പാളയം: തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ബിഷപ് ക്രിസ്തുദാസ് പൗരോഹിത്യ ജീവിതത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കി. 1971 നവംബർ 25ന് ജനിച്ച ക്രിസ്തുദാസ് പിതാവ് 1998 നവംബർ 15-ന് സൂസപാക്യം പിതാവിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. ജന്മദിനത്തിൽ പൗരോഹിത്യം സ്വീകരിച്ചുവെന്ന വിശേഷണവും ക്രിസ്തുദാസ് പിതാവിന് സ്വന്തം. പൗരോഹിത്യ രജത ജൂബിലിയാഘോഷത്തോടനുബന്ധിച്ച് പാളയം സെന്റ്. ജോസഫ്സ് കത്തീഡ്രൽ ദൈവാലയത്തിൽ ക്രിസ്തുദാസ് പിതാവ് കൃതജ്ഞത ദിവ്യബലിയർപ്പിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ, ആർച്ച് ബിഷപ് എമിരിത്തൂസ് മോസ്റ്റ്. റവ. ഡോ. സൂസപാക്യം, നെയാറ്റിൻകര രൂപതാദ്ധ്യക്ഷൻ റൈറ്റ്. റവ. വിൻസന്റ് സാമുവൽ, മലങ്കര ഓർത്തഡോക്സ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, അതിരുപതയിലെ വൈദീകർ, സന്യസ്തർ, ഇടവക പ്രതിനിധിധികൾ, അൽമായർ തുടങ്ങി വലിയൊരു വിശ്വാസസമൂഹം കൃതജ്ഞത ദിവ്യബലിയിൽ പങ്കെടുത്തു. പൗരഹിത്യ ജീവിതത്തിലെ ദീപ്തമായ 25 വർഷങ്ങളൂടെ പ്രതീകമായി 25 ദീപങ്ങൾ തെളിയിച്ചുകൊണ്ടാണ് കൃതജ്ഞത ദിവ്യബലി ആരംഭിച്ചത്.
ക്രിസ്തുദാസ് പിതാവിന്റെ ജീവിതം തന്റെ നാമം പോലെ ക്രിസ്തു കേന്ദ്രീകൃതമാണെന്നും, തന്റെ അജപാലന ദൗത്യം നിറവേറ്റുന്ന അവസരങ്ങളിൽ ക്രിസ്തുവിനെ അനുകരിക്കാൻ ശ്രമിക്കുന്ന വ്യക്തിത്വമാണ് ക്രിസ്തുദാസ് പിതാവിന്റേതെന്നും വചന സന്ദേശത്തിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത പറഞ്ഞു. ക്രിസ്തുദാസ് പിതാവിന്റെ പൗരോഹിത്യ ജീവിതം പ്രസാദത്മകമായ ശൈലി പിന്തുടരുന്ന ഒന്നാണെന്നും അതിനാൽ തന്നെ ഏവരെയും ദൈവസ്നേഹത്തിലേക്ക് നയിക്കാൻ പിതാവിന് കഴിയുന്നൂവെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ സൂസപാക്യം പിതാവ് പറഞ്ഞു. നെയ്യാറ്റിൻ കര രൂപതാദ്ധ്യക്ഷൻ ബിഷപ് വിൻസന്റ് സാമുവൽ ആശംസകൾ നേർന്നു. ആശംസാ ചടങ്ങിൽ പാളയം ഇമാം ശുഹൈബ് മൗലവി സന്നിഹിതനായിരുന്നു.
ക്രിസ്തുദാസ് പിതാവിന്റെ പൗരോഹിത്യ രജതജൂബിലിയോടനുബന്ധിച്ച് പിതാവിന്റെ നാമധേയത്തിൽ വിദ്യാഭ്യാസ എൻഡോവ്മെന്റിന് തുടക്കം കുറിച്ചു. സിവിൽ സർവ്വീസ്, പി എച്ച് ഡി എന്നീ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവേശിക്കുന്നവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കാൻ കൃപനലികിയ ദൈവത്തിനും ആഘോഷങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്ത അതിരൂപത നേതൃത്വത്തിനും എന്നും പ്രാർത്ഥനയിൽ ഓർക്കുന്ന വിശ്വസ സമൂഹത്തിനും മറുപടി പ്രസംഗത്തിൽ ക്രിസ്തുദാസ് പിതാവ് നന്ദി രേഖപ്പെടുത്തി.