തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും പുലര്‍ച്ചെ 2.30 മുതല്‍ മറ്റന്നാള്‍ രാത്രി 11.30 വരെ അതിതീവ്ര തിരമാലകള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഈ പ്രദേശങ്ങളില്‍ ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇതുമൂലം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും, കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ള അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. ഇന്ന് രാത്രി 10 മണി മുതല്‍ എല്ലാ ബീച്ചുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. തുടങ്ങിയ നിർദ്ദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചു.
.