വിഴിഞ്ഞം : കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ കർമ്മ പദ്ധതികളൊരുക്കി അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാവുന്നു. ഇടവക കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളെയും ക്ലബ്ബുകളെയും ഏകോപിപ്പിച്ച് കൊവിഡ് പ്രതിരോധ കർമ്മസേന രൂപീകരിച്ചാണ് പ്രവര്‍ത്തനം നടത്തിവരുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടവകയുടെ നാല് പ്രവേശന പാതകളിലും ( തെന്നൂർക്കോണം, വിഴിഞ്ഞം ഹാർബർ റോഡ്, വിഴിഞ്ഞം ഹാർബർ, പഴയ പള്ളിയുടെ മുൻവശം)കോവിഡ് ചെക്ക് പോയിന്റുകൾ സ്ഥാപിച്ച് ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റെയ്സർ നൽകി കരങ്ങൾ ശുചീകരിക്കുവാവന്‍ സഹായിക്കുകയും, പുറത്ത് നിന്നും കടന്നു വരുന്ന വാഹനങ്ങളുടെ നമ്പർ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത് വിപുലമായ പങ്കാളിത്തത്തോടെ തുടരുന്നു എന്നതിലാണ് ഇടവകയുടെ വിജയ മാതൃക.
വിഴിഞ്ഞത്തെ മുഖ്യ മത്സ്യ വിപണന കേന്ദ്രമായഹാർബറിനുള്ളിൽ മത്സ്യ ലേലവും വിപണനവും കർശനമായി സാമൂഹിക അകലം പാലിച്ച് മാത്രം നടത്താനും ഇടവക നേതൃത്വം നല്‍കുന്നു. ഇതിന്‍റെ ഭാഗമായി ഇടവക കൗൺസിലും വിവിധ ശുശ്രൂഷാ സമിതികളും മത്സ്യത്തൊഴിലാളികളോടും, ലേലത്തൊഴിലാളികളോടും, ഓട്ടോത്തൊഴിലാളികളോടും, നഴ്സുമാരോടും വിവിധ ക്ലബ്ബുകളോടും ചേർന്നാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഈ പങ്കാളിത്തമാണ് വിഴിഞ്ഞം മോഡലിന്‍റെ വിജയമായി കരുതപ്പെടുന്നത്.
ഇടവകയിലെ നഴ്സുമാരെയും നഴ്സിംഗ് വിദ്യാർത്ഥികളെയും ഒരുമിച്ച് കൂട്ടിയ രൂപീകരിച്ച ഫോറം ഇടവക അൽമായ ശുശ്രൂഷയുടെ കീഴിൽ, ഭവനങ്ങൾ സന്ദർശിക്കുകയും ബോധവൽക്കരണവും നടത്തുകയും ചെയ്തു. അത്യാസന്നരായ രോഗികൾക്ക് പ്രഥമ ശുശ്രൂഷ നൽകാൻ ഫസ്റ്റ് എയ്ഡ് ടീമിനെയും രൂപീകരിച്ചിട്ടുണ്ട്.
അൽമായ ശ്രുശൂഷയുടെ കീഴിൽ രൂപീകരിച്ച കെൽസിഎ യൂണിറ്റ് കർമ്മസേനയോടൊപ്പം, ഇടവക കോവിഡ് ഹെൽപ്പ് ഡെസക്കും നടത്തുന്നു.വാക്സിനേഷൻ രജിസ്ട്രേഷൻ, സൗജന്യ ഭക്ഷണ വിതരണം, പ്രതിരോധ മരുന്ന് വിതരണം, ടെലി കൗൺസലിംഗ്, തുടങ്ങിയ നിരവധി സേവനങ്ങള്‍ ഹെൽപ്പ് ഡെസ്ക്കിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു. കേരള പോലീസ് പുറത്തിറക്കിയ റിപ്പോർട്ടിലും മാതൃകാപരമായ ഇടവക പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുണ്ട്.