✍️ പ്രേം ബൊനവഞ്ചർ
തിരുവനന്തപുരം ലത്തീൻ അതിരൂപത തനിക്ക് നൽകിയ ആദരം അതിരൂപതയുടേതല്ല, മറിച്ചു ഈ സംവിധാനത്തെ രൂപപ്പെടുത്തിയ, ചരിത്ര സാമൂഹിക മാനങ്ങൾ ഉറപ്പിച്ചെടുത്ത, തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ കൂടി ആദരവാണെന്ന് കവി ഡി. അനിൽകുമാർ. ഒപ്പം തീരത്തെ ശബ്ദമായും ഇരമ്പമായും കടന്നുപോയവർക്കും ഇപ്പോൾ ആയിരിക്കുന്നവർക്കും കൂടിയുള്ളതാണ് ഈ ആദരമെന്നും അദ്ദേഹം സ്മരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ കനകശ്രീ പുരസ്‌കാര നേട്ടത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം കടൽത്തീരത്ത് നിന്നും സഭ തുറന്നു തന്ന വാതായനങ്ങളിലൂടെ, വഴികളിലൂടെ സഞ്ചരിച്ചതിന്റെ അനുഭവങ്ങൾ അദ്ദേഹം സഹൃദയരുമായി പങ്കുവച്ചു. വായനയുടെ ലോകത്തിലൂടെ വളർന്നുവന്ന കാലത്താണ് തന്റെ സ്വന്തം ഭാഷ, ദേശം, തന്റെ ചുറ്റുമുള്ള മനുഷ്യരുടെ സ്വത്വം ആവിഷ്കരിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് തോന്നി. അതാണ് കവിതകളായി മാറിയത്.
തിരുവനന്തപുരം വെള്ളയമ്പലം ടി.എസ്.എസ്.എസ്. ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് അതിരൂപതയുടെ ആദരം സമ്മാനിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സഹൃദയ സുഹൃത്തുക്കൾക്ക് അതിരൂപത മീഡിയ കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഫാ. ദീപക് ആന്റോ സ്വാഗതം ആശംസിച്ചു.
റവ. ഫാ. മെൽക്കൺ അധ്യക്ഷനായിരുന്ന അനുമോദന സമ്മേളനത്തിൽ പുരസ്‌കാര ജേതാവായ അനിൽകുമാറിനെ ഡോ. ഐറിസ് സദസ്സിനു പരിചയപ്പെടുത്തി. കവി അൻവർ അലി, ഡി. യേശുദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കവിയും സെന്റ് ജോസഫ്സ് സ്‌കൂൾ അധ്യാപകനുമായ ബർണാഡ് മൊറായിസ് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് “കടലെഴുത്തിന്റെ രാഷ്ട്രീയം” എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു.