നിസഹായരായ ജനങ്ങളെ അടിച്ചമർത്തി കോർപ്പറേറ്റ് മുതലാളിമാരെ വളർത്തുന്ന ഭരണസംവിധാനങ്ങളുടെ അഴിമതിക്കെതിരെ ഉയരുന്ന മത്സ്യത്തൊഴിലാളികളുടെ ശബ്ദം തീവ്രവാദത്തിന്റെയും ഭീകരതയുടെയും. യാതൊരുവിധ ലാഭവുമില്ലാതെ അദാനി കമ്പനിയെ വളർത്തുന്ന തിരക്കിലാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ. കൊളംബോ തുറമുഖത്തിന്റെ കുത്തക തകർത്ത് വിഴിഞ്ഞം തുറമുഖത്തിലൂടെ ലാഭം കൊയ്യുമെന്ന അദാനിയുടെയും സർക്കാരിന്റെയും വാദങ്ങൾ പൊളിയുന്നു. നർമ്മദയിലെ അണക്കെട്ടും ഛത്തീസ്‌ഗെഡിലെയും ജർഗണ്ഡിലെയും ഒഡിഷയിലെയും കൽക്കരി ഖനികളും തകർത്തെറിഞ്ഞ ജീവിതങ്ങളുടെ ശ്രേണിയിലാണ് വിഴിഞ്ഞവും ഇടംപിടിക്കുന്നത്.
കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ട ധാരാവിയെ സംബന്ധിച്ച വാർത്ത ഭരണ സംവിധാനങ്ങളുടെ വികസനാഭാസത്തിന്റെ നേർക്കാഴ്ചയാണ്. മുംബൈയിലെ ധാരാവി വൃത്തിയാക്കാൻ അദാനി ഗ്രൂപ്പിന് കരാർ നൽകി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ. മുംബൈയുടെ ഹൃദയഭാഗത്തുള്ള 625 ഏക്കർ ഭൂമി അദാനിയുടെ കീശയിൽ. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം വിലയുള്ള ഭൂമിയാണിത്. മൂന്ന് വർഷം മുൻപ് ഇതേ സ്ഥലം ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്ലിങ്ക്
ടെക്നോളജിസ് കോർപറേഷൻ 7500 കോടി രൂപക്ക് കരാർ വിളിച്ചിരുന്നു. അന്ന് റെയിൽവേയുടെ കുറച്ചു ഭൂമി ഏറ്റെടുക്കാനുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഈ കരാർ റദ്ദാക്കി. ഈ വർഷം വീണ്ടും നടന്ന കരാർ വിളിയിൽ അദാനി ഗ്രൂപ്പ് 5069 കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. ഇതിനിടയിൽ റെയിൽവേ ഭൂമിയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ തീർപ്പും ഉണ്ടാക്കി.
ധാരാവിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പത്തുലക്ഷത്തോളം ആളുകളെ കുടിയൊഴിപ്പിക്കുമ്പോൾ കിട്ടുന്ന ഭൂമിയിൽ നിർമ്മാണ പ്രവർത്തനം നടത്തി 10 ലക്ഷം ചതുരശ്ര അടിയോളം വിറ്റ് കാശാക്കാൻ അദാനിക്കാകും. ധാരാവിക്കായി മഹാരാഷ്ട്ര സർക്കാരും കേന്ദ്രസർക്കാരും ഒന്നിക്കുന്ന അതേ കാഴ്ചയാണ് വിഴിഞ്ഞത്തുനിന്നും കാണാനാകുന്നത്. വികസനത്തിന്റെ പേരിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും കൈകോർത്ത് പാവപ്പെട്ട തീരദേശ ജനതയെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നു.
7525 കോടി രൂപയുടേതാണ് വിഴിഞ്ഞം പദ്ധതി. ഇതിൽ കൂടുതൽ തുകയും സംസ്ഥാന സർക്കാരിന്റെ മുതൽമുടക്കാണ്. അതായത് 3436 കോടി രൂപ. അദാനി ഗ്രൂപ്പ് നിക്ഷേപിക്കുന്നത് 2454 കോടി രൂപയും, കേന്ദ്രസർക്കാർ വിഹിതമായി ലഭിക്കുന്നത് 1635 കോടി രൂപയുമാണ്. 40 വർഷം തുറമുഖം അദാനി ഗ്രൂപ്പ് നടത്തും. വേണ്ടിവന്നാൽ 20 വർഷം കൂടി നടത്തിപ്പ് അദാനി ഗ്രൂപ്പിന് നീട്ടിക്കിട്ടും. 15 വർഷം കഴിഞ്ഞാൽ മാത്രമേ ലാഭത്തിന്റെ ഒരു വിഹിതം സംസ്ഥാന സർക്കാരിന് കിട്ടിത്തുടങ്ങുകയുള്ളൂ. തീരത്തെയും തീര ജനതയെയും കടലെടുക്കുന്നതിനാണ് സർക്കാർ കൂട്ടുനിൽക്കുന്നത്.
വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ കൂടുതൽ ആഴമാർന്ന പരിസ്ഥിതി സാമൂഹിക ആഘാത പഠനങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നത് മത്സ്യത്തൊഴിലാളികൾ മാത്രമല്ല, പരിസ്ഥിതി ശാസ്ത്രത്തിൽ പരിജ്ഞാനമുള്ള വിദഗ്ധർ കൂടിയാണ്. മത്സ്യതൊഴിലാളികളുടെ ഏഴ് ആവശ്യങ്ങളിൽ ആറും അംഗീകരിച്ചെന്ന് സർക്കാർ പറയുന്നുണ്ട്. പദ്ധതി നടത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ ആവില്ലെന്നും സർക്കാർ പറയുന്നു. മത്സ്യബന്ധനത്തിന് പോകാൻ കുറഞ്ഞ വിലയ്ക്ക് മണ്ണെണ്ണ ലഭ്യമാക്കുക, കിടപ്പാടങ്ങൾ നഷ്ടപ്പെട്ടവർക്ക് താമസസൗകര്യം ഒരുക്കുക എന്ന അടിസ്ഥാന ആവശ്യങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
വാക്കുകൾ അല്ല പ്രവർത്തിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നും തീരജനത പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസം നടന്ന പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദികൾ എന്ന് മത്സ്യതൊഴിലാളികളെ മുദ്രകുത്തുന്നവരാണ് 1950ലെ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ 72-ആം വാർഷികം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ എറണാകുളത്ത് ആഘോഷിച്ചത്.