തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന്മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. ആശുപത്രികളില്‍ കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂവെന്നും തിരുവനന്തപുരത്ത് എംപിമാരും എംഎല്‍എമാരും പങ്കെടുത്ത കോവിഡ് അവലോകനയോഗത്തിന് ശേഷം മന്ത്രി അറിയിച്ചു.
സമരങ്ങളില്‍ 10 പേരിലധികം പങ്കെടുക്കരുത്. സര്‍ക്കാര്‍ പരിപാടികളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളോടും സര്‍ക്കാര്‍ പരിപാടികളില്‍ 20 ല്‍താഴെ ആളുകളെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂവെന്ന് യോഗം ആവശ്യപ്പെട്ടു. നഗരത്തിലെയും ഗ്രാമങ്ങളിലെയും ചന്തകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ജില്ലയിലെ അതിര്‍ത്തികളില്‍ നിയന്ത്രണം കര്‍ശനമാക്കും.
ഓട്ടോ-ടാക്‌സി യാത്രക്കാര്‍ ഡ്രൈവറുടെ പേരും വണ്ടി നമ്പറും സൂക്ഷിക്കണം. ബ്രേക്ക് ദ ചെയിന്‍ ക്യാംപെയ്ന്‍ ജില്ലയില്‍ കൂടുതല്‍ ശക്തമാക്കും. മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കും. തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നാളെ വീഡിയോ കോണ്‍ഫറന്‍സ് നടത്തും. നിയന്ത്രണങ്ങള്‍ പാലിക്കാത്ത നഗരത്തിലെ കടകള്‍ അടപ്പിക്കും.
മരണ ചടങ്ങില്‍ 20 പേരിലും വിവാഹത്തില്‍ 50 പേരിലും അധികം ആളുകള്‍ പങ്കെടുക്കരുത്. മാതൃകയെന്നോണം എംപിമാരും എംഎല്‍എമാരും അത്തരം ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കും. പഞ്ചായത്ത് തലത്തില്‍ മിനിമം ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ സെന്റര്‍ എങ്കിലും തുടങ്ങാന്‍ തീരുമാനിച്ചു. പഞ്ചായത്ത് വാര്‍ഡുതല കര്‍മസമിതി ശക്തമാക്കാനും തീരുമാനിച്ചതായി മന്ത്രി കടംകപള്ളി സുരേന്ദ്രന്‍ അറിയിച്ചു