മോൺ. ജോർജ് റാറ്റ്സിംഗർ (96) അന്തരിച്ചു. സ്‌ഥാനത്യാഗം ചെയ്ത ബനഡിക്റ്റ് പതിനാറാമൻ പാപ്പയുടെ ജ്യേഷ്ഠസഹോദരനാണ്. ജർമനിയിലെ റെഗെൻസ്ബർഗിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു കത്തീഡ്രൽ ക്വയർ മാസ്റ്റർ കൂടിയായിരുന്ന മോൺ. ജോർജ്. സഹോദരനെ ബനഡിക്ട് പാപ്പ സന്ദർശിച്ചതും ദിവ്യബലി അർപ്പിച്ചതും അടുത്തിടെ ശ്രദ്ധേയമായ സംഭവമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാപ്പയുടെ സന്ദർശനത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് സഹോദരന്റെ വേർപാട് എന്നതും ശ്രദ്ധേയമാകുന്നു.
ജർമ്മനിയിലേക്കുള്ള നാലു ദിവസത്തെ യാത്രയുടെ അവസാനത്തിൽ ജൂൺ 22 ന് രോഗിയായ സഹോദരനോടൊപ്പം സമയം ചെലവഴിക്കുവാനും അവസാനമായി വിടപറയുവാനും അദ്ദേഹത്തിന് സാധിച്ചത് പ്രാദേശിക സഭാനേതാക്കളും വിശ്വാസികളും ദൈവനിയോഗംപോലെ കരുതുന്നു.
1924 ജനുവരി 15 ന് ബവേറിയയിൽ ജോസഫിന്റെയും മരിയ റാറ്റ്സിംഗറിന്റെയും ആദ്യ മകനായി ജോർജ് റാറ്റ്സിംഗർ ജനിച്ചു. ആദ്യകാലങ്ങളിൽ സംഗീതത്തിൽ സ്വതസിദ്ധമായ കഴിവുകൾ പ്രകടിപ്പിച്ച അദ്ദേഹം, വയലിനും പള്ളിയിലെ ഓർഗനും വായിക്കുമായിരുന്നു. 30 വർഷത്തോളം റെഗെൻസ്ബർഗിലെ സെൻറ് പീറ്റേഴ്സ് കത്തീഡ്രലിൽ ഗായകസംഘത്തെ നയിച്ചു. 2011 ജൂൺ 29 ന് റോമിൽ വച്ചു തന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ അറുപതാം വാർഷികം സഹോദരനായ ബനഡിക്ട് പാപ്പയോടൊപ്പം അദ്ദേഹം ആഘോഷിച്ചു. ഇരുവരും 1951ലാണ് പുരോഹിതരായത്.
കടപ്പാട് : സെബാനോസ് മീഡിയ കമ്മീഷൻ