വത്തിക്കാൻ: ക്രിസ്തീയ വിവാഹം ഒരു വിളിയാണെന്നു കണ്ടെത്താൻ യുവതീയുവാക്കളെ സഹായിക്കുകയെന്നത് ഇന്ന് അടിയന്തര പ്രാധാന്യമുള്ള ഒന്നാണെന്ന് ഫ്രാൻസിസ് പാപ്പ. വിവാഹമെന്ന കൂദാശ അതിൻറെ പൂർണ്ണതയിൽ ജീവിക്കാൻ ദമ്പതികളെ സഹായിക്കുന്ന “എക്യുപെ നോതൃ ദാം” എന്ന വൈവാഹിക ആദ്ധ്യാത്മിക അൽമായപ്രസ്ഥാനത്തിൻറെ പതിനേഴു പേരടങ്ങിയ അന്താരാഷ്ട്ര നേതൃത്വ സംഘത്തെ മേയ് 04 ശനിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു പാപ്പാ.
വിവാഹജീവതത്തിന് സംരക്ഷണമേകുയെന്നാൽ കുടുംബത്തെ മുഴുവൻ പരിപാലിക്കലാണെന്നും ദമ്പതികൾക്ക് തുണയേകുകയെന്നത് ഇന്ന് ഒരു യഥാർത്ഥ ദൗത്യമാണെന്നും പാപ്പ പറഞ്ഞു. തങ്ങൾ സ്വീകരിച്ച കൂദാശയുടെ കൃപ ലോകത്തിലേക്കു സംവഹിക്കുയും മാതാപിതാക്കളാകുകയും ചെയ്തുകൊണ്ട് സ്ത്രീയും പുരുഷനും സന്താനോൽപ്പാദന പ്രക്രിയയിൽ പൂർണ്ണമായി സ്വയം സാക്ഷാത്ക്കരിക്കുന്നതിന് ദൈവമേകുന്ന സവിശേഷ വിളിയാണ് അതെന്ന് പാപ്പാ വിശദീകരിച്ചു. ദമ്പതികൾക്ക് സഹായഹസ്തം നീട്ടുകയും വിവാഹത്തിന് സംരക്ഷണമേകുകയും ചെയ്യുകയെന്ന ദൗത്യത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ വിവാഹം ജന്മമേകുന്ന എല്ലാ ബന്ധങ്ങളെയും സംരക്ഷിക്കുകയാണ് അതെന്നു പറഞ്ഞു. ദമ്പതികൾ തമ്മിലുള്ള സ്നേഹം, മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹം, മുത്തശ്ശീമുത്തച്ഛന്മാരും കൊച്ചുമക്കളും തമ്മിലുള്ള സ്നേഹം ഇതൊക്കെ ഈ ബന്ധങ്ങൾക്ക് ഉദാഹരണമായി പാപ്പാ ചൂണ്ടികാണിച്ചു.