സാധിച്ചിട്ടുണ്ട്. നിരവധിപേർക്ക് ക്രിസ്തുവിന്റെ ചൈതന്യവും ശക്തിയും പകർന്നു നല്കിയ റൊമാൻസച്ചൻ തുടർന്നും ക്രിസ്തുസന്നിധിയിലായിരിക്കുമെന്ന് പ്രത്യാശിക്കാം… പ്രാർഥിക്കാം…