മെയ് 12 ഞായർ അമ്പത്തിയെട്ടാമത് ആഗോള മാധ്യമ ദിനമായി ആചരിക്കുന്നു. “ നിർമിതബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും : സമ്പൂർണമായ മാനുഷിക ആശയവിനിമയത്തിലേക്ക് ” എന്നതാണ് ഈ വർഷത്തെ പ്രമേയം. ദിനാചരണത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ നൽകുന്ന സന്ദേശം
പ്രിയ സഹോദരീ സഹോദരന്മാരേ,
ലോകസമാധാനദിനത്തോടനുബന്ധിച്ച് നിർമിതബുദ്ധിയെക്കുറിച്ചും അതിന്റെ സംവിധാനങ്ങളുടെ വികാസത്തെക്കുറിച്ചും ഒരു സന്ദേശം ഞാൻ നല്കിയിരുന്നു. അറിവിന്റെയും ആശയവിനിമയത്തിന്റെയും മേഖലയെ സമൂലമായി ബാധിക്കുന്ന സങ്കേതമാണത്. ഇത് സാമൂഹികജീവിതത്തിന്റെ അടിസ്ഥാനശിലകളെത്തന്നെ സ്വാധീനിക്കാൻ പോന്നതാണ്.ഈ മേഖലയിലെ വിദഗ്ധരെ മാത്രമല്ല ഈ മാറ്റങ്ങൾ ബാധിക്കുക,പ്രത്യുത, നാം ഓരോരുത്തരെയുമത്രേ. അദ്ഭുതകരമായ ഈ നൂതന ആവിഷ്കാരങ്ങളുടെ ത്വരിതഗതിയിലുള്ള വ്യാപനവും അവയുടെ പ്രവർത്തനശൈലിയും സാധ്യതകളും സമഗ്രമായി മനസ്സിലാക്കാനും അംഗീകരിച്ചാസ്വദിക്കാനും ഉള്ള കഴിവ് നമ്മിൽ ഭൂരിഭാഗം ആളുകൾക്കും ഇല്ല. ഒരേസമയം അത് അതിശയിപ്പിക്കുന്നതും വഴിതെറ്റിക്കുന്നതുമത്രേ! മനുഷ്യസ്വഭാവത്തെക്കുറിച്ചും മനുഷ്യന്റെ അനന്യതയെക്കുറിച്ചും മനുഷ്യകുലത്തിന്റെ ഭാവിയെക്കുറിച്ചും ആഴത്തിലുള്ള ചില ചോദ്യങ്ങൾ, സ്വാഭാവികമായും ഉന്നയിക്കാൻ നിർമിതബുദ്ധിയുടെ ഇക്കാലം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഉദാത്തമായ ഒരു ലക്ഷ്യത്തിനുവേണ്ടി ഈ സാംസ്കാരിക പരിണാമത്തെ സമുചിതമായി നയിക്കാനും പൂർണമനുഷ്യനായി വ്യാപാരിക്കാനും എങ്ങനെയാണ് നമുക്ക് സാധിക്കുക?
ആരംഭം ഹൃദയത്തിൽ നിന്നാകട്ടെ!
എല്ലാറ്റിനും ഉപരിയായി, കൊടിയ ദുരന്തത്തെക്കുറിച്ചുള്ള വചനത്തെയും മരവിപ്പ് ഉണ്ടാക്കുന്ന അതിന്റെ പ്രത്യാഘാതങ്ങളെയും നമുക്കു തള്ളിക്കളയാം. ഒരു നൂറ്റാണ്ടിനു മുൻപ്, റൊമാനോ ഗ്വർദീനി ( Romano Guardini) സാങ്കേതികവിദ്യയെക്കുറിച്ചും മനുഷ്യകുലത്തെക്കുറിച്ചും വിചിന്തനം നടത്തി. ‘അപ്രത്യക്ഷമാകാൻ വിധിക്കപ്പെട്ട മനോഹരമായ ഒരു ലോകത്തെ പരിരക്ഷിക്കാനുള്ള ‘ഉദ്യമത്തിൽ നവമായതിനെ ’ തിരസ്കരിക്കരുത് എന്നായിരുന്നു ഗ്വർദീനി നമ്മോടാഹ്വാനം ചെയ്തത്. അതേസമയം പ്രവാചകധീരതയോടെ അദ്ദേഹം നല്കുന്ന മുന്നറിയിപ്പ് ഏറെ ശ്രദ്ധേയമായത്രേ! “ നാം ആയിരിക്കുന്നത്, നിരന്തരം ആയിത്തീരാനുള്ള പ്രക്രിയയിലാണ് ” (We are constantly in the process of becoming). ഓരോ വ്യക്തിയും തങ്ങളുടേതായ രീതിയിൽ തുറന്ന മനസ്സോടും, മനുഷ്യത്വരഹിതവും നശീകരണ സ്വഭാവമുള്ള സകലതിനെയും കുറിച്ചുള്ള തികഞ്ഞ സംവേദനക്ഷമതയോടും ഈ പ്രക്രിയയിലേക്ക് പ്രവേശിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ഉപസംഹാരം ഇങ്ങനെ:
