TMC REPORTER
കോവിഡ് -19 മഹാമാരി മൂലം രാജ്യത്ത് നിലനിൽക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥയിൽ ഇന്ത്യൻ ജനതയോടു ഹൃദയംഗമമായ ഐക്യദാർഢ്യവും ആത്മീയമായ പിന്തുണയും അറിയിച്ച് ഫ്രാൻസിസ് പാപ്പ. ബോംബെ ആർച്ച് ബിഷപ്പും കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേസിയസിന് അയച്ച സന്ദേശത്തിലാണ് പാപ്പ തന്റെ പിന്തുണ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം നടന്ന കര്ദിനാള്മാരുടെ ഓൺലൈൻ യോഗത്തിൽ പാപ്പാ ഇക്കാര്യം പ്രത്യേകം സൂചിപ്പിച്ചിരുന്നു. കർദിനാൾമാരായ ഓസ്കാർ എ. റോഡ്രിഗസ് SDB, റെയ്ൻഹാർഡ് മാർക്സ്, ഷോൺ പാട്രിക് ഒമാലി, ഓസ്വാൾഡ് ഗ്രെഷ്യസ്, ഫ്രിഡോലിൻ ബേസുംഗു, പിയട്രോ പാർലിൻ, ഗുസേപ്പേ ബെർട്ടല്ലോ, കൗൺസിൽ സെക്രട്ടറി മോൺ. മാർകോ മെല്ലിനോ എന്നിവരും യോഗത്തിൽ പങ്കെടുത്തു. വത്തിക്കാനിലെ സാന്ത മർത്തയിൽ നിന്ന് പാപ്പയും ഭാഗമായി.
കൂടിക്കാഴ്ചയിൽ, ഫ്രാൻസിസ് മാർപാപ്പയുടെ അഭിവാദ്യത്തിനുശേഷം, ഓരോ മേഖലയിലും നിലവിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഓരോ കർദിനാളും സ്വന്തം പ്രദേശത്തെ സ്ഥിതി, പകർച്ചവ്യാധിയുടെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ, ആരോഗ്യ സേവനത്തിനു അനുകൂലമായുള്ള സഭയുടെ സേവനങ്ങളും പ്രതിബദ്ധതയും സാമ്പത്തിക ഉത്തേജനവും പ്രഥമപരിഗണന അർഹിക്കുന്നവർക്ക് നൽകുന്ന പിന്തുണയും. വിവരിച്ചു.
അതേസമയം കോവിഡ് മഹാമാരിയിൽ നിന്നുള്ള മോചനത്തിനായി മെയ് 7 വെള്ളിയാഴ്ച ഭാരത കത്തോലിക്കാ സഭ പ്രാർഥനാ ഉപവാസദിനമായി ആചരിക്കുകയാണ്. ഈയവസരത്തിൽ പാപ്പയുടെ കരുതലിന്റെ സന്ദേശം രാജ്യത്തെ വിശ്വാസികൾക്ക് ഉത്തേജനം നൽകുന്നതാണ് എന്നതിൽ സംശയമില്ല.
പാപ്പയുടെ സന്ദേശം ചുവടെ.
“ഈ ആരോഗ്യ അടിയന്താരവസ്ഥമൂലം അനേകർ ദുരിതമനുഭവിക്കുന്നു എന്ന് മനസിലാക്കുന്നു. നിങ്ങളോരോരുത്തരെയും എന്റെ ഐക്യദാർഢ്യവും ആത്മീയ സാമീപ്യവും അറിയിക്കുന്നു. മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും ദൈവത്തിൽ നിന്നുള്ള സൗഖ്യവും ആശ്വാസവും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും അവരെ ശുശ്രൂഷിക്കുന്നവരെയും പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിക്കുന്നവരെയും പ്രത്യേകം സ്മരിക്കുന്നു.
ഡോക്ടർമാർ, നഴ്‌സ്മാർ, ആശുപത്രി ജീവനക്കാർ, ആബുലൻസ് ഡ്രൈവർമാർ എന്നിങ്ങനെ നിരവധിപേർ തങ്ങളുടെ സഹോദരങ്ങളുടെ ജീവൻ സംരക്ഷിക്കാൻ വിശ്രമമില്ലാതെ ജോലി ചെയ്യുന്നുണ്ട്. അവരെ അഭിനന്ദിക്കുന്നതിനൊപ്പം അവരെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു. അവർക്ക് തുടർന്നും ജോലി ചെയ്യാനുള്ള ശക്തിയും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”