അഞ്ചുതെങ്ങ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ ദിനംപ്രതി അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്യണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ. പുറംകടലിൽ മത്സ്യബന്ധനത്തിനു പോകുന്നതും തിരികെ എത്തുന്നതും അപകടകരമാക്കി മാറ്റിയിട്ടുള്ള മണൽതിട്ടകൾ ഡ്രജറുപയോഗിച്ചു നീക്കം ചെയ്യണമെന്ന മത്സ്യമേഖലയിലെ പ്രധാന ആവശ്യം നാളിതുവരെയും പ്രാവർത്തികമാക്കാൻ അധികൃതർ നടപടി കൈക്കൊണ്ടിട്ടില്ല. അടിക്കടി പൊഴിമുഖം കേന്ദ്രീകരിച്ചു നടന്നുവരുന്ന ബോട്ടപകടങ്ങളും ഒപ്പം മത്സ്യത്തൊഴിലാളികൾക്കു ജീവഹാനി സംഭവിക്കുന്നതും ആവർത്തിക്കുകയാണിവിടെ.
എട്ടുമാസം മുൻപു തുറമുഖ തീരത്തു പ്രതിഷേധം ശക്തമായതോടെ എസ്കവേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കത്തിനു സർക്കാർ അനുമതി നൽകി. തുടർന്നു ഭാഗികമായി മണൽനീക്കം നടത്തുകയും ചെയ്തു. കാലവർഷം ശക്തിപ്പെട്ടതോടെ തുറമുഖ കേന്ദ്രത്തിന്റെ പെരുമാതുറ തീരം കേന്ദ്രീകരിച്ചു വൻതോതിൽ മണൽ അടിഞ്ഞുകൂടി തുടങ്ങി. തുറമുഖ മുനമ്പിലെ അഴിമുഖത്തു അപകടകരമാം വിധം മണൽതിട്ടകൾ പ്രത്യക്ഷപ്പെട്ടു. ഇതുമൂലം തീരത്തു നിന്നു പുറംകടലിലേക്കുള്ള യാനങ്ങളുടെ യാത്ര അപകടനിഴലിലാണിപ്പോൾ. ജീവൻ പണയംവച്ചാണു മത്സ്യത്തൊഴിലാളികൾ മുതലപ്പൊഴി അഴിമുഖം വഴി മത്സ്യബന്ധനത്തിനു പുറപ്പെടുന്നത്. ഡ്രജർ ഉപയോഗിച്ചുള്ള മണൽനീക്കം മുതലപ്പൊഴി തുറമുഖ തീരത്തു സ്ഥിരം സംവിധാനമാക്കിയാലെ നിലവിലുള്ള ഭയാശങ്കകൾക്കും അപകടങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ കഴിയുകയുള്ളൂവെന്നു മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉറപ്പിച്ചു പറയുന്നു.