വത്തിക്കാൻ: 1991-ൽ ജനിച്ച ഇറ്റാലിയൻ കൗമാരക്കാരനായ വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിൻ്റെ മധ്യസ്ഥതയാൽ നടന്ന അത്ഭുതം ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി അംഗീകരിച്ചു. വിശുദ്ധരുടെ പ്രഖ്യാപനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെരാരോയുമായി ഇന്ന് (മെയ് 23) നടത്തിയ കൂടിക്കാഴ്ചയിൽ, വാഴ്ത്തപ്പെട്ട അക്യൂട്ട്സിൻ്റെയും മറ്റ് ഏഴുപേരുടെയും വിശുദ്ധപദവിയെ മുന്നോട്ട് കൊണ്ടുപോകുന്ന ഉത്തരവുകളിൽ പാപ്പ ഒപ്പുവച്ചു. വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള തീയതി നിശ്ചയിക്കാനുള്ള കൺവെൻഷൻ വരുംദിവസങ്ങളിൽ വിളിച്ചുക്കൂട്ടും.
1991-ൽ ലണ്ടനിൽ ഇറ്റാലിയൻ മാതാപിതാക്കൾക്ക് ജനിച്ച വാഴ്ത്തപ്പെട്ട അക്യുട്ടിസ് ശിശുവായിരിക്കുമ്പോൾ തന്നെ കുടുംബം ഇറ്റലിയിലെ മിലാനിലേക്ക് മടങ്ങി. ആധുനീക ലോകത്തെ സാങ്കേതിക വളർച്ചയെ അടുത്തറിഞ്ഞിരുന്ന കാർലോ വെബ്സൈറ്റുകൾ രൂപകല്പന ചെയ്യാനും, വീഡീയോ ഗെയിമുകൾ കളിക്കാനും വീഡിയോ നിർമ്മിക്കാനും ചെറുപ്പം മുതലേ താല്പര്യം പുലർത്തിയിരുന്നു. ഈ താല്പര്യത്തോടൊപ്പം തന്നെ യേശുവിനോട് ഐക്യപ്പെട്ട് ജീവിക്കുവാനും അതീവ ശ്രദ്ധപുലർത്തിയതാണ് അക്യൂട്ടിസിനെ വ്യത്യസ്തനാക്കിയത്.
15 വയസ്സുള്ളപ്പോൾ രക്താർബുദത്തിന് കീഴടങ്ങി 2006 ഒക്‌ടോബർ 12-ന് ദൈവസന്നിധിയിൽ യാത്രയായി. ഇതിനകം തന്നെ ലോകത്ത് നടന്ന് ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ച് വായിച്ചും, പഠിച്ചും, സ്ഥലങ്ങൾ സന്ദർശിച്ചും അത് ലോകം മുഴുവൻ എത്തിക്കാനായി ഒരു വെബ്സൈറ്റ് തന്നെ ക്രമീകരിച്ചു. എന്നും ജപമാല ചൊല്ലിയിരുന്ന കാർലോ ദിവ്യകാരുണ്യത്തെ തന്റെ ജീവനെക്കാൾ അധികമായി സ്നേഹിച്ചിരുന്നു. തന്റെ ഡയറിയിൽ കുറിച്ചിട്ട വാചകങ്ങൾ അത് തെളിയിക്കുന്നു: “എല്ലായ്പ്പോഴും യേശുവിനോട് അടുത്തിരിക്കുക, അതാണ് എൻ്റെ ജീവിത പദ്ധതി,” അവൻ 7 വയസ്സുള്ളപ്പോൾ എഴുതി. “സ്വർഗ്ഗത്തിലേക്കുള്ള ഹൈവേയാണ് യൂക്കറിസ്റ്റ്,” അദ്ദേഹം എഴുതി.
2020 ഫെബ്രുവരിയിൽ, അക്യൂട്ട്സിൻ്റെ മാധ്യസ്ഥ്യം കാരണമായ ഒരു അത്ഭുതം പാപ്പ ഔപചാരികമായി അംഗീകരിക്കുകയും അതേ വർഷം ഒക്ടോബറിൽ വാഴ്ത്തപ്പെട്ടവനാക്കി പ്രഖ്യാപിക്കുകയും ചെയ്തു. 117,000 തീർത്ഥാടകരാണ് വാഴ്ത്തപ്പെട്ടതിന് ശേഷമുള്ള ആദ്യ വർഷത്തിൽ തന്നെ അക്യുട്ടിസിന്റെ ശവകുടീരം സന്ദർശിച്ചത്. 2013-ൽ ബ്രസീലിലെ ഒരു ആൺകുട്ടിക്കും 2022-ൽ ഫ്ലോറൻസിലെ ഒരു യുവതിക്കും ലഭിച്ച അത്ഭുത സൗഖ്യമാണ് ഇപ്പോൾ സ്ഥിരികരിക്കുന്നതും, വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതും.