കൊച്ചി : മുതലപ്പൊഴിയിൽ അശാസ്ത്രിയമായ പുലിമുട്ട് നിർമ്മാണം മൂലം എഴുപത്തിയാറിൽപരം അപകട മരണങ്ങൾ നടന്നിട്ടും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ KLCA യുടെ നേതൃത്വത്തിൽ ജൂൺ ഇരുപതിന് നിയമസഭ മാർച്ച് നടത്തും. കഴിഞ്ഞ ജൂലൈ 30ന് പ്രഖ്യാപിച്ച 7 ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ പന്ത്രണ്ട് ലത്തീൻ രൂപതകളിൽ നിന്ന് നൂറു കണക്കിന് കെ എൽ സി എ നേതാക്കളും, തിരുവനന്തപുരം രൂപതയിൽ നിന്നുള്ള പ്രവർത്തകരും, അതിരൂപതയിലെ KLCWA, KCYM, DCMS, TMF എന്നീ സംഘടനകളും നിയമസഭ മാർച്ചിൽ പങ്കെടുക്കും.
കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ KLCA സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡൻറ് പാട്രിക് മൈക്കിൾ മുതലായവർ നയിക്കുന്ന നിയമസഭ മാർച്ച് രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വി ജെ ടി ഹാളിൽ നിന്ന് ആരംഭിയ്ക്കും. കേരള ലത്തീൻ കത്തോലിക്ക സഭയുടെ ഉന്നത നയ രൂപീകരണ സമിതി കെ ആർ എൽ സി സി ഭാരവാഹികളും പങ്കെടുക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ വെരി. റവ. മോൺ. യുജിൻ എച്ച് പെരേര മാർച്ച് ഉദ്ഘാ ടനം ചെയ്യും. KRLCC ജനറൽ സെക്രട്ടറി റവ ഫാ തോമസ് തറയിൽ , വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവരെ കൂടാതെ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിവിധ സംഘടന നേതാക്കൾ മാർച്ചിൽ പങ്കെടുക്കും.