പുതുക്കുറിച്ചി: ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നും ഉരുത്തിരിഞ്ഞ വനിതാ ദിനം വിവിധ പരിപാടികളോടെ പുതുക്കുറിച്ചി ഫൊറോനയിൽ ആഘോഷിച്ചു. പുതുക്കുറിച്ചി പാരിഷ് ഹാളിൽ മാർച്ച് രണ്ടാം തീയതി സാമൂഹ്യ ശുശ്രൂഷയും മത്സ്യമേഖല ശുശ്രൂഷയും സംയുക്തമായി നേതൃത്വം നൽകിയ ദിനാചരണത്തിൽ ഫോറോനയിലെ വിവിധ ഇടവകകളിൽ നിന്നായി നിരവധി വനിതകൾ പങ്കെടുത്തു.
SHG ഫെഡറേഷന്റെ ഫൊറോന പ്രസിഡൻറ് ശ്രീമതി ഡോളിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ശ്രീമതി ശാന്തി സ്വാഗതവും, സാമൂഹ്യ ശുശ്രൂഷ ഫെറോന കോർഡിനേറ്റർ ഫാ. പോൾ ജി മുഖ്യപ്രഭാഷണവും മത്സ്യമേഖല ശുശ്രൂഷ കോർഡിനേറ്റർ ഫാദർ ബാബുരാജ് അനുഗ്രഹ പ്രഭാഷണവും നടത്തി. സൗത്ത് ഇന്ത്യൻ ഗോൾഡൻ ഫെയ്സ് റണ്ണറപ്പായ കുമാരി ത്രേസ്യ ലൂയിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് വ്യക്തിമുദ്ര പതിപ്പിച്ച നാലു വനിതകൾ തങ്ങളെ ജീവിതാനുഭവം വേദിയിൽ പങ്കുവച്ചത് മറ്റുള്ളവർക്ക് പ്രചോദനമേകി.
വെല്ലുവിളികൾ അതിജീവിച്ച് മാറ്റിനിർത്തലുകൾക്കെതിരെ നിശ്ചയദാർഢ്യത്തോടെ പോരാടി മോഡലിംഗ് രംഗത്ത് തിളക്കമാർന്ന നേട്ടം കൈവരിച്ച കുമാരി ത്രേസ്യ ലൂയിസിനെ പ്രസ്തുത സമ്മേളനത്തിൽ ആദരിച്ചു. വിവിധ തൊഴിൽ മേഖലകളിൽ പ്രാവിണ്യം നേടി നേട്ടങ്ങളുമായി മുന്നോട്ട് പോകുന്ന അഞ്ച് വനിതകളെയും കാർഷിക മേഖലയിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഏഥൻ ഗ്രൂപ്പിനെയും ആദരിച്ചു. തുടർന്ന് വനിതകളുടെ നേതൃത്വത്തിൽ നടന്ന കലപരിപാടികൾ ദിനാചരണ ആഘോഷങ്ങൾക്ക് മിഴിവേകി. ശ്രീമതി രാജി സിൽവസ്റ്റർ നന്ദി അർപ്പിച്ചു. FM ക്രിസ്റ്റിൽ, ജൂഡ് ഫെർണാണ്ടസ്, ആനിമേറ്റർമാരായ പ്രീജ രാജൻ, ഷൈജ എന്നിവർ ആഘോഷ പരിപടികാൾക്കാവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ അന്താരാഷ്ട്ര വനിതാദിനം എല്ലാവർഷവും മാർച്ച് 8 നാണ് ലോകം മുഴുവനും ആഘോഷിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് അന്താരാഷ്ട്ര വനിതാദിനം.