കൊച്ചി : ക്രൈസ്തവ പാരമ്പര്യ വേഷം ധരിച്ചവരുടെ ഏറ്റവും വലിയ സംഗമം നടത്തി റെക്കോർഡ് നേട്ടവുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത . കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിലാണ് 2023 ഡിസംബർ 9-ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ പൈതൃകം മെഗാ ഇവന്റ് സംഘടിപ്പിച്ചത്. പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിച്ച നാലായിരത്തോളം വനിതകളും അഞ്ഞൂറിലധികം പുരുഷന്മാരും പങ്കെടുത്ത പരിപാടി ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ളയാണ് ഉദ്ഘാടനം ചെയ്തത് .
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും പുരുഷന്മാരും പരമ്പരാഗത വേഷത്തിൽ റാലിയിൽ അണിനിരന്നു. പൈതൃക ക്രിസ്ത്യൻ കലാരൂപങ്ങളായ ചവിട്ടുനാടകവും മാർഗം കളിയും പരിചമുട്ടുകളിയും ഘോഷയാത്രയിൽ ഉണ്ടായിരുന്നു.പഴമയുടെ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ ഫുഡ് ഫെസ്റ്റിവലും പൈതൃക കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. റെക്കോർഡ് നേട്ടത്തിന്റെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ബെസ്റ് ഓഫ് ഇൻഡ്യ പ്രതിനിധികളിൽ നിന്നും അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ ഏറ്റുവാങ്ങി. ഇതിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ അടുത്ത ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ അറിയിച്ചു. അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയ കെഎൽസിഎ ഭാരവാഹികളെ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അഭിനന്ദിച്ചു