സെക്രട്ടറിയേറ്റിരിക്കുന്ന തിരുവനന്തപുരം സെൻട്രലിലെ അഭിമാന വിജയത്തിൽ എല്ലാ പ്രദേശങ്ങളിലും നിന്നുള്ള ജനങ്ങളുടെയും പാർട്ടിയുടെയും പിന്തുണലഭിച്ചുവെങ്കിലും പോൾ ചെയ്യപ്പെട്ട തീരദേശുവോട്ടുകൾ ഇക്കാര്യത്തിൽ നിർണ്ണായകമായി. ലത്തീൻ കത്തോലിക്കർക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണെങ്കിലും, സാധാര സമുദായചിന്തയെക്കാളുപരിയായി പാർട്ടിബന്ധങ്ങളാണ് തീരദേശത്തെ വോട്ടുകളുടെ ഗതി നിർണ്ണയിക്കുക. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയെ നിർണ്ണയത്തിൽ അവഗണനയാണ് സാധാരണ തീരദേശവാസികൾക്ക് ലഭിക്കുക.
മണ്ഡലത്തിലുൾപ്പെടുന്ന വേളി മുതൽ പൂന്തുറ വരെയുള്ള തീരദേശപ്രദേശങ്ങളിൽ ലത്തീൻ കത്തോലിക്കർ മഹാഭൂരിപക്ഷമാണെങ്കിലും തിരുവനന്തപുരം നഗരമേഖല എക്കാലത്തും ലത്തീൻ കത്തോലിക്കാ സ്ഥാനാർത്ഥികൾക്ക് കിട്ടാക്കനിയായിരുന്നു. ജോർജ്ജ് മേഴ്സിയർ മാത്രമാണ് തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച മറ്റൊരു ലത്തീൻ കത്തോലിക്കൻ.
കേരളം മുഴുവൻ ഉദ്വേഗത്തോടെ കാത്തിരുന്ന പ്രസ്റ്റീജ് മത്സരമായിരുന്നുവെങ്കിലും മണ്ഡലത്തിൽ ശക്തമായ വ്യക്തി ബന്ധങ്ങളുള്ള, മുൻ മന്ത്രിയും നിലവിലെ എംഎൽഎ.യുമായ വി.എസ്. ശിവകുമാറിനെതിരെ കഴിഞ്ഞ പ്രാവശ്യം പതിനായിരത്തിലേറെ വോട്ടുകൾക്ക് തോറ്റ ആന്റണി രാജു വീണ്ടുമെത്തിയപ്പോൾ പലരും പ്രതീക്ഷിച്ചത് കഴിഞ്ഞ പ്രാവശ്യത്തെ ഫലംതന്നെയായിരുന്നു. ബി.ജെ.പി. യുടെ ജി. കൃഷ്ണകുമാറെന്ന നടനും, മത്സരം വി. എസ്. ശിവകുമാറിനനുകൂലമാക്കുമെന്നു കരുതിയവർ നിരവധിയായിരുന്നു
പക്ഷേ വിണ്ടും ആന്റണി രാജുവിന് സീറ്റു നൽകിയപ്പോൾ തീരദേശവോട്ടുകളുടെയും ഉറച്ച പാർട്ടി വോട്ടുകളുടെയും പിൻബലത്തിൽ മത്സരം അനുകൂലമാക്കാമെന്ന പ്രതീക്ഷയാണ് എൽ.ഡി. എഫ്. കേന്ദ്രങ്ങൾ പങ്കുവച്ചത്. എം. എം. ഹസ്സനെന്ന അതികായനെ മലർത്തിയടിച്ച് 1996 -ിൽ മണ്ഡലം പിടിച്ചതിനു ശേഷമുള്ള എൽ. ഡി. എഫ്. ന്റെ മടങ്ങിവരവു കൂടിയായി ഈ തിരഞ്ഞെടുപ്പ്.
തീരദേശത്തെ വോട്ടുകളും, എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള നിഷ്പക്ഷ വോട്ടുകളും, പാർട്ടിവോട്ടുകളും ചേർന്നതോടെ ഇക്കുറി ആന്റണിയുടെ ഭൂരിപക്ഷം ഏഴായിരം കടന്നു. അതേസമയം പ്രതീക്ഷകളെ കവച്ചുവച്ചുകൊണ്ട് കഴിഞ്ഞതവണത്തേതിനേക്കാൾ കൂടുതൽ മുപ്പത്തയ്യായിരത്തോളം ബി.ജെ.പി. വോട്ടുകൾ കൃത്യമായി അവർക്കുതന്നെ പോൾ ചെയ്യപ്പെട്ടതും തുണയായി. തീരദേശത്തെ ജനങ്ങളുടെ പിന്തുണ കോൺഗ്രസ്സ് അനുകൂലമണ്ഡലങ്ങളിൽ പോലും ആന്റണി രാജുവിനെ തുണയ്ക്കുകയും ചെയ്തു .
നിലവിൽ കേരള ജനാധിപത്യ കോൺഗ്രസ്സിന്റെ ഏക എം. എൽ. എ.യാണ് ഇദ്ദേഹം. തിരുവനന്തപുരത്തെ പൂന്തുറയിൽ 1954-ിൽ ലൂർദ്ദമ്മ, അൽഫോൻസ് ദമ്പതികളുടെ മകനായി ജനനം. ഭാര്യ ഗ്രേസി രാജു, മക്കൾ റോഷ്നി രാജു, റോഹൻ രാജു. കേരള കോൺഗ്രസ് ജില്ല പ്രസിഡന്റായും, സംസ്ഥാന ജനറൽ സെക്രട്ടറിയായും കരകൗശലകോർപ്പറേഷൻ ചെയർമാനായും, ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് ചെയർമാനായും കേരള യൂണുവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായും സേവനം ചെയ്തിട്ടുണ്ട്.