കോവളം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിവിധ ശുശ്രൂഷ സമിതികളുടെ അർദ്ധവാർഷിക വിലയിരുത്തൽ അതിരൂപതാദ്ധ്യക്ഷൻ തോമസ് ജെ. നെറ്റോ മെത്രാപ്പോലിത്തയുടെ അദ്ധ്യക്ഷതയിൽ നടന്നു. ഇന്ന് രാവിലെ കോവളം ആനിമേഷൻ സെന്ററിൽ നടന്ന ആദ്യസെഷനിൽ അജപാലനം, കുടുംബം, അല്മായ ശുശ്രൂഷകൾ കഴിഞ്ഞ ആറുമാസം നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഫാ. ഷാജു വില്ല്യം, ഫാ. ക്രിസ്റ്റൽ റൊസ്സാരിയോ, ശ്രീ. നിക്സൺ ലോപ്പസ് എന്നിവർ യഥാക്രമം അവതരിപ്പിച്ചു. തുടർന്ന് ഇതിന്മേലുള്ള നിരീക്ഷണം മോൺ. ജയിംസ് കുലാസ് നടത്തി. രണ്ടാമത്തെ സെഷനിൽ വിദ്യാഭാസം, ബി.സി.സി., ടെംബാറാലിറ്റി ശുശ്രൂഷകളുടെ പ്രവർത്തന റിപ്പോർട്ട് ഫാ. സജു റോൾഡൻ, ഫാ. ഡാനിയേൽ, ഫാ. ജോർജ്ജ് ഗോമസ് എന്നിവർ അവതരിപ്പിച്ചു. ഇതോടൊപ്പം കെ.സി.എസ്.എൽ-ന്റെ പ്രവർത്തന റിപ്പോർട്ടവതരണം ഫാ. ഡേവിഡ്സൺ ജസ്റ്റസ്, മീഡീയ കമ്മിഷൻ റിപ്പോർട്ട് ശ്രീ. സതീഷ് ജോർജ്ജ് എന്നിവർ നടത്തി. ഇതിന്മേലുള്ള നിരീക്ഷണം അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേര നടത്തി.
ഉച്ചഭക്ഷണത്തിന് ശേഷം നടന്ന മൂന്നാമത്തെ സെഷനിൽ സാമൂഹ്യ ശുശ്രൂഷയുടെ റിപ്പോർട്ടവതരണത്തിന് ഡയറക്ടർ ഫാ. ആഷിലിൻ ജോസും വിവിധ കമ്മിഷനുകളെ പ്രതിനിധീകരിച്ച് ഫാ. രജീഷ് രാജൻ, ഫാ. സ്റ്റാലിൻ എന്നിവരും നേതൃത്വം നൽകി. മത്സ്യമേഖല ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജൻ ജോസ് ശുശ്രൂഷ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ഈ റിപ്പോർട്ടുകളുടെ നിരീക്ഷണം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് നടത്തി. വിവിധ ശുശ്രൂഷകൾ നടത്തിയ റിപ്പോർട്ടുകളുടെ ക്രോഡീകരണത്തിനും നിരീക്ഷണത്തിന്മേൽ നടന്ന ചർച്ചകൾക്കും അതിരൂപത ശ്രുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ഡോ. ലോറൻസ് കുലാസ് നേതൃത്വം നൽകി. വിലയിരുത്തൽ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകളിൽ അഭിവന്ദ്യ പിതാക്കന്മാർ ആവശ്യമായ നിർദ്ദേശങ്ങളും തിരുത്തലുകളും നൽകി.
മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ ക്രിയാത്മകവും അതുപോലെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്ന തരത്തിലുള്ള വിലയിരുത്തൽ പ്രക്രീയയാണ് നടന്നത്. വെല്ലുവിളികൾ ധാരളം മുന്നിലുണ്ടെങ്കിലും ഇത്തരത്തിലുള്ള ചിട്ടയായ പ്രവർത്തനംകൊണ്ട് പരിമിതികളെ മറികടന്ന് കൂടുതൽ ഗുണകരമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ ശുശ്രൂഷകൾക്ക് സാധിക്കുമെന്നും അതിനായി എല്ലാവിധ സഹായ സഹകരണവും അതിരൂപതയിൽനിന്നും ലഭ്യമാകുമെന്ന ഉറപ്പും യോഗത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്ത നൽകി.