വിഴിഞ്ഞം: ഉൾക്കടലിൽ അജ്‌ഞാത കപ്പലിടിച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലിൽ വീണ 5 തൊഴിലാളികളെ മറ്റൊരു മത്സ്യബന്ധന വള്ളം രക്ഷപ്പെടുത്തി. ഇതിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വിഴിഞ്ഞം തീരത്ത് നിന്ന് 35 കിലോമീറ്ററുകൾ ഉള്ളിലായിരുന്നു അപകടം. പൂന്തുറ സ്വദേശി ക്ലീറ്റസിന്റെ കൃപാസന മാതാവ് എന്ന വള്ളത്തിൽ വിഴിഞ്ഞത്തു നിന്ന് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന അപകടത്തിൽ പൂന്തുറ സ്വദേശികളായ ആൻഡ്രൂസ്(55), വള്ളത്തിന്റെ ഉടമ ക്ലീറ്റസ്(45), സെൽവൻ(42), മരിയദാസൻ (44), ജോൺ(43) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ആൻഡ്രൂസിനാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്.ആൻഡ്രൂസിനെയും ക്ലീറ്റസിനെയും മെഡിക്കൽ കോളേജിലും കാൽമുട്ടിന് പരിക്കേറ്റ സെൽവനെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ് കടലിൽ വീണ മത്സ്യത്തൊഴിലാളികൾ മണിക്കൂറുകളോളം വള്ളത്തിൽ പിടിച്ചുകിടന്നു. ഈ സമയം അതുവഴിയെത്തിയ വിഴിഞ്ഞം സ്വദേശികളായ ഡേവിഡ്,ജോൺസൺ,ജെയിംസ്,ആന്റണി എന്നിവരുൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടവരെ കരയിലെത്തിച്ചത്.
പരിക്കേറ്റവരെ മറൈൻ എൻഫോഴ്സ്മെന്റ്, കോസ്‌റ്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചത്. മറിഞ്ഞ വള്ളത്തിലെ എൻജിനുകൾ,വലകൾ,ജി.പി.എസ് ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളും നഷ്‌ടപ്പെട്ടതായി തൊഴിലാളികൾ പറഞ്ഞു.ഇടിച്ച കപ്പൽ ഏതാണെന്ന് വ്യക്തമായിട്ടില്ലെന്നും കപ്പൽ കണ്ടെത്തുന്നതിനായി വിഴിഞ്ഞം കോസ്‌റ്റ് ഗാർഡിന് വിവരം നൽകിയതായി വിഴിഞ്ഞം കോസ്‌റ്റൽ പൊലീസ് അറിയിച്ചു. ഏതോ കണ്ടെയ്‌നർ വെസലാണെന്നാണ് തൊഴിലാളികളിൽ നിന്നുള്ള പ്രാഥമിക വിവരമെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. കപ്പൽ ഏതാണെന്നറിയുന്നതിന് കൊച്ചി ആസ്‌ഥാനത്ത് വിവരം അറിയിച്ചിട്ടുള്ളതായി കോസ്‌റ്റ് ഗാർഡ് വിഴിഞ്ഞം സ്‌റ്റേഷൻ അധികൃതർ പറഞ്ഞു.