വത്തിക്കാൻ: രണ്ടായിരത്തിയിരുപത്തിയഞ്ചാം ആണ്ടിൽ കത്തോലിക്കാസഭ ജൂബിലി ആഘോഷം നടത്താനിരിക്കെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തി ഫ്രാൻസിസ് പാപ്പ. കത്തോലിക്കാപാരമ്പര്യപ്രകാരം 2024-ലെ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിരുനാൾ ദിനമായ മെയ് ഒൻപത് വ്യാഴാഴ്ചയാണ് പ്രഖ്യാപനം നടന്നത്. സഭയിലൂടെ തന്റെ ജനത്തെ നയിക്കുന്ന ദൈവത്തിന്റെ സ്നേഹവും, അവൻ നൽകുന്ന രക്ഷയിലുള്ള ഉറപ്പും പ്രത്യാശയും ആഘോഷിക്കുന്ന പ്രത്യേക അവസരമായിരിക്കും 2025- ജൂബിലി വർഷം.
പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല (Spes non confundit) എന്ന റോമക്കാർക്കുള്ള ലേഖനം അഞ്ചാം അദ്ധ്യായം അഞ്ചാം വാക്യത്തോടെയാണ് ബൂള ആരംഭിക്കുന്നത്. പ്രത്യാശ ഏവരുടെയും ഹൃദയങ്ങളിൽ നിറയട്ടെയെന്ന് പാപ്പാ ജൂബിലിയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ഈ ലേഖനത്തിൽ എഴുതി. ഇറ്റാലിയൻ സമയം വൈകുന്നേരം അഞ്ച് മുപ്പതിന് വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുൻവശത്താണ് ഇതുമായി ബന്ധപ്പെട്ട ആഘോഷച്ചടങ്ങുകൾ നടന്നത്. ബൂള വായിക്കുന്ന ചടങ്ങുകൾക്ക് ശേഷം, വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽവച്ച്, ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിരുനാളുമായി ബന്ധപ്പെട്ട രണ്ടാം സഹായ്ഹ്നപ്രാർത്ഥന നടന്നു. ഫ്രാൻസിസ് പാപ്പയാണ് പ്രാർത്ഥനകൾ നയിച്ചത്.