സഭയുടെ പഠനങ്ങളിൽ യാതൊരു മാറ്റവുമില്ല. പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും കരുണകാണിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആവർത്തിച്ചുള്ള നിലപാടുകളോട് ചേർന്നുപോകുന്നതാണ് സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ എന്ന് സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്.
പാപ്പയുടെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. അത് സമ്മിശ്ര പ്രതികരണങ്ങൾക്ക് ഇടയാക്കിയത് കൊണ്ടാണ് ഇങ്ങനെ ഒരു വിശദീകരണം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വവർഗാനുരാഗികൾക്ക് കുടുംബത്തിലുള്ള അവകാശമുണ്ടെന്ന് പാപ്പ പറയുന്നതിലൂടെ ഉദ്ദേശിക്കുന്നത് അവർ ജനിച്ച കുടുംബത്തെയാണ്. ലൈംഗികചായ്‌വിന്റെ പേരിൽ ഒരാളെയും കുടുംബത്തിൽ നിന്ന് പുറത്താക്കരുതെന്നു പാപ്പ പിന്നീട് പറഞ്ഞതിൽ തന്നെ ഇത് വ്യക്തമാണ്.
സ്വവർഗാനുരാഗികളായി ഒരുമിച്ചു ജീവിക്കുന്നവർക്ക് ഏതെങ്കിലും വിധത്തിലുള്ള സംരക്ഷണം കൊടുക്കണം എന്നാണ് സിവിൽ യൂണിയൻ എന്നതിലൂടെ പാപ്പ ഉദ്ദേശിക്കുന്നത്. പ്രസ്താവന പറയുന്നു. ഇത് സ്വവർഗവിവാഹം അംഗീകരിക്കാനുള്ള ആഹ്വാനമല്ല. മാത്രമല്ല, സഭ ഒരിക്കലും അത് അംഗീകരിക്കില്ല. . വിശുദ്ധ ലിഖിതത്തിന്റെയും പാരമ്പര്യത്തെയും അടിസ്ഥാനത്തിലുള്ള സഭാ പഠനങ്ങൾ വ്യക്തമാണെന്നും അതിൽ ഒരിക്കലും വെള്ളം ചേർക്കാൻ സാധിക്കില്ലെന്നും കർദിനാൾ പറയുന്നു.
സ്വവർഗ സഹവാസത്തിൽ ജീവിക്കുന്ന വ്യക്തികൾ ദുരിതത്തിലാകാൻ സാധ്യതയുണ്ടെന്ന ആശങ്ക പാപ്പ പ്രകടിപ്പിക്കുകയായിരുന്നു. അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും ഇൻഷുറൻസ്, സാമൂഹ്യസുരക്ഷ പോലുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ വേണ്ടി ഏതെങ്കിലും രീതിയിലുള്ള സിവിൽ സുരക്ഷാ അവർക്ക് ലഭ്യമാക്കണമെന്ന് പാപ്പ തന്റെ പരാമർശങ്ങളിലൂടെ ആവശ്യപ്പെടുകയായിരുന്നു.