ബെംഗളൂരു: പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ബി.സി.ഐ. പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രെഷ്യസ്. ബുധനാഴ്ച ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നടന്ന 34-ാമത് സി.ബി.സി.ഐ. പ്ലീനറി അസംബ്ലി പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്രക്കാരുടെ ചോദ്യത്തിന്, പ്രധാനമന്ത്രിയുടെ ഓഫീസുമായി (പിഎംഒ) ചർച്ച നടത്തുകയാണെന്നും രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിട്ടുണ്ടെന്നും കർദിനാൾ ഗ്രെഷ്യസ് വ്യക്തമാക്കി. പരിശുദ്ധ പിതാവിനെ ക്ഷണിക്കാനുള്ള ഇന്ത്യൻ സഭയുടെ നിർദ്ദേശത്തോട് പ്രധാനമന്ത്രി അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രോട്ടോക്കോൾ ഇതിൽ ഉൾപ്പെടുന്നതിനാൽ സമയപരിധി നൽകാൻ കർദിനാൾ വിസമ്മതിച്ചു. എന്നിരുന്നാലും, പാപ്പാ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കർദിനാൾ ഗ്രേഷ്യസ് കഴിഞ്ഞ വർഷം സിനഡിനായി റോം സന്ദർശിച്ച സമയത്ത്, പരിശുദ്ധ പിതാവും ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ഇന്ത്യയിലെ സഭയ്ക്ക് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.
“ചെറിയ ശതമാനമേ ഉള്ളുവെങ്കിലും ഇന്ത്യയിലെ കത്തോലിക്കാ സഭ 174 രൂപതകളിലായി 200 ലധികം സജീവ ബിഷപ്പുമാരും 64 വിരമിച്ച മെത്രാൻമാരും അല്മായരും രാഷ്ട്രനിർമ്മാണത്തിൽ സജീവമായി പങ്കെടുക്കുന്നു. ”
“ആറ് കോടി കുട്ടികൾക്കും യുവാക്കൾക്കും വിദ്യാഭ്യാസം നൽകുന്ന 54,000 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് സഭ നടത്തുന്നു; 20,000 ആശുപത്രികൾ, ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ, മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുമുണ്ട്. 60,000 ത്തിലധികം പുരോഹിതരുടെ സേവനങ്ങളിലൂടെ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലെ ദരിദ്രർക്ക് സാമൂഹ്യ സേവന പ്രവർത്തനങ്ങളും സഹായങ്ങളും നൽകുന്നു. ദുരന്തസമയങ്ങളിലും ദുരന്തനിവാരണപ്രവർത്തനങ്ങളിലും ഏർപ്പെടുന്നു; 90,000 സ്ത്രീ സമർപ്പിതരുടെ സേവനങ്ങളും കാണാതെ പോകരുത്,” അദ്ദേഹം കൂട്ടിച്ചേർത്തു.