സാമൂഹ്യപ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ.സ്റ്റാൻ സ്വാമിയെ തീവ്രവാദ ബന്ധം ആരോപിച്ച് എൻ.ഐ.എ അറസ്റ്റു ചെയ്ത നടപടി പിൻവലിച്ചു അദ്ദേഹത്തെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം ഇന്നു രാവിലെ വെള്ളയമ്പലം രാജ്ഭവന് മുൻപിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഉദ്ഘാടനം തുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ റൈറ്. റവ. ഡോ. ക്രിസ്തുദാസ് നിർവ്വഹിച്ചു. സാമൂഹിക- പൊതുപ്രവർത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ആക്രമിച്ച് ജയിലിൽ അടക്കുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിൻറെ മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് വേണ്ടി ശക്തമായി നിലകൊള്ളേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കെ.സി.വൈ. എം. രൂപത ഡയറക്ടർ ഫാദർ സന്തോഷ് കുമാർ, അതിരൂപതാ പ്രസിഡൻറ് ശ്രീ ഷൈജു തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ച് സംസാരിച്ചു
കെ.സി.വൈ. എം. ന്റെ നേതൃത്വത്തിൽ ആ ദിവസം തന്നെ ഫെറോനാ ഇടവക തലങ്ങളിൽ അഞ്ചുപേരടങ്ങുന്ന പ്രതിഷേധകൂട്ടായ്മകളും സംഘടിപ്പിച്ചു. ഈ ആവശ്യം മുൻനിർത്തി പ്രധാനമന്ത്രിക്ക് ഈ-മെയിൽ വഴി പരാതി അയയ്ക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.