തിരുവനന്തപുരം: ലത്തിൻ സമുദായത്തിന്റെ ഏകോപനത്തിനും ശാക്തികരണത്തിനും തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ കണ്ടെത്തി അവയെ അതിജീവിക്കാനുള്ള വഴികൾ തേടുന്ന ജനജാഗരം പരിപാടിയുടെ സമാപനം 2023 ഡിസംബർ 17, ഞായറാഴ്ച തിരുവനന്തപുരം അതിരൂപതയിൽ നടക്കും. കെ.ആർ.എൽ.സി.സി യുടെ നേതൃത്വത്തിൽ നവംബർ 4 ന് വയനാട് കല്പറ്റയിൽ നിന്നാണ് ജനജാഗരം ആരംഭിച്ചത്. ഓരോ രൂപതയും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ ഉയർത്തിപിടിച്ച് ഇതിനകം കേരളത്തിലെ 12 ലത്തിൻ രൂപതകളിലും ജനജാഗരം നടന്നുകഴിഞ്ഞു.
കേരളത്തിൽ ലത്തീൻ സമൂഹം പൊതുവായി നേരിടുന്ന പ്രധാനവെല്ലുവിളി ജനാധിപത്യ സംവിധാനങ്ങളിലും ഭരണ നിർവ്വഹണ സമിതിയിലും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലായെന്നതാണ്. അതുപോലെ കേരളത്തിന്റെ വിദ്യാഭാസ്യ മേഖലയിൽ നിസ്തുലമായ സംഭാവനകൾ ലത്തീൻ സമൂഹം നൽകുമ്പോഴും ഉദ്യോഗതലത്തിൽ ലത്തിൻ സമുദായാംഗങ്ങളുടെ പങ്കാളിത്തം ആശാവഹമല്ല. ഇതുകൂടാതെയാണ് ഓരോ രൂപതയും അഭിമുഖീകരിക്കുന്ന നിരവധിയായ പ്രാദേശിക വിഷയങ്ങൾ.
ജനജാഗരം തിരുവനന്തപുരം അതിരൂപതയിൽ പ്രവേശിക്കുമ്പോൾ എടുത്ത്കാട്ടുന്ന പ്രധാന വിഷയം തീരജനതയുടെ നിലനില്പിന്റെ പ്രശ്നങ്ങളാണ്. തീരജനത തീരത്തുനിന്നും കുടിയിറക്കപ്പെടുന്ന ഭായാനകമായ സ്ഥിതിവിശേഷമാണ് തലസ്ഥാനജില്ലയിൽ നിലകൊള്ളുന്നത്. അശാസ്ത്രീയമായ വികസന പദ്ധതികൾ കാരണമുണ്ടാകുന്ന തീരശോഷണം തീരജനതയുടെ ജീവിതത്തിനും, മുതലപ്പൊഴിയിലെ അപകടങ്ങൾ മത്സ്യത്തൊഴിലാളികളുടെ ജീവനും, തീരദേശ ഹൈവേ തീരവാസികളുടെ നിലനില്പിനും വെല്ലുവിളികൾ ഉയർത്തുന്നു. ഭരണകൂടവും പൊതുസമൂഹത്തിലെ ഒരു വിഭാഗവും തീരജനതയുടെ ഈ ആശങ്കകൾ വികസനമെന്ന മറയിൽനിർത്തി കണ്ണടയ്ക്കുന്ന സമീപനമാണ് കാലങ്ങളായി തുടരുന്നത്. ഈ വിഷയങ്ങളിൽ ബന്ധപ്പെട്ടവരുടെ അടിയന്തിരശ്രദ്ധയും പരിഹാര മാർഗ്ഗങ്ങളും എത്രയുംവേഗം ഉണ്ടാകണമെന്നാണ് തിരുവനന്തപുരത്ത് ജനജാഗരം സമാപിക്കുമ്പോൾ ആവശ്യപ്പെടുന്നത്.
2023 ഡിസംബർ 17, ഞായർ 3 മണിക്ക് വലിയവേളി പാരിഷ്ഹാളിലാണ് ജനജാഗരത്തിന്റെ സമാപന സമ്മേളനം നടക്കുന്നത്. അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് സ്വാഗതമേകുന്ന പ്രസ്തുത സമ്മേളനത്തിൽ സഹായമെത്രാൻ ബിഷപ്പ് ക്രിസ്തുദാസ് ആർ ആധ്യക്ഷത വഹിക്കും. സമ്മേളനം മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി റവ. ഫാ. തോമസ് തറയിൽ ആമുഖ സന്ദേശവും കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണവും നടത്തും. ഡോ. ജോൺസൺ ജാമെന്റ്, ഫാ. ആഷ് ലിൻ ജോസ്, എന്നിവർ തിരുവനന്തപുരത്തെ ലത്തീൻ സമുദായം നേരിടുന്ന വിവിധ വിഷയങ്ങളെ അവതരിപ്പിക്കും ശ്രീ. പാട്രിക് മൈക്കിൾ, ശ്രീമതി ജോളി പത്രോസ്, ശ്രീ. ഗ്ലാവിയസ് എന്നിവർ വിഷയങ്ങളിന്മേൽ പ്രതികരണം നടത്തും. വലിയതുറ ഫെറോന വികാരി ഫാ. ഹൈസിന്ത് എം. നായകം, കെ.സി.വൈ.എം അതിരൂപത ജനറൽ സെക്രട്ടറി പ്രീതി എഫ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തീരത്തുണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് ജനകീയ പഠനസമിതി നടത്തിയ പഠനത്തിന്റെ പൂർണ്ണരൂപം ഉൾക്കൊള്ളുന്ന വെബ്സൈറ്റ് സമ്മേളനത്തിൽ പ്രകാശനം ചെയ്യും. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ഇഗ്നേഷ്യസ് തോമസ് കൃതജ്ഞതയർപ്പിക്കും. അതിരൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.