പരുത്തിയൂർ: ലഹരി ഉപഭോക്താക്കളുടെ ഇഷ്ടകേന്ദ്രമായ പൊഴിക്കരയിൽ പ്രദേശവാസികളുടെ സഹകരണത്തോടെ പരുത്തിയൂർ ഇടവക നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഒക്ടോബർ ഒന്നിനാണ് ലഹരിക്കെതിരെയുള്ള ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചത്. ആരംഭഘട്ടത്തിൽ രാത്രി ഏഴു മുതൽ പുറമെ നിന്നുള്ള വാഹനങ്ങൾ പൊഴിക്കരയിലേക്ക് കടത്തിവിടാതെ ലഹരിവിരുദ്ധ സമിതി പ്രവർത്തകർ തടഞ്ഞിരുന്നു. ഇതുമൂലം അർദ്ധരാത്രി വരെ പുറമെനിന്നും വന്ന് ലഹരി ഉപയോഗിച്ചിരുന്ന സംഘങ്ങളെ നിയന്ത്രിക്കാൻ സാധിച്ചതായും ലഹരിയുടെ സാന്നിധ്യം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതായും ബന്ധപ്പെട്ടവർ പറഞ്ഞു.
ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടമായി രാത്രി ഏഴു മുതൽ പതിനൊന്ന് മണിവരെ ലഹരി വിരുദ്ധ സമിതിയുടെ സാന്നിധ്യം ഇനിമുതൽ ഉണ്ടായിരിക്കും. പുറമെ നിന്നും വരുന്ന വാഹനങ്ങൾക്ക് മുമ്പെന്നപോലെ നിയന്ത്രണം തുടരും. അതുപോലെ ഇടവകാതിർത്തിക്കകത്തുള്ള എല്ലാ കടകളിലും ലഹരിവസ്തുക്കളുടെ വില്പന നിരോധിക്കും. പൊഴിക്കരപോലെ ഇടവകാതിർത്തിമുഴുവൻ പൊതുസഥലത്തുള്ള മദ്യപാനം/ മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം നിരോധിക്കുന്നതും രണ്ടാം ഘട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെടും. കോസ്റ്റൽ പൊലീസിന്റെ സഹായത്തോടെയാണ് ലഹരിവിരുദ്ധ പ്രവർത്തനം നടപ്പിലാക്കുന്നത്.