വത്തിക്കാൻ: കേരളത്തിലെ വിജയപുരം രൂപതയുൾപ്പെടെ തമിഴ്നാട്ടിലെ കുഴിതുറൈ, കുംഭകോണം, കർണാടകയിലെ കർവ്വാർ, മദ്ധ്യപ്രദേശിലെ ജബൽപ്പൂർ ഉത്തർ പ്രദേശിലെ മീററ്റ് എന്നീ രൂപതകളിൽ ഫ്രാൻസീസ്പാപ്പാ പുതിയ മെത്രാന്മാരെ നിയമിച്ചു. കർണാടകയിലെ മൈസൂർ രൂപതയുടെ മെത്രാൻ കന്നികദാസ് ആൻറണി വില്യം, കുംഭകോണം രൂപതയുടെ മെത്രാൻ ആൻറണിസാമി ഫ്രാൻസീസ്, ജബൽപ്പൂർ രൂപതയുടെ മെത്രാൻ ജെറാൾഡ് അൽമെയിഡ എന്നിവർ കാനൻ നിയമാനുസൃതം സമർപ്പിച്ച രാജി പാപ്പാ സ്വീകരിക്കുകയും ചെയ്തു.
വിജയപുരം രൂപതയിൽ സഹായമെത്രാനായി റവ. ഫാ. ജസ്റ്റിൻ അലക്സാണ്ടർ മടത്തിപ്പറമ്പിൽ, കുഴിതുറൈ രൂപതയുടെ മെത്രാനായി വൈദികൻ ആൽബെർട്ട് ജോർജ് അലെക്സാണ്ഡർ അനസ്താസ്, കുംഭകോണം രൂപതയുടെ ഭരണസാരഥിയായി റവ. ഫാ. ജീവാനാന്ദം അമലനാഥൻ, ജബൽപ്പൂർ രൂപതയുടെ ഭരണാദ്ധ്യക്ഷനായി റവ. ഫാ. വലൻ അരസു, മീററ്റ് രൂപതയുടെ മെത്രാനായി റവ. ഫാ. ഭാസ്കർ ജെസുരാജ് എന്നിവരെയാണ് പാപ്പാ നിയമിച്ചിരിക്കുന്നത്. വിജയപുരം രൂപതയുടെ നിയുക്ത സഹായമെത്രാൻ റവ. ഫാ. ജസ്റ്റിൻ അലക്സാണ്ഡർ മടത്തിപ്പറമ്പിൽ അതെ രൂപതയിൽപ്പെട്ട പമ്പനാർ സ്വദേശിയാണ്.