ആലുവ: ഗർഭിണികളുടെയും അവരെ പരിചരിക്കുന്നവരുടെയും ആരോഗ്യ, മാനസിക, ആത്മീയ പരിരക്ഷ ഉറപ്പ് വരുത്താൻ സഹായിക്കുന്ന എലീശ്വാ ധ്യാനം ഓൺലൈനിൽ ക്രമീകരിച്ച് കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ. ഇടവകകൾ കേന്ദ്രീകരിച്ച് നടന്നിരുന്ന എലീശ്വാ ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഓൺലൈനായി പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയത്. പങ്കെടുക്കുന്നവർ അവരായിരിക്കുന്ന സ്ഥലത്തും അവരുടെ സൗകര്യപ്രദമായ സമയത്തും ഇതിൽ പങ്കെടുക്കാവുന്നതാണ്. ദൈവീക ദാനമായ ജീവന്റെ മൂല്യം കൂടുതലറിയാനും അതിന്റെ സംരക്ഷരാകാനും കൂടുതൽപേർക്ക് സൗകര്യമൊരുക്കുന്ന ഓൺലൈൻ എലീശ്വാ ധ്യാനത്തിന് ഫാമിലി കമ്മിഷൻ ചെയർമാൻ ബിഷപ്പ് സെബസ്റ്റ്യൻ തക്കത്തേച്ചേരിൽ ആശംസകൾ നേർന്നു.
ആരോഗ്യ മേഖലയിൽ നിന്നുള്ള ഡോക്ടർമാരുടെയും മാനസികാരോഗ്യം ഉറപ്പ് വരുത്താൻ സൈക്കോളിജിസ്റ്റിന്റെയും ക്ളാസ്സുകളും ആത്മീയ ഉണർവേകുന്ന ആരാധനയുമാണ് ഓൺലൈൻ എലീശ്വാ ധ്യാനത്തിൽ ഒരുക്കിയിരിക്കുന്നത്. www.familykrlcbc.com എന്ന സൈറ്റ് സന്ദർശിച്ച് പങ്കെടുക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും. 200/- രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കുന്നവർക്ക് ഗർഭകാലം കരുതലോടെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന ‘ഉദരഫലം അനുഗ്രഹീതം’ എന്ന പുസ്തകവും തപാലിൽ ലഭിക്കും.