‘മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് മെമ്മോറിയൽ സ്ത്രീ പഠനകേന്ദ്രം’ എന്ന സ്ഥാപനം വനിതാ കെട്ടിടനിർമ്മാണ തൊഴിലാളികളുടെ സ്ത്രീശാക്തീകരണത്തിന്റെ കൂടെ അടയാളപ്പെടുത്തലായി, അഞ്ചുതെങ്ങ്- പൂത്തുറ ഇടവകയിൽ ഇനി തലയുയർത്തി നിൽക്കും. തങ്ങൾക്കുവേണ്ടിയുള്ള സ്വന്തം കെട്ടിടം നിർമ്മിച്ച് പൂർത്തിയാക്കിയത് സ്ത്രീകൾ തന്നെയാണെന്നതാണ് പ്രത്യേകത. അതിരൂപത സാമൂഹിക ശുശ്രുഷ സമിതിയുടെ സ്ത്രീ ശാക്തീകരണ പദ്ധതി വഴിയാണ് ഈ സംരംഭം സാക്ഷാത്കരിച്ചത്.
2021, ലെ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് ഇൻസ്പിറേഷൻ, ആർകിടെക്റ്റ് സ്ഥാപനത്തിലെ ശ്രീമതി ലത രാമൻറെ നേതൃത്വത്തിൽ കെട്ടിട നിർമാണ തൊഴിലാളികൾക്കുള്ള പരിശീലനപരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് സംഘാടകർ തങ്ങളുടെ നയം വ്യക്തമാക്കി.അതിരൂപത സാമൂഹിക ശുശ്രുഷ സമിതിയുടെയും ‘സഖി’ സംഘടനയുടെയും കൽക്കട്ട ഓൺഡോൺന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു കൂട്ടം വനിതകൾക്ക് കെട്ടിട നിർമ്മാണത്തിൽ പരിശീലനം നൽകിയായിരുന്നു നിർമാണം പൂർത്തിയാക്കിയത്. പരിശീലനപരിപാടിയുടെ വിജയത്തിന്റെ വലിയ അടയാളമായി മാറിയിരിക്കുന്നു വനിതകളുടെ നേതൃത്വത്തിൽ അതിരൂപതാദിനത്തിൽ പൂർത്തീകരിച്ച ഈ സംരംഭം.
ഈ കെട്ടിടത്തിന്റെ ഉത്ഘാടനകർമ്മം അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം പിതാവാണ് നിർവഹിച്ചത്.കെട്ടിട ഉദ്ഘാടനത്തിൽ അഞ്ചുതെങ്ങ് ഗ്രാമത്തിലെ വിവിധ ഇടവക വൈദികരും, ജനപ്രതിനിധികളും, TSSS ഡയറക്ടർ റവ. ഫാ. സാബാസ്, സി സാലി MMS, സഖി സ്ത്രീ പഠന കേന്ദ്രത്തിന്റെ പ്രവർത്തക ശ്രീമതി മേഴ്സി അലക്സാണ്ടർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. പരിപാടിയിൽ ഫെറോന വികാരി റവ. ഫാ ജസ്റ്റിൻ ജൂഡിൻ അധ്യക്ഷനായിരുന്നു.