കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ്പ് മോൺ. ഡോ.അംബ്രോസ് പുത്തൻവീട്ടിലിന്റെ മെത്രാഭിഷേകം ജനുവരി 20 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വൈകീട്ട് 3 ന് നടക്കും. വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ മെത്രാഭിഷേക കർമ്മങ്ങളുടെ മുഖ്യ കാർമികനാകും. വരാപ്പുഴ ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കലും കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരിയും സഹകാർമ്മികരായിരിക്കും. കെആർഎൽസിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗ്ഗീസ് ചക്കാലക്കൽ പ്രവചനപ്രഘോഷണം നടത്തും.ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലി പങ്കെടുക്കും.
ഇതോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ നടത്തുന്നതിന് രൂപത പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു. കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല (രക്ഷാധികാരി ) , മോൺ. ഡോ.ആന്റണി കുരിശിങ്കൽ (ജനറൽ കൺവീനർ) , പി .ജെ. തോമസ് ,റാണി പ്രദീപ് (ജോയിന്റ് കൺവീനേഴ്സ്)എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റികൾ രൂപീകരിച്ചിരിക്കുന്നത്.