“ ഇവയെല്ലാം സാങ്കേതികവും ശാസ്ത്രീയവും രാഷ്ട്രീയവുമായ സമസ്യകളാണ്.എന്നാൽ, അവയ്ക്കുള്ള പരിഹാരം, സമാധാനം, ആരംഭിക്കേണ്ടത് നമ്മുടെ മനുഷ്യസ്വഭാവത്തിൽ നിന്നുതന്നെയാകണം ആഴമായ ആത്മീയതയും നവമായ സ്വാതന്ത്ര്യവും ആന്തരികതയും കൊണ്ട് അനുഗൃഹീതമായ പുതിയൊരു മനുഷ്യൻ രൂപപ്പെടേണ്ടതുണ്ട് ”
ചരിത്രത്തിലെ ഈ നിർണായകഘട്ടത്തിൽ, സാങ്കേതികവിദ്യയിൽ സമ്പന്നരായിരിക്കുമ്പോൾ തന്നെ മനുഷ്യത്വത്തിൽ ദരിദ്രരായിരിക്കുന്നതിൽ വലിയ അപകടസാധ്യതയുണ്ട്. അപ്പോൾ നമ്മുടെ പരിചിന്തനങ്ങൾ ആരംഭിക്കേണ്ടത്മനുഷ്യഹൃദയത്തിൽനിന്നുതന്നെയാകണം. സത്യദർശനത്തിൽ ഒരു ആത്മീയവീക്ഷണം സ്വീകരിക്കുന്നതിലൂടെ, ഹൃദയജ്ഞാനം വീണ്ടെടുക്കുന്നതിലൂടെ മാത്രമേ നമ്മുടെ കാലഘട്ടത്തിന്റെ നൂതനത്വത്തെ അഭിമുഖീകരിക്കാനും വ്യാഖ്യാനിക്കാനും സാധ്യമാവൂ! സമ്പൂർണമായ മാനുഷിക ആശയവിനിമയവും അങ്ങനെ മാത്രമേ സാക്ഷാത്കരിക്കാനാവൂ. ബൈബിളിൽ സ്വാതന്ത്ര്യത്തിന്റെയും തീരുമാനങ്ങളെടുക്കുന്നതിന്റെയും ഇടമായിക്കാണുന്നത് ഹൃദയത്തെയത്രേ! അത് പ്രതീകവത്കരിക്കുന്നത് ഉദ്ഗ്രഥനവും lഐക്യവുമാണ്. അതേസമയം അത് നമ്മുടെ വികാരവിചാരങ്ങളെയും സ്വപ്നങ്ങളെയും ഉൾക്കൊള്ളുന്നുമുണ്ട്.സർവോപരി, ദൈവവുമായി കണ്ടുമുട്ടുന്ന ഒരു ആന്തരികതലം കൂടി അതിനുണ്ട്. ഹൃദയജ്ഞാനം സാകല്യത്തെ അതിന്റെ വിവിധ ഘടകങ്ങളുമായി സംയോജിപ്പിക്കുന്നതിനുള്ള സവിശേഷസിദ്ധി നമുക്കു സമ്മാനിക്കാൻ പോന്നതാണ്. നമ്മുടെ തീരുമാനങ്ങളും അവയുടെ പ്രത്യാഘാതങ്ങളും കുലീനതയും രോഗാതുരതയും ഭൂതവും ഭാവിയും വ്യക്തിത്വവും വലിയൊരു സമുദായത്തിലെ അംഗത്വവും എല്ലാം ആശ്ലേഷിക്കുന്ന ഒന്നാണത്.
ഹൃദയത്തിന്റെ ജ്ഞാനം അതിനെ തീക്ഷ്ണതയോടെ അന്വേഷിക്കുന്നവർക്ക് സംലഭ്യമാണ്. അതിനെ സ്നേഹിക്കുന്നവർക്ക് അത് ദർശിക്കാനും, അതിനെ ആശ്രയിക്കുന്നവർക്ക് അതു മുൻകൂട്ടിത്തന്നെ ആർജിക്കാനും കഴിയും. അതിനു യോഗ്യരായവരെ തേടിപ്പോകുന്ന ഒന്നാണത് (ജ്ഞാനം 6:12-16) ഉപദേശം സ്വീകരിക്കുന്നവരുടെ കൂടെയാണ് വിവേകം. (സുഭാഷിതങ്ങൾ 13:10) ശ്രവിക്കാനുള്ള ഹൃദയമുള്ളവനെയും ശിക്ഷണം വേണ്ടവനെയും അത് അനുഗമിക്കും.(1 രാജാ 3:9) പരിശുദ്ധാത്മാവിന്റെ ദാനമായ അത് ദൈവത്തിന്റെ കണ്ണുകളോടെ എല്ലാം ദർശിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. പാരസ്പര്യത്തെയും സാഹചര്യങ്ങളെയും സംഭവങ്ങളെയും അവയുടെ മൂടുപടം നീക്കി, അവയുടെ യഥാർഥ അർഥതലങ്ങൾ മനസ്സിലാക്കിത്തരാൻ പോന്നതാണത്. ഇത്തരമൊരു ജ്ഞാനമില്ലാതെ ജീവിതം രുചിയും രൂക്ഷതയുമില്ലാത്തതാകുന്നു. ജ്ഞാനം എന്ന പദത്തിന്റെ കൃത്യമായ അർഥം അതിന്റെ ലത്തീൻ മൂലമായ സപ്പേരെ (sapere) എന്ന പദവും അതിന്റെ നാമം നാമരൂപമായ സപ്പോർ(sapor) എന്ന പദവുമായി ബന്ധപ്പെട്ടാണ് നില്ക്കുന്നത്. ‘സപ്പോർ’ എന്ന ലത്തീൻ പദത്തിന്റെ അർഥം ‘ രുചിപകരുക ’ എന്നർഥം വരുന്ന ‘Savour’ എന്ന ഇംഗ്ലീഷ് പദവുമായി ബന്ധപ്പെട്ടണ് നില്ക്കുന്നത്.
അവസരവും അപകടവും
ഇത്തരം ജ്ഞാനം യന്ത്രങ്ങളിൽനിന്നു ലഭ്യമല്ല. നിർമിതബുദ്ധിയെ ഇന്നു വിളിക്കുന്ന ഓമനപ്പേരാണ് യന്ത്ര പഠനം അഥവാ മെഷീൻ ലേണിങ് (Machine learning). ശാസ്ത്രസാഹിത്യത്തിൽ ഇന്ന് ഉപയോഗിക്കുന്ന സംജ്ഞയാണത്. ഇവിടെ ഉപയോഗിക്കപ്പെടുന്ന ബുദ്ധി(Intelligence) എന്ന പദത്തിന്, മനുഷ്യരെ വഴിതെറ്റിച്ചുനയിക്കാനുള്ള സ്വഭാവമുണ്ട്. സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ച് വയ്ക്കുന്നതിനും പരസ്പരം സ്ഥിതിവിവരണ കണക്കുകൾ ബന്ധപ്പെടുത്തി താരതമ്യം ചെയ്യുന്നതിനും അപഗ്രഥിക്കുന്നതിനും മനുഷ്യനെക്കാൾ കഴിവ് യന്ത്രത്തിനുണ്ട് എന്ന കാര്യം അവിതർക്കിതമാണ്. എന്നാൽ അവയുടെ അർഥതലങ്ങൾ മനസ്സിലാക്കാൻ മനുഷ്യന് മാത്രമേ സാധിക്കൂ. മനുഷ്യനെപ്പോലെ കാണപ്പെടുന്ന രീതിയിൽ യന്ത്രത്തെ നിർമിക്കുക എന്ന കർമമായി ഇതിനെ ലഘൂകരിച്ചു കാണാനാവില്ല. തങ്ങൾ സർവശക്തരാണെന്ന മിഥ്യാധാരണയുടെ അടിസ്ഥാനം തങ്ങൾ പരിപൂർണമായ സ്വയംഭരണാധികാരം ഉള്ളവരാണെന്നും കൂടിയാലോചനകൾ ഒന്നും കൂടാതെ തീരുമാനങ്ങൾ കൈക്കൊള്ളാൻ പോന്നവരാണെന്നും ഉള്ള താൻപോരിമയാണ്. സാമൂഹികമായ ഉത്തരവാദിത്വങ്ങളും കടപ്പാടും തങ്ങൾക്കില്ലായെന്നുമാണ് ഈ ചിന്താഗതിക്കാരുടെ അഭിപ്രായം. തങ്ങൾ ദൈവത്തിന്റെ സൃഷ്ടികളാണെന്ന അന്തസ്സും യാഥാർഥ്യവും ഇക്കൂട്ടർ സൗകര്യപൂർവം മറക്കുകയാണ്.
സർവവും തികഞ്ഞവരല്ല തങ്ങൾ എന്ന യാഥാർത്ഥ്യം എല്ലാകാലത്തും മനുഷ്യർ തിരിച്ചറിഞ്ഞിട്ടുള്ള ഒരു വസ്തുതയത്രേ. സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ഈ പരിമിതികളെയും രോഗാതുരതയെയും മുറിവേൽക്കപ്പെടാനുള്ള സാധ്യതയെയും മറികടക്കാനും തരണം ചെയ്യാനും മനുഷ്യർ യത്നിച്ചിട്ടുണ്ട്. ചരിത്രാതീതകാലം മുതലുള്ള മനുഷ്യന്റെ കലയുടെയും കരകൗശലത്തിന്റെയും ഉൽപന്നങ്ങളെല്ലാം മനുഷ്യകരങ്ങളുടെ ഒരു വികസിതരൂപം അല്ലെങ്കിൽ കൂട്ടിച്ചേർപ്പ് (Extension) അത്രേ. അതുപോലെ, മാധ്യമം (Media) മനുഷ്യർ ഉരുവിട്ട വാക്കുകളുടെ വികസിതരൂപമായി പരിണമിച്ചു. നവസാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള അതിസങ്കീർണങ്ങളായ യന്ത്രങ്ങളുടെ സഹായത്താൽ ഇന്ന് മനുഷ്യന്റെ ചിന്തകളെത്തന്നെ സഹായിക്കാമെന്ന അവസ്ഥയാണുള്ളത്. കമ്പ്യൂട്ടർ എന്ന പദത്തിന്റെ ഉല്പത്തി ‘ കൂടെ ചിന്തിക്കുക’ യെന്ന അർഥം വരുന്ന ‘Com-puto ’(കം – പൂത്തോ) എന്ന ലത്തീൻ പദത്തിൽ നിന്നത്രേ. ഓരോ ഉപകരണവും ദുരുപയോഗം ചെയ്യാനുള്ള സാധ്യത നിലനില്ക്കുന്നുണ്ട്. ദൈവത്തെ കൂടാതെ ദൈവമാകാനുള്ള ആദിമകാലം തൊട്ടുള്ള, മനുഷ്യന്റെ പ്രലോഭനം തന്നെയാണ് അതിനുള്ള കാരണം (ഉല്പത്തി3). ദൈവകൃപപോലെ സൗജന്യമായി ലഭിക്കേണ്ടതും സമ്മാനമായി സ്വീകരിച്ച് സർവരും കൂട്ടായ്മയിൽ ആസ്വദിക്കേണ്ടതുമായതിനെ സ്വന്തം പ്രയത്നത്താൽ നേടിയെടുക്കാം എന്ന ചിന്തയും ഇതിനു പിറകിലുണ്ട്. ഹൃദയത്തിന്റെ ആഭിമുഖ്യവും ചായ്‌വും അനുസരിച്ച്, കരഗതമായിട്ടുള്ളവയെല്ലാം ഒരേസമയം ഒരവസരവും ഭീഷണിയുമത്രേ. ആശയവിനിമയത്തിനും കൂട്ടായ്മയ്ക്കും ആയി സൃഷ്ടിക്കപ്പെട്ട മനുഷ്യശരീരംതന്നെ ഹിംസയുടെയും കൊടിയ ആക്രമത്തിന്റെയും ഉപകരണമായി മാറാം. അതുപോലെതന്നെ, മനുഷ്യന്റെ സാങ്കേതികമായ കൂട്ടിച്ചേർക്കലുകൾ മനുഷ്യരുടെ സ്നേഹസേവനത്തിനായും ശത്രുതാപരമായ പ്രാമാണ്യത്തിനായും അധിനിവേശത്തിനായും ഉള്ള ഉപകരണങ്ങളായി ഉപയോഗിക്കപ്പെടാം. ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനങ്ങൾക്ക് അജ്ഞതയെ അകറ്റി, വിവിധ ജനങ്ങൾക്കിടയിലും തലമുറകൾക്കിടയിലും അറിവ് കൈമാറ്റം ചെയ്യുന്നതിനും സഹായകരമായി വർത്തിക്കാം. ഉദാഹരണത്തിന്, പുരാതനയുഗത്തിലെ രേഖപ്പെടുത്തപ്പെട്ട അറിവിന്റെ ബൃഹത്തായ പൈതൃകത്തെ സംലഭ്യമാക്കാനും മനസ്സിലാക്കിക്കൊടുക്കാനും നിർമ്മിതബുദ്ധിക്കു സാധിക്കും. പൊതുവായ ഒരു ഭാഷയില്ലാത്ത വ്യക്തികൾക്കിടയിലും ആശയവിനിമയം സാധ്യമാക്കാൻ പോന്നതാണത്. എന്നിരുന്നാലും അതേസമയം, വൈജ്ഞാനികമായ മലിനീകരണത്തിന്റെ (Cognitive pollution) ഒരു സ്രോതസായി അതു മാറാം. സത്യത്തെ വക്രീകരിച്ച് ഭാഗികമോ സമ്പൂർണമോ ആയ തെറ്റായ ആഖ്യാനങ്ങളിലൂടെ, അതാണ് സത്യം എന്ന് പ്രചരിപ്പിക്കാനും പ്രക്ഷേപണം ചെയ്തു ജനങ്ങളെ വിശ്വസിപ്പിക്കാനും ഉള്ള സാധ്യത ഏറെയാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് തെറ്റായ വിവരം മനപ്പൂർവം നല്കുക (Disinformation) എന്നത് ദീർഘകാലമായുള്ള പ്രശ്നമത്രേ.[3] ആഴമായ വ്യാജം (Deep fake) ഉപയോഗിച്ച്, തികച്ചും വിശ്വസനീയമായ രീതിയിൽ സചിത്രമായി അവതരിപ്പിച്ചുകൊണ്ടുള്ള അസത്യപ്രസ്താവനകൾ ഇന്ന് സാധ്യമാണ്. [ ഞാനും ഇങ്ങനെ ഇരയാക്കപ്പെട്ടിട്ടുണ്ട് ]. ഒരു വ്യക്തി ഒരിക്കലും പറയാത്ത കാര്യങ്ങൾ പോലും,അയാളുടെതന്നെ ശബ്ദവും വാക്കുകളും ഉപയോഗിച്ചുകൊണ്ടുള്ള ശബ്ദ സന്ദേശങ്ങൾ (Audio messages) ഇന്ന് പ്രചരിപ്പിക്കാനാവും! ഇത്തരം പ്രോഗ്രാമുകളുടെ പുറകിലുള്ള കൃത്രിമ മാതൃകയും അനുകരണ സാങ്കേതിക വിദ്യയും (Technology of simulation) ചില സാഹചര്യങ്ങളിൽ, മേഖലകളിൽ, ഉപയോഗപ്രദമാണ്. മനുഷ്യബന്ധങ്ങളെ വക്രീകരിച്ചു ശിഥിലമാക്കുകയും സത്യത്തെ വളച്ചൊടിക്കുകയും ചെയ്യുമ്പോൾ അത് വികൃതമായിത്തീരുന്നു.
നിർമിതബുദ്ധിയുടെ ആദ്യ തരംഗം ഉണ്ടായ സാമൂഹിക മാധ്യമങ്ങളിലെ ഈ അവ്യക്തതയും ധൈര്യവും നാം അനുഭവിച്ചറിഞ്ഞതാണ്. സാമൂഹിക മാധ്യമത്തിന് ഏറെ സാധ്യതയുള്ളപ്പോൾതന്നെ അപകടസാധ്യതകളും അതുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളുമുണ്ട്. നിർമിതബുദ്ധിയുടെ രണ്ടാമത്തെ ലെവലായ, ഉപമേഖലയായ ജനറേറ്റിവ് ആർട്ടിഫിഷൽ ഇന്റലിജൻസ് പ്രതിനിധികരിക്കുന്നത് ഉചിതമായ ഒരു കുതിച്ചുചാട്ടം തന്നെയാണെന്നത് അവിതർക്കിതമാണ്. എന്നാൽ ഇവിടെയും വേണ്ട നിയന്ത്രണങ്ങൾ ആവശ്യമാണ്. അവയെ വേണ്ടവിധം മനസ്സിലാക്കുകയും അംഗീകരിച്ചാദരിക്കുകയും ചെയ്യുമ്പോൾത്തന്നെ അവ തെറ്റായ കരങ്ങളിൽ എത്തപ്പെട്ട് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മനുഷ്യധിഷണയുടെയും നൈപുണ്യത്തിന്റെയും ഏത് ഉൽപ്പന്നംപോലെത്തന്നെ അൽഗോരിതങ്ങളും നിഷ്പക്ഷമല്ല. അക്കാരണത്താൽ, അവയുടെ ദുരുപയോഗം തടയുന്നതിനുള്ള സത്വരനടപടികൾ ആവശ്യമാണ്. ധാർമിക നിയന്ത്രണങ്ങളെ സമാദരിക്കുന്ന മാതൃകകളാണ് നിർദേശിക്കേണ്ടത്. സാമൂഹികനീതിക്കു നിരക്കാത്ത വിധത്തിലും മനുഷ്യർക്കിടയിൽ വിഭാഗീയതയും ശത്രുതയും സൃഷ്ടിക്കുന്ന തരത്തിലും അവ ഉപയോഗിക്കപ്പെടാതെ നോക്കേണ്ടതുണ്ട്. ബഹുസ്വരതയെ ഹനിക്കുന്നതിനും പൊതുജനാഭിപ്രായത്തെ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം അട്ടിമറിക്കുന്നതിനും അവസരമൊരുക്കാൻ പാടില്ല. അന്തർദേശീയ സമൂഹത്തോട് എനിക്ക് അഭ്യർഥിക്കാനുള്ളത് “ നിർമ്മിതബുദ്ധിയുടെ വികസനവും വിവിധരീതിയിലുള്ള ഉപയോഗവും സംബന്ധിച്ച് ഏവർക്കും ബാധകമായ ഒരു അന്തർദേശീയ ഉടമ്പടി രൂപപ്പെടുത്തുന്നതിൽ സഹകരിച്ച് പ്രവർത്തിക്കണമെന്നത്രേ. ”[4] അതേസമയം ഏതൊരു മാനുഷിക സാഹചര്യത്തിലുമുള്ളതുപോലെ നിയന്ത്രണങ്ങൾ മാത്രം മതിയാവും എന്നു ധരിക്കരുത്.
മനുഷ്യത്വത്തിൽ ഉള്ള വളർച്ച
കൂട്ടായ വളർച്ചയിലേക്കാണു നാമേവരും വിളിക്കപ്പെട്ടിരിക്കുന്നത്. ഈ വളർച്ച മനുഷ്യത്വത്തിലേക്കുള്ള വളർച്ചയും മനുഷ്യമഹാകുടുംബത്തിന്റെ വളർച്ചയുമത്രേ ബഹുസ്വരവും വിവിധ വർഗങ്ങളെയും ജനത്തിനെയും ഉൾക്കൊള്ളുന്നതും വിവിധ മതങ്ങളെയും സംസ്കാരങ്ങളെയും ആശ്ലേഷിക്കുന്നതുമായ ഒരു സങ്കീർണമായ സമൂഹത്തിന്റെ സംരചനയിൽ ഗുണപരമായ ഒരു കുതിപ്പ് നടത്താൻ നാം വെല്ലുവിളിക്കപ്പെട്ടിരിക്കുകയാണ്. ആശയവിനിമയത്തിന്റെയും വിജ്ഞാനത്തിന്റെയും ഈ പുതിയ ഉപകരണങ്ങളുടെ സൈദ്ധാന്തികമായ വികാസത്തെക്കുറിച്ചും അവയുടെ ദൈനംദിന ജീവിതത്തിലെ ഉപയോഗത്തെക്കുറിച്ചും ശ്രദ്ധയോടെ വിചിന്തനം നടത്താനും നാം വിളിക്കപ്പെട്ടിരിക്കുന്നു. നന്മയ്ക്കായുള്ള അവയുടെ ബൃഹത്തായ സാധ്യതകളോടൊപ്പം ചില അപകടസാധ്യതകളും അവയെ പിന്തുടരുന്നുണ്ട്. എല്ലാറ്റിനെയും അമൂർത്തമായ കണക്കുകൂട്ടലുകളായി മാറ്റിമറിക്കാനും വ്യക്തികളെ സ്ഥിതിവിവരണകണക്കായി (Data) മാത്രം ലഘൂകരിച്ച് കാണാനുമുള്ള സാധ്യതയുണ്ട്. ചിന്തയെന്നത്, ഒരു യാന്ത്രിക പ്രക്രിയ മാത്രമാണെന്നും അനുഭവജ്ഞാനമെന്നത്, ഒറ്റപ്പെട്ട കേസാണെന്നും, കരുതാനും നന്മയെ ലാഭമായി മാത്രം നോക്കിക്കാണാനും, സർവോപരി, ഓരോ വ്യക്തിയുടെയും തനിമയും അനന്യതയും നിക്ഷേധിക്കുകയും ചെയ്തുകൊണ്ട് അവന്റെയും അവളുടെടെയും കഥകളെ നിഷേധിക്കാനും ഉള്ള സാധ്യതയും നിലനില്ക്കുന്നുണ്ട്. സത്യത്തിന്റെയും ഉൺമയുടെയും മൂർത്തഭാവങ്ങൾ, അപ്രകാരം സ്ഥിതിവിവരക്കണക്കുകളുടെയും ‘ ഡാറ്റ’യുടെയും ബാഹുല്യത്തിന്റെ കോലാഹലങ്ങളിൽ അലിഞ്ഞില്ലാതാവുന്നുവെന്നതാണ്, യാഥാർത്ഥ്യം.
ഡിജിറ്റൽ വിപ്ലവത്തിന് (Digital Revolution) കൂടുതൽ സ്വാതന്ത്ര്യം നമുക്ക് പ്രദാനം ചെയ്യാനാകുമെങ്കിലും, നമ്മെ ചില മാതൃകകളുടെ അടിമകളാക്കിത്തീരാൻ അനുവദിച്ചു കൂടാ. ‘ എക്കോ ചേംബറുകളുടെ തടവുകാരായി തീരുന്നത് ഒട്ടും ആശാസ്യമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, നമ്മുടേതിൽനിന്നും വ്യത്യസ്തമായ വിശ്വാസപ്രമാണങ്ങളെയും ചിന്താഗതികളെയും ബദൽ ചിന്തകളെയും പാടെ നിരസിക്കുകയെന്ന ഇടുങ്ങിയ മനോഭാവമത്രേ! ഈ സാഹചര്യത്തിൽ, അറിവിന്റെ ബഹുസ്വരത വർധിക്കാതിരിക്കുന്നതിനു പകരം, ആശയക്കുഴപ്പത്തിന്റെ ചെളിക്കുണ്ടിൽ ഒഴുകി നടക്കാനാവും നമ്മുടെ വിധി. വിപണിയുടെയും അധികാരത്തിൽ വാഴുന്നവരുടെയും ഇരകളായിത്തീരാനും അതുവഴിവയ്ക്കുന്നതാണ്. നിർമ്മിതബുദ്ധി ഉപയോഗപ്പെടുത്തി വിഭാഗീയചിന്ത വളർത്തണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളും കണക്കുകളും അവതരിപ്പിക്കാമെന്നും എഡിറ്റർമാർക്ക് കൂട്ടായി നിന്നുകൊണ്ട് കൃത്യനിർവഹണത്തിൽ വീഴ്ച വരുത്താമെന്നും ഉള്ള ചിന്തകൾ നമുക്ക് സ്വീകാര്യമല്ല. യന്ത്രങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് ബൃഹത്തായ സ്ഥിതിവിവരണ കണക്കുകൾ (Big Data) എത്ര തന്നെ അത്യന്താപേക്ഷിതമാണെങ്കിലും വസ്തുതകളുടെ നിജസ്ഥിതി നഷ്ടപ്പെടാനുള്ള വലിയ സാധ്യത അന്തിമവിശലനത്തിൽ നിലനില്ക്കുന്നതായി കാണാം. വ്യക്തികൾക്കിടയിലെ ആശയവിനിമയത്തിന് വിഘാതമായിത്തീരുന്ന ഈ സാഹചര്യം നമ്മുടെ മാനവികതയ്ക്കുതന്നെ ഭീഷണിയത്രേ. അറിവിനെ സജീവമായ, ഊഷ്മളമായ മനുഷ്യബന്ധത്തിൽ നിന്നു വേർപെടുത്താനാവില്ല. മനുഷ്യ ശരീരവും യഥാർഥജീവിതത്തിലെ ഇടപെടലും മുഴുകലും അതിലുൾപ്പെടുന്നുണ്ട്. സ്ഥിതിവിവരണ കണക്കുകളും ഡാറ്റയുമായി മാത്രമല്ല അത് ബന്ധപ്പെട്ടിരിക്കുന്നത്, പ്രത്യുത മനുഷ്യന്റെ അനുഭവജ്ഞാനവുമായിട്ട് കൂടിയാണ്. അതിനു വേണ്ടത്, സംവേദന ക്ഷമതയും അനുകമ്പയും പങ്കുവെക്കലുമാണ്. ഇതര മനുഷ്യരുടെ മുഖവും മുഖഭാവങ്ങളും തിരിച്ചറിയാൻ നമുക്ക് സാധിക്കണം.
ഇവിടെ യുദ്ധകാര്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിനെക്കുറിച്ചു ചിന്തിച്ചു പോകുന്നു,ഒപ്പം ഒരു സമാന്തര യുദ്ധത്തെക്കുറിച്ചും. ഈ സമാന്തര യുദ്ധം നടക്കുന്നത് വ്യാജ പ്രചരണങ്ങൾ വഴിയത്രെ. യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ മുറിവേൽക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നവരെയും ഞാൻ അനുസ്മരിക്കുന്നു. അവർ കണ്ട കാര്യങ്ങൾനമ്മെ കാണിക്കാനുള്ള ശ്രമത്തിലാണ് അവർക്കിങ്ങനെ സംഭവിച്ചത്. യുദ്ധത്തിന്റെ അർത്ഥമില്ലായ്മയിലേക്കാണ് യുദ്ധം മൂലം സഹിക്കേണ്ടിവരുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും തീവ്രമായ അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ആശയവിനിമയമേഖലയിൽ ആശ്വാസമായ, സർഗാത്മകമായ സംഭാവനകൾ നൽകാൻ നിർമ്മിതബുദ്ധിയുടെ ഉപയോഗം വഴി സാധിക്കും. പ്രഫഷ്ണൽ ജേണലിസത്തെ അത് തുടച്ചുനീക്കാതിരുന്നാൽ മാത്രം മതി. ജേണലിസത്തെ സഹായിക്കുന്നവിധമാവണം അതിന്റെ പ്രവർത്തനശൈലി. ആശയവിനിമയത്തിന്റെ പ്രഫഷ്ണൽ സ്വഭാവത്തെ അംഗീകരിക്കുന്നതുമായിരിയിരിക്കണം അത്. തന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് കൂടുതൽ അവബോധമുഉള്ളവരായിരിക്കണം ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും. അപ്രകാരം അവരെല്ലാവരും വിവേക ബുദ്ധിയോടെ ആശയവിനിമയമേഖലയിൽ പങ്കാളികളാവട്ടെ!
ഇന്നത്തെയും ഭാവിയിലെയും ചില ചോദ്യങ്ങൾ. ഈ വിഷയത്തിൽ സ്വാഭാവികമായി ഉയരുന്ന ഏതാനും ചോദ്യങ്ങളുണ്ട്. പ്രൊഫഷനലിസത്തെയും ഈ മേഖലയിൽ സേവനം ചെയ്യുന്നവരെയും എങ്ങനെയാണ് നാം പരീക്ഷിക്കുക? ഒപ്പം, ലോകമാസകലമുള്ള, അറിവിന്റെയും ആശയവിനിമയത്തിന്റെയും ഉപഭോക്താക്കളുടെ സംരക്ഷണം എങ്ങനെ സാധ്യമാവും? വിവിധങ്ങളായ പ്ലാറ്റ്ഫോമുകൾക്കിടയിലെ പ്രവർത്തനങ്ങൾ എങ്ങനെ ഉറപ്പുവരുത്താം? എങ്ങനെ പരസ്പരപൂരകമായി പ്രവർത്തിക്കാനാകും? ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വികസിപ്പിച്ചെടുക്കുന്ന ബിസിനസുകാരെ ഉള്ളടക്കവും പരസ്യവും സംബന്ധിച്ച കാര്യങ്ങളിൽ, മറ്റുപരമ്പരാഗത മാധ്യമങ്ങളുടെ എഡിറ്റർമാരെപ്പോലെ തന്നെ എങ്ങനെ ഉത്തരവാദികളായി പരിഗണിക്കാം? അൽഗോരിതം ഉപയോഗിക്കുന്നതിന്റെ മാനദണ്ഡങ്ങൾ – ഇൻഡക്സിങ്ങിനും ഡീ- ഇൻഡക്സിങ്ങിനുമായിട്ടുള്ള – എങ്ങനെ കൂടുതൽ സുതാര്യമാക്കിത്തീർക്കാം? വ്യക്തികൾ, അഭിപ്രായങ്ങൾ, ചരിത്രം, സംസ്കാരം എന്നിവ ആഘോഷിക്കാനും റദ്ദാക്കാനും സമൃദ്ധമായ സേർച്ച് എഞ്ചിനുകളുടെ കാര്യത്തിലും ഇത് പ്രസക്തമാണ്. വിവര പരിശോധനപ്രക്രിയയുടെ സുതാര്യത എങ്ങനെ നമുക്ക് ഉറപ്പിക്കാനാവും? എഴുത്തിന്റെ യഥാർത്ഥ സ്രോതസ്സും പിതൃത്വവും എങ്ങനെ കണ്ടെത്താനാവും? അജ്ഞാതനാമത്തിന്റെ രക്ഷാകവചത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന സ്രോതസ്സ് എങ്ങനെ കണ്ടെത്താം? ഒരു സംഭവത്തെക്കുറിച്ചുള്ള ചിത്രം (Image) അല്ലെങ്കിൽ വീഡിയോ (Video) യഥാർത്ഥമാണോ അല്ലെങ്കിൽ കൃത്രിമമായി സൃഷ്ടിച്ചതാണോ (Simulated) എന്ന് എങ്ങനെ വ്യക്തമാക്കാം? ഒറ്റ സ്രോതസ്സ് മാത്രമായി പരിമിതപ്പെടുത്താനുള്ള സാധ്യതയെ എങ്ങനെ നിരോധിക്കാനാവും? ഒരു അൽഗോരിതം മാത്രമുപയോഗിച്ച് ഒരു സമീപനം (രീതിശാസ്ത്രം) മാത്രം ഇവിടെ ഉപയോഗിക്കപ്പെടുന്നു. ഇതിനുപകരം , ബഹുത്വാത്മകത (Pluralism) നിലനിർത്തിക്കൊണ്ട് യാഥാർത്ഥ്യത്തിന്റെ സങ്കീർണ്ണതകളെ മുഴുവൻ ചിത്രീകരിക്കുന്ന രീതിയിൽ ഒരു അന്തരീക്ഷം എങ്ങനെ നിലനിർത്താനാവും? സാങ്കേതികവിദ്യയെ എങ്ങനെ സുസ്ഥിരമാക്കാം? (Sustainable). അത്രമേൽ ശക്തവും ഭാരിച്ച ചെലവുള്ളതും ഊർജ്ജത്തിന്റെ ഉപയോഗം ഏറിയതോതിലു മുള്ളതുമായ ഒന്നാണീ സാങ്കേതികവിദ്യയെ ന്നോർക്കണം.വി കസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽകൂടി ഇവയുടെ ലഭ്യത എങ്ങനെ നേടിയെടുക്കാം.
ഈ വിധത്തിലുള്ള ചോദ്യങ്ങൾക്കും മറ്റു ചോദ്യങ്ങൾക്കും നാം നൽകുന്ന ഉത്തരം ഏറെ പ്രസക്തമത്രേ. നിർമ്മിതബുദ്ധി പുതിയ വർഗ്ഗങ്ങളെ (new castes) അതിന്റെ ലഭ്യതയനുസരിച്ച് സൃഷ്ടിക്കുമോ? പുതിയ രീതിയിലുള്ള ചൂഷണങ്ങൾക്കും അവസരമില്ലായ്മയ്ക്കും ആസന്തുലിതാവസ്ഥയ്ക്കും നിർമ്മിതബുദ്ധി വഴിയൊരുക്കുമോ? മറിച്ച് ശരിയായ വിവരങ്ങൾ നല്കിക്കൊണ്ട് അതിന് കൂടുതലായി സമത്വം സൃഷ്ടിക്കാൻ സാധിക്കുമോ? അതിനു വേണ്ടത് നാം അനുഭവിക്കുന്ന ഐതിഹാസികമായ ഈ മാറ്റത്തെ കുറിച്ചുള്ള കൂടിയതോതിലുള്ള അവബോധമത്രേ. കൂട്ടായ്മയിലൂടെ മാത്രമേ നമ്മുടെ വിവേചന ശക്തിയെ നമുക്ക് വർദ്ധിപ്പിക്കാനും ജാഗ്രതയെ കൂടുതൽ സൂക്ഷ്മമാക്കാനും സാധിക്കുകയുള്ളൂ. അവയുടെ സാക്ഷാത്കാരത്തിന്റെ പ്രകാശത്തിൽ വേണം നാം കാര്യങ്ങളെ കാണാൻ.അല്ലെങ്കിൽ നമ്മുടെ മനുഷ്യത്വത്തിന്റെ ദിശാബോധം തന്നെ നഷ്ടപ്പെടാം. എല്ലാറ്റിനും മുമ്പ് സൃഷ്ടിക്കപ്പെട്ട ജ്ഞാനം നമുക്കു തേടാം. (നോക്കുക, പ്രഭാഷകൻ 1:4) നിർമിതബുദ്ധിയുടെ സംവിധാനങ്ങൾ മനുഷ്യത്വ സമ്പൂർണ്ണമായ ആശയവിനിമയത്തിന്റെ ശുശ്രൂഷയ്ക്കും സേവനത്തിനുമായി നമ്മെ സഹായിക്കുന്നതാണ്.
ഫ്രാൻസിസ് പാപ്പ