ആരും കാണാതെ വേദനിക്കുന്ന ഒരു മനസിന്റെ രാത്രിയിലെ കരച്ചിൽ പോലെ ലളിതമാണ് പ്രാർത്ഥന.
ശാന്തമായ ഒരു സായാഹ്നം യേശുവും ശിഷ്യന്മാരും ഗലീലി കടൽ കടക്കാൻ ഒരു വള്ളത്തിൽ കയറി. വചനം പ്രഘോഷണത്തിന്റെയും രോഗശാന്തിയുടെയും തിരക്കേറിയ പകലിനു ശേഷം ക്ഷീണിതനായ യേശു തളർന്നുറങ്ങി. പെട്ടെന്ന് ആകാശം ഇരുണ്ടു, മൂടിക്കെട്ടിയ അന്തരീക്ഷം കാണപ്പെട്ടു. ശിഷ്യന്മാർ അത് മനസ്സിലാക്കി. പർവ്വതങ്ങളിൽ കാറ്റ് വീശുകയും അവയുടെ പ്രതിഫലനം തടാകത്തിൽ വരെ കാണപ്പെടുകയും ചെയ്തത്തോടെ വള്ളത്തിനുമേലെ തിരമാലകൾ ഉയർന്നു.
പത്രോസും യാക്കോബും യോഹന്നാനും തങ്ങളുടെ ജീവിതകാലത്ത് ഈ കടലിൽ മത്സ്യംപിടിച്ചു കഴിഞ്ഞവരാണ്. കാലാവസ്‌ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റവും കൊടുങ്കാറ്റുമൊക്കെ അവർ പരിചയിച്ച കാര്യങ്ങളാണ്. എന്നാൽ ഈ കൊടുങ്കാറ്റ് തങ്ങൾക്കറിയാവുന്ന മറ്റേതിനേക്കാളും ഭയാനകമായ ഒന്നാണെന്ന് അവർ പെട്ടെന്നുതന്നെ മനസ്സിലാക്കി. ഉയർന്ന തിരമാലകളോടെ വള്ളത്തിലേക്ക് ഒഴുകുന്ന വെള്ളം ഒഴുക്കിക്കളയാൻ അവർ ശ്രമിച്ചു. സ്വയം രക്ഷിക്കാനായി അവർ വളരെയധികം പരിശ്രമിച്ചതിനാൽ യേശുവിനെ അവർ ക്ഷണനേരത്തേക്ക് മറന്നു.
വള്ളം മുങ്ങാൻ തുടങ്ങി. അവർക്ക് കൂടുതലായി ഒന്നും ചെയ്യാനില്ല. പെട്ടെന്ന് അവർ യേശുവിനെ ഓർത്തു! അവൻ എവിടെയാണ്? “കർത്താവേ!” അവർ നിലവിളിച്ചു, “കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ! ഞങ്ങൾ ഇതാ നശിക്കുന്നു! ” അവർ നിലവിളിച്ചു (മത്തായി 8:25). ഇതാണ് അവരുടെ പ്രാർത്ഥന – സഹായത്തിനുള്ള വിളി.
ശാന്തമായി യേശു എഴുന്നേറ്റു. “ശാന്തമായിരിക്കുക!” അവൻ പറഞ്ഞു. തൽക്ഷണം കൊടുങ്കാറ്റ് നിന്നു. തികഞ്ഞ ശാന്തതയിലേക്ക് തിരമാലകൾ താഴ്ന്നു. മേഘങ്ങൾ ഉരുണ്ടുമാറി. ഭയം അപ്രത്യക്ഷമായി. നക്ഷത്രങ്ങൾ വീണ്ടും മിന്നി. തങ്ങൾ എന്തിനാണ് ഭയപ്പെടുന്നതെന്ന് ശിഷ്യന്മാർ മനസ്സിലാക്കണമെന്ന് യേശു ആഗ്രഹിച്ചു. സൗമ്യമായി അവൻ ചോദിച്ചു, “അല്‍പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു?” അവന്‍ എഴുന്നേറ്റ്, കാറ്റിനെയും കടലിനെയുംശാസിച്ചു.
ജീവിതത്തിന്റെ കൊടുങ്കാറ്റുകൾ നമ്മെ ബാധിക്കുമ്പോഴെല്ലാം, നാം യേശുവിലേക്ക് തിരിയുകയും അവന്റെ സ്നേഹത്തിലും കരുതലിലും വിശ്വാസത്താൽ വിശ്രമിക്കുകയും ചെയ്യുമ്പോൾ നമുക്ക് സമാധാനവും സുരക്ഷിതത്വവും ലഭിക്കുന്നു. നമുക്ക് കൊടുങ്കാറ്റുകളെ ഒറ്റക്ക് നേരിടേണ്ട ആവശ്യമില്ല. വിശ്വാസം ജീവിതത്തിന്റെ കടലിനെ സുഗമമാക്കും.
“കർത്താവേ, എന്നെ രക്ഷിക്കേണമേ!” എന്നതു ലളിതമായ ഒരു പ്രാർത്ഥനയാണെങ്കിലും യേശു എപ്പോഴും നിങ്ങളുടെ പ്രാർത്ഥന കേൾക്കും. അതുതന്നെ ഏറ്റവും മനോഹരമായ പ്രാർത്ഥനയാണെന്ന് ഫ്രാൻസിസ് പാപ്പ വരെ സാക്ഷ്യപ്പെടുത്തുന്നു. അവന്റെ ഉത്തരം എപ്പോഴും സ്നേഹത്തിന്റെയും ജ്ഞാനത്തിന്റെയും ഉത്തരമാണ്.
പ്രേം ബൊണവഞ്ചർ