പ്രതിമതനവീകരണാനന്തര കാലഘട്ടം
യൂറോപ്യന്‍ രാജ്യങ്ങളിലെ വിവിധ ജനവിഭാഗങ്ങളുടെ ഇടയില്‍ ഇക്കാലയളവില്‍ വളര്‍ന്നുവന്ന ദേശീയബോധം പുതിയ രാജ്യങ്ങളുടെ രൂപീകരണത്തിലേക്ക് വഴിതുറന്നു. സഭയിലും ആശാവഹമായ നവീകരണങ്ങള്‍ നടന്നു. കര്‍ദ്ദിനാളന്മാരുടെ കൊളീജിയത്തിന്‍റെ അഴിച്ചുപണിയും പുതിയ സന്യാസസഭകളായ കപ്പൂച്ചിന്‍ (1619), ഈശോസഭ (1540) തുടങ്ങിയവയുടെ സ്ഥാപനവും ഈ സഭകള്‍ സഭാനവീകരണത്തിന് നല്‍കിയ സംഭാവനകളും തുടര്‍ന്നുവന്ന പാപ്പാന്മാരുടെ നേതൃത്വത്തില്‍ പുതിയ ഭൂഖണ്ഡങ്ങളില്‍ നടന്ന സുവിശേഷ പ്രഘോഷണ സംരംഭങ്ങളും എടുത്തുപറയേണ്ട വസ്തുതകളാണ്. സഭയില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനായി 1622 ല്‍ ആരംഭിച്ച വിശ്വാസ പ്രചാരണ തിരുസംഘം (congregation for propogation of faith) മതനവീകരണാനന്തരകാലഘട്ടത്തിലെ ശ്രദ്ധേയമായ നേട്ടമാണ്. പ്രതിമതനവീകരണ കാലഘട്ടത്തില്‍ സംഘടിപ്പിക്കപ്പെട്ട കൗണ്‍സില്‍ ഓഫ് ട്രെന്‍റിന്‍റെ നയപരിപാടികള്‍ നടപ്പിലാക്കാനുള്ള സഭയുടെ ശ്രമങ്ങള്‍ക്ക് ഏറെ ഫലമുണ്ടായില്ല എന്ന വസ്തുതയും വിസ്മരിക്കാനാവില്ല.
വിശ്വാസവിരുദ്ധമെന്ന് കരുതപ്പെട്ട പാഷാണ്ഡതകളോടും ആധുനിക യൂറോപ്പില്‍ ഉയര്‍ന്നുവന്ന ഗാല്ലിക്കാനിസം (ഫ്രാന്‍സ്), ഫെബ്രോണിയാനിസം (ജര്‍മനി) ജോസഫിസം (ആസ്ത്രിയ, ഇറ്റലി) തുടങ്ങിയ പ്രസ്ഥാനങ്ങളുമായി സഭയ്ക്ക് ഇക്കാലയളവില്‍ ഏറ്റുമുട്ടേണ്ടിവന്നു. കേന്ദ്രീകൃത സ്വഭാവവും അധികാരകേന്ദ്രീകരണവും തുടര്‍ന്നുവന്ന സഭാധികാരികളുടെ നയങ്ങള്‍ക്കെതിരെ യൂറോപ്പിലെ പ്രബുദ്ധരായ രാഷ്ട്രീയനേതൃത്വവും ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ട്ടുഗല്‍, നേപ്പിള്‍സ് എന്നിവിടങ്ങളിലെ തത്വചിന്തകരും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയുണ്ടായി. പുരോഗമനാത്മകമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് തീക്ഷ്ണതയോടെ പ്രവര്‍ത്തിച്ച ഈശോസഭ 1773 ല്‍ നിരോധിക്കപ്പെട്ട സംഭവം സഭാപരിഷ്കരണവാദികളില്‍ നിരാശപടര്‍ത്തി. (തുടരും…)
ശ്രീ. ഇഗ്നേഷ്യസ് തോമസ്