വെള്ളയമ്പലം: അതിരൂപത പാസ്റ്ററൽ കൗൺസിൽ യോഗം വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. അജപാലന ശൂശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്ല്യമിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥന ശുശ്രൂഷയോടെ ആരംഭിച്ച സമ്മേളനത്തിൽ വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൻ സ്വാഗതമേകി.
സമ്മേളനം ഉദ്ഘാടനം ചെയ്ത അതിരൂപതാദ്ധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ മെത്രാപൊലീത്ത ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ഭരണഘടന മൂല്യങ്ങൾ വ്യാപകമായി ധ്വംസിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ പൊതുസമൂഹത്തിൽ സേവനം ചെയ്യുന്ന നാമോരോരുത്തർക്കും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് തന്റെ സന്ദേശത്തിൽ അഭിവന്ദ്യ മെത്രാപൊലീത്ത പറഞ്ഞു. ആദിമസഭയെ മാതൃകയാക്കി ഏവരും തങ്ങളിൽ ഭരമേല്പിച്ചിരിക്കുന്ന ദൗത്യങ്ങൾ പരിശുദ്ധാത്മ നിറവിൽ പൂർത്തീകരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2033 മഹാജൂബിലിയുടെയും അതിരൂപതയുടെ ശതാബ്ദിയുടെയും പശ്ചാത്തലത്തിൽ വരുംദിനങ്ങളിൽ അതിരൂപതയുടെ ഭാവിലക്ഷ്യങ്ങൾ കണ്ടെത്തി യാഥാർഥ്യമാക്കാൻ ലക്ഷ്യാധിഷ്ഠിത പദ്ധതി നിർവഹണ പ്രക്രീയയിൽ കാര്യക്ഷമമായി എല്ലാവരും ഇടപെടണമെന്നും മെത്രാപൊലീത്ത ആഹ്വാനം ചെയ്തു.
തുടർന്ന് റിപ്പോർട്ടവതരണത്തിന് ശേഷം, ലക്ഷ്യാധിഷ്ഠിത പദ്ധതി നിർവഹണത്തെക്കുറിച്ച് അതിരൂപത ശൂശ്രൂഷ ഡയറക്ടർ റവ. ഡോ. ലോറൻസ് കുലാസ് ക്ലാസ്സ് നയിച്ചു. കഴിഞ്ഞ പാസ്റ്ററൽ കൗൺസിലിന് ശേഷം നടന്ന പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര അവതരിപ്പിച്ചു. ജനകീയ പഠന സമിതിയുടെ പഠന റിപ്പോർട്ട്, തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ജനജാഗരം പരിപാടി എന്നിവയെ പ്രത്യേകം പരാമർശിച്ചു. ജനകീയ പഠന റിപ്പോർട്ട് നിയമസഭാ ലൈബ്രറിയിൽ ലഭ്യമാക്കാൻ ബന്ധപെട്ടവർ സമീപിച്ചിട്ടുണ്ടെന്ന കാര്യവും, മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഇപ്പോഴും രാഷ്ട്രീയതലങ്ങളിൽ ചർച്ചകൾ സജീവമാക്കാൻ ഇടപെടലുകൾ വിജയകരമായി നടക്കുന്നൂവെന്നും വികാരി ജനറൽ യോഗത്തെ അറിയിച്ചു.
പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡന്റായി ശ്രീ. ജോളിമസ്, ജോയിന്റ് സെക്രട്ടറിയായി അഡ്വ. കോൺസ്റ്റന്റൈൻ, കെ.ആർ. എൽ.സി.സി പ്രതിനിധിയായി ശ്രീ. ജയൻ എന്നിവരെ തെരഞ്ഞെടുത്തു. കെ.ആർ. എൽ.സി.സി വനിതാ ശാക്തീകരണ അവാർഡ് ലഭിച്ച ഡോ. ഐറിസ് കൊയ്‌ലോ, കായിക അവാർഡ് ലഭിച്ച ശ്രീ. ക്ലെയോഫാസ് എന്നിവരെ പാസ്റ്ററൽ കൗൺസിൽ ആദരിക്കുകയും അഭിവന്ദ്യ മെത്രാപൊലീത്ത ഉപഹാരം നൽകുകയും ചെയ്തു. തുടർന്ന് അതിരൂപതയിലെ വൈദികൻ ഫാ. യേശുദാസ് റമ്യാസ് രചിച്ച ഹീബ്രു ഭാഷാ പഠനത്തിന് സഹായിക്കുന്ന മൂന്ന് പുസ്തകങ്ങൾ അഭിവന്ദ്യ പിതാക്കന്മാർ പ്രകാശനം ചെയ്തു. സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് രചിച്ച കേന്ദ്ര സംസ്ഥാന സർക്കാർ സഹായങ്ങൾ വിവരിക്കുന്ന ‘കൈത്താങ്ങ്’ എന്ന പുസ്തകത്തിന്റെ പ്രകാശനകർമവും നടന്നു. അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ, അഭിവന്ദ്യ സൂസപാക്യം പിതാവ് എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.