കൊച്ചുതോപ്പ്: പുതുക്കുറിച്ചി ഫെറോനയിൽ കുടുംബപ്രേഷിത ഫെറോന സമിതിയുടെ നേതൃത്വത്തിൽ വിധവ ഫോറം രൂപീകരിച്ചു. ജനുവരി 7 ഞായറഴ്ച കൊച്ചുതോപ്പ് പാരിഷ് ഹാളിൽ നടന്ന വിധവ സംഗമത്തിലാണ് വിധാവാഫോറത്തിന്റെ രൂപീകരണം നടന്നത്. പുതുക്കുറിച്ചി ഫെറോന കുടുംബപ്രേഷിത ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ആൽബർട്ട് അദ്ധ്യക്ഷത വഹിച്ച സംഗമം രൂപത ഡയറക്ടർ ഫാ. ക്രിസ്റ്റൽ റൊസ്സാരിയോ ഉദ്ഘാടനം ചെയ്തു. ക്രിസ്തുശിഷ്യരായ നാമോരോരുത്തരും ക്രിസ്തുവിന്റെ വിളി സ്വീകരിച്ചവരാണെന്നും അങ്ങനെയെങ്കിൽ ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും ദൈവത്തോട് ചേർത്ത് വച്ചുകൊണ്ട് ദൈവവിളിക്ക് പ്രത്യുത്തരം നൽകേണ്ടവരാണെന്നും സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാ. ക്രിസ്റ്റൽ റൊസ്സാരിയോ പറഞ്ഞു.
തുടർന്ന് വിധവകൾ സമൂഹത്തിലും, കുടുംബങ്ങളിലും, അതുപോലെ ആത്മീയമായും, വ്യക്തിപരമായും നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ശ്രീ. സതീഷ് ജോർജ്ജ് ക്ലാസ്സ് നയിച്ചു. ബൈബിളിലെ യൂദിത്തിന്റെയും നവോമിയുടെയും ജീവിതം ഉദാഹരണമാക്കി നടന്ന ക്ലാസ്സിൽ യൂദിത്തിനെ പോലെ സമൂഹത്തെ രക്ഷയിലേക്ക് നയിക്കാനും നവോമിയെ പോലെ കുടുംബങ്ങളെ സംരക്ഷിക്കാനുമുള്ള ആത്മീയ ശക്തികൈവരിക്കാൻ വിധവകൾക്ക് കഴിയണമെന്ന് ക്ലാസ്സിൽ വിശദ്ദീകരിച്ചു. ഒപ്പം സർക്കാർ തലത്തിൽ വിധവകൾക്ക് ലഭ്യമാകുന്ന വിവിധ പദ്ധതികളുടെ വിശദീകരണവും നടന്നു.
സംഗമത്തോടനുബന്ധിച്ച് നടന്ന ഫോറം രൂപീകരണത്തിന്റെ ഭാഗമായി വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടന്ന ചർച്ചയിൽ സാമൂഹികമായും, കുടുംബപരമായും, അത്മീയമായും, വ്യക്തിപരമായും വിധവകൾ നേരിടുന്ന വെല്ലുവിളികൾ എന്നതായിരുന്നു വിഷയം. സമൂഹത്തിൽ നിന്നും, കുടുംബത്തിനകത്ത് മുതിർന്ന മക്കളിൽ നിന്നും നേരിടുന്ന ഗൗരവമേറിയ വിഷയങ്ങൾ അംഗങ്ങൾ പങ്കുവച്ചു. ഒപ്പം മക്കളെ വളർത്താൻ നേരിടുന്ന കഷ്ടതകളെയും എടുത്തുപറഞ്ഞു. ഫോറം രൂപീകരണവുമായി ബന്ധപ്പെട്ടുള്ള തുടർപ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ കോ-ഓർഡീനേറ്റർ ഫാ. ആല്ബർട്ട്, ആനിമേറ്റർ സിസ്റ്റർ മാർഗ്രറ്റ് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിക്കും. ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നായി എൻപതിലധികം വിധവകൾ സംഗമത്തിൽ പങ്കെടുത്തു